- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചൈനീസ് ചാര വിവാദത്തിന്റെ നിഴലില്‍ ആന്‍ഡ്രൂ രാജകുമാരന്‍; രാജാവ് ഒരുക്കുന്ന വിരുന്നില്‍ നിന്ന് വിട്ടു നില്ക്കും; ചാള്‍സിന് കൂടുതല്‍ തലവേദന ആകേണ്ടെന്ന നിഗമനത്തില്‍ സ്വയം തീരുമാനമെടുത്ത് മാറി നില്ക്കല്
ചൈനീസ് ചാര വിവാദത്തിന്റെ നിഴലില്‍ ആന്‍ഡ്രൂ രാജകുമാരന്‍
ലണ്ടന്‍: ചൈനീസ് ചാര വിവാദത്തിന്റെ നിഴലിലായ ആന്‍ഡ്രൂ രാജകുമാരന്‍ ഇത്തവണ രാജകുടുംബത്തിന്റെ സാന്‍ഡ്രിന്‍ഗാമിലെ ക്രിസ്ത്മസ് വിരുന്നില്‍ പങ്കെടുക്കില്ലെന്ന് മെയില്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാദച്ചുഴിയില്‍ അകപ്പെട്ട രാജകുമാരന്‍, രാജാവിന് കൂടുതല്‍ തലവേദന നല്‍കേണ്ടതില്ല എന്ന് തീരുമാനിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തന്റെ മുന്‍ ഭാര്യയും ഡച്ചസ് ഓഫ് യോര്‍ക്കുമായ സാറാ ഫെര്‍ഗുസനോടൊപ്പം, നോര്‍ഫോക്കിലെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുക്കേണ്ടെന്ന് സ്വമേധയാ തീരുമാനിക്കുകയായിരുന്നത്രെ.
ആഘോഷങ്ങള്‍ നടക്കുന്ന സമയത്ത് ഇവര്‍ ഇരുവരും റോയല്‍ ലോഡ്ജില്‍ തന്നെ ഒതുങ്ങിക്കൂടും. അതേസമയം, ഇവരുടെ മക്കളായ ബിയാട്രീസ് രാജകുമാരിയും യൂജിന്‍ രാജകുമാരിയും അവരുടെ ഭര്‍ത്താക്കന്മാരുടെ മാതാപിതാക്കള്‍ക്കൊപ്പമാണ് ക്രിസ്ത്മസ് ആഘോഷിക്കുക എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അത്തരമൊരു സാഹചര്യം ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. തന്റെ അനുജനെ വിരുന്നില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിലക്കാന്‍ ചാള്‍സ് രാജാവ് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആന്‍ഡ്രു സ്വമേധയാ മാന്യമായി പെരുമാറുമെന്നും, ചൈനീസ് ചാരനുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ വിരുന്നില്‍ നിന്നും വിട്ടു നില്‍ക്കുമെന്നുമാണ് ചാള്‍സ് ആഗ്രഹിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തവണത്തെ കുടുംബാഘോഷത്തിനു മേല്‍ വിവാദങ്ങളുടെ കരിനിഴല്‍ പതിക്കാതിരിക്കാന്‍ സാറാ ഫെര്‍ഗുസണ്‍ രക്ഷക്കെത്തുമെന്നാണ് രാജാവും രാജ്ഞിയും പ്രതീക്ഷിച്ഛത്. അപ്രകാരം തന്നെ അവര്‍ രക്ഷയ്ക്കെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെര്‍ജി എന്ന് അവര്‍ വിളിക്കുന്ന സാറ തന്റെ മുന്‍ ഭര്‍ത്താവിനെ പറഞ്ഞു മനസ്സിലാക്കുമെന്നും, വിവേകത്തോടെ പെരുമാറാന്‍ പ്രേരിപ്പിക്കുമെന്നും, സ്വകാര്യമായി രാജാവും രാജ്ഞിയും അറിയിച്ചിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചൈനീസ് ചാരനുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും കത്തി നില്‍ക്കുന്ന സാഹചര്യഥ്റ്റിലാണിത്. എലിസബത്ത് രാജ്ഞിയെ പോലെ തന്നെ, സാറയോട് ഒരു പ്രത്യേക സ്‌നേഹവും പരിഗണനയും എന്നും ചള്‍സിനും കാമിലയ്ക്കും ഉണ്ടായിരുന്നു.
വിവാഹമോചനം നേടിയതിന് ശേഷവും സാറ, ആന്‍ഡ്രുവിന്റെ കാര്യത്തില്‍ കാണിക്കുന്ന കരുതലും ആത്മാര്‍ത്ഥതയുമാണ് എലിസബത്ത് രാജ്ഞിയേപോലെ തന്നെ, ചാള്‍സ് രാജാവിന്റെയും കാമില രാജ്ഞിയുടെയും ഹൃദയത്തില്‍ ഒരിടം നേടാന്‍ സാറയെ സഹായിച്ചത്. ആന്‍ഡ്രുവിന്റെ ഒരോ ക്ലേശങ്ങളിലും അവര്‍ അദ്ദേഹത്തിന്റെ ഒപ്പം തന്നെ ഉറച്ചു നിന്നിരുന്നു. ഇപ്പോഴും ഇരുവരും ഒരുമിച്ച് തന്നെയാണ് താമസിക്കുന്നതും.
എച്ച് 6 എന്ന പേരില്‍ അറിയപ്പെട്ട ആളാണ് ബെക്കിംഗ്ഹാം പാലസില്‍ എത്തിയത്. യഥാര്‍ഥ പേര് പുറത്തുവിട്ടിട്ടില്ല. ഇയാള്‍ മുന്‍ പ്രധാനമന്ത്രിമാരായ തെരേസ മേ, ഡേവിഡ് കാമറൂണ്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ആരോപണം. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ഇളയ സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ഇയാള്‍ കൊട്ടാരത്തില്‍ കടന്നുകൂടിയത്. ദേശീയ സുരക്ഷ മുന്‍നിര്‍ത്തി യുകെയിലേക്കുള്ള ഇയാളുടെ പ്രവേശനം തടഞ്ഞതോടെയാണ് വിവരം പുറത്തുവന്നത്. 2020 ല്‍ ആന്‍ഡ്രു രാജകുമാരന്റെ പിറന്നാള്‍ ആഘോഷത്തില്‍ എച്ച് 6 ന് ക്ഷണം ഉണ്ടായിരുന്നുവെന്ന് ജൂലൈയില്‍ നടന്ന പ്രത്യേക കുടിയേറ്റ അപ്പീല്‍സ് കമ്മീഷന്‍ മുമ്പാകെയാണ് വെളിപ്പെടുത്തലുണ്ടായത്. എച്ച് 6 ഇക്കാര്യം നിഷേധിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തെങ്കിലും കമ്മീഷന്‍ തീരുമാനം ശരിവയ്ക്കുകയായിരുന്നു.
എച്ച് 6 ഒരു വ്യവസായിയാണ് അറിപ്പെടുന്നത്. യോര്‍ക്കിലെ ഡ്യൂക്കിന്റെ( ആന്‍ഡ്രു രാജകുമാരന്‍) വിശ്വാസം ഇയാള്‍ പിടിച്ചുപറ്റിയെന്നും പിന്നീട് വിവാദമായപ്പോള്‍ ഇയാളുമായുള്ള എല്ലാ ബന്ധവും ആന്‍ഡ്രു വേര്‍പ്പെടുത്തിയെന്നുമാണ് പറയുന്നത്. ഡേവിഡ് കാമറൂണ്‍ ഒരു പതിറ്റാണ്ടിലേറെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവും ആറു വര്‍ഷം പ്രധാനമന്ത്രിയുമായിരുന്നു. അദ്ദേഹം ആയിരക്കണക്കിന് പേരെ കണ്ടിട്ടുണ്ടാകുമെന്നും അതുകൊണ്ട് തന്നെ എച്ച് 6 നെ കുറിച്ച് വിവരമൊന്നും ഇല്ലെന്നുമാണ് പ്രതികരണം. തെരേസ മേയുടെ വക്താവും ആരോപണം നിഷേധിച്ചു.
ആരാണ് എച്ച് 6?
ചൈനയ്ക്കും യുകെയ്ക്കും ഇടയില്‍ സദാ സഞ്ചരിച്ചിരുന്ന ഈ 'ചാരന്‍' യുകെയെ തന്റെ രണ്ടാം വീട് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ യോര്‍ക്കിലെ ഡ്യൂക്കുമായുളള അടുപ്പം മുതലെടുത്ത് അനിശ്ചിതകാലത്തേക്ക് ബ്രിട്ടനില്‍ താമസിക്കാനുള്ള അനുമതി ഇയാള്‍ നേടിയിരുന്നു. തന്റെ ഉന്നതതലബന്ധം ഉപയോഗിച്ച് ബക്കിങ്ഹാം കൊട്ടാരത്തിലും മറ്റുരാജവസതികളിലും ക്ഷണിക്കപ്പെട്ട അതിഥിയായി ഇയാള്‍ കടന്നുകൂടി.
ഡൗണിങ് സ്ട്രീറ്റിലെ ഒരു വിരുന്നിലാണ് എച്ച് 6 ഡേവിഡ് കാമറൂണുമായി കൂടിക്കാഴ്ച നടത്തിയത്. തെരേസ മേയെയും മറ്റൊരു ഔദ്യോഗിക ചടങ്ങിലാണ് കണ്ടത്. 15 വര്‍ഷത്തിനിടെ നടന്ന രണ്ടു കൂടിക്കാഴ്ചകളുടെ ഫോട്ടോകളും ഇയാള്‍ സൂ്ക്ഷിച്ചിരുന്നു. 2023 ലാണ് ഇയാളെ ബ്രിട്ടനില്‍ നിന്ന് പുറത്താക്കിയത്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശാഖയായ യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് വകുപ്പിന്റെ പേരല്‍ രഹസ്യപ്രവര്‍ത്തനം നടത്തിയെന്ന പേരിലാണ് മുന്‍ ആഭ്യന്തര സെക്രട്ടറി സുവല്ല ബ്രാവര്‍മാന്‍ ഇയാളെ പുറത്താക്കിയത്
എച്ച്6 ന്റെ യഥാര്‍ഥ പേര് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും റിഫോം നേതാവ് നിഗല്‍ ഫരാജ് തന്റെ പാര്‍ലമെന്റിലെ പ്രത്യേക അവകാശം ഉപയോഗിച്ച് ഇയാളുടെ പേര് പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്‍ഡ്രു രാജകുമാരനാകട്ടെ ജെഫ് എപ്സ്റ്റീനുമായുള്ള ബന്ധത്തിന്റെ പേരില്‍ കുരുക്കിലായതിന് ശേഷം വീണ്ടും വിവാദത്തില്‍ പെട്ടിരിക്കുകയാണ്. ബാലപീഡകനായ എപ്സ്റ്റീന്‍ 2019 ല്‍ മരണപ്പെട്ടിരുന്നു.