- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആര്‍ടിസിക്ക് വീണ്ടും അള്ളു വെക്കുന്നു; 503 സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ക്ക് പച്ചക്കൊടി നല്കി സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി; ജനകീയ സദസ്സുകളിലുയര്ന്ന നിര്‍ദേശമെന്ന് ന്യായീകരണം; കെഎസ്ആര്‍ടിസിക്ക് റൂട്ട് അനുവദിക്കാതെ സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കിയത് ആരുടെ താല്‍പ്പര്യം?
കെഎസ്ആര്‍ടിസിക്ക് വീണ്ടും അള്ളു വെക്കുന്നു
തിരുവനന്തപുരം: നഷ്ടത്തില്‍ നിന്നും കരകയറാന്‍ മാര്‍ഗ്ഗങ്ങള്‍ തേടുന്ന കെഎസ്ആര്‍ടിസിക്ക് വീണ്ടും കനത്ത തിരിച്ചടി. ആനവണ്ടിയുടെ നട്ടെല്ലൊടുക്കുന്നു വിധത്തിലുള്ള തീരുമാനങ്ങളാണ പുറത്തുവരുന്നത്. സംസ്ഥാനത്ത് 503 സ്വകാര്യബസ് പെര്‍മിറ്റ് അനുവദിക്കാന്‍ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്.ടി.എ)തീരുമാനിച്ചു. യാത്രാക്ലേശം പരിഹരിക്കുന്നതിനായി നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിളിച്ച ജനകീയ സദസ്സുകളിലുയര്ന്ന നിര്‍ദേശമായാണ് പുതിയ പെര്‍മിറ്റുകള്‍ അനുവദിക്കുന്നത്. എന്നാല്‍, ഗതാഗത മന്ത്രിയുടെ അടക്കം ഇടപെടലാണ് ഇതിന് പിന്നിലെന്ന ്ആക്ഷേപമുണ്ട്.
ഈ റൂട്ടുകളില്‍ കെ.എസ്.ആര്.ടി.സി ബസുകള്‍ അനുവദിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനും പ്രതിസന്ധിയിലുള്ള കോര്പറേഷന് ആശ്വാസമാകാനുമിടയാകുമെന്നിരിക്കെ, അതിന് മുതിരാതെ ഗതാഗത വകുപ്പ് മുന്‍കൈയെടുത്താണ് സ്വകാര്യ പെര്‍മിറ്റുകള്‍ക്ക് വഴിതുറന്നത്. സംസ്ഥാനത്തുടനീളം 1000 ത്തോളം റൂട്ടുകള്‍ സ്വകാര്യമേഖലക്കായി നല്‍കുന്നതിന്റെ ആദ്യഘട്ടമായാണ് 503 റൂട്ടുകളിലെ വിജ്ഞാപനം.
കിലോമീറ്ററില്‍ 35 രൂപ വരുമാനം കിട്ടാത്ത സര്‍വിസുകളെല്ലാം നിര്‍ത്തലാക്കാന്‍ ഡിപ്പോകള്‍ക്ക് കെ.എസ്.ആര്.ടി.സി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ, ഗ്രാമീണ റൂട്ടുകളിലടക്കം സാമൂഹികപ്രതിബദ്ധതയുടെ പേരില്‍ നടത്തിയിരുന്ന സര്‍വിസുകളെല്ലാം നിലച്ചു. ഫലത്തില്‍ യാത്രാക്ലേശം രൂക്ഷമായി. ഇതിന്റെ മറവിലാണ് ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ചത്.
അതേസമയം റൂട്ടുകള്‍ അന്തിമമാക്കുന്നതിന്റെ ഭാഗമായി കെ.എസ്.ആര്.ടി.സി ഇന്‍സ്പെക്ടര്‍മാരെ പങ്കെടുപ്പിച്ച് ജില്ലകളില്‍ യോഗം ചേര്‍ന്നിരുന്നു. പുതിയ പെര്‍മിറ്റുകള്‍ വായിച്ചതല്ലാതെ, കെ.എസ്.ആര്.ടി.സിക്ക് ഇതിന്റെ പകര്‍പ്പ് നല്കാന് അധികൃതര്‍ തയാറായില്ല. കെ.എസ്.ആര്.ടി.സിയില്‍നിന്ന് എതിര്പ്പുയരുമെന്നത് മുന്നില്‍ കണ്ടാണ് റൂട്ടുകള്‍ രഹസ്യമാക്കി വെക്കുന്നത് എന്നാണ് അറിയിന്നത്.
എന്‍.എച്ചും എം.സിയുമടക്കം കെ.എസ്.ആര്.ടി.സിക്ക് മാത്രം സര്‍വിസ് അധികാരമുള്ള ദേശസാത്കൃത റൂട്ടുകളില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് സ്വകാര്യ ബസുകള്‍ക്ക് ഓടാന്‍ അനുവാദമുള്ളത്. കോട്ടയത്ത് ജനകീയ സദസ്സിന്റെ പേരില്‍ തയാറാക്കിയ 92 റൂട്ടുകളിലൊന്ന് കെ.എസ്.ആര്.ടി.സിക്ക് മാത്രം ഓടാന്‍ അധികാരമുള്ള നോട്ടിഫൈഡ് റൂട്ടില്‍ സ്വകാര്യ ഓപറേറ്റര്‍ക്ക് 17 കിലോമീറ്ററില്‍ കൂടുതല്‍ ഓടാന്‍ അനുവാദം നല്‍കുംവിധത്തിലാണ്.
അതേസമയം സംസ്ഥാനത്ത എല്ലാ ബസുകളിലും മാര്‍ച്ച് 31നകം കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ ഉത്തരവിട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്കൂള്‍ ബസുകള്‍ എന്നിവയ്ക്ക് ഈ ഉത്തരവ് ബാധകമാണ്. ബസിന്റെ മുന്‍വശം, പിന്‍ഭാഗം, ഉള്‍വശം കാണുന്ന രീതിയില്‍ മൂന്ന് കാമറകള്‍ സ്ഥാപിക്കണം. ഡ്രൈവര്‍ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാം കാമറയും ഘടിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. അതേസമയം ഓട്ടോറിക്ഷകളില്‍ മീറ്റര്‍ ഇടാതെയാണ് ഓടുന്നതെങ്കില്‍ യാത്രയ്ക്ക് പണം നല്‍കേണ്ട എന്ന് കാണിക്കുന്ന സ്റ്റിക്കര്‍ പതിപ്പിക്കണമെന്നും സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഉത്തരവില്‍ പറയുന്നു.
സ്വകാര്യബസുകള്‍ ഓടാന്‍ അനുമതി നല്കിയ 28,146 കിലോമീറ്റര്‍ പാതയില്‍ 617 കിലോമീറ്റര്‍ മാത്രമാണ് നിലവില്‍ ബസ് സര്‍വിസ് ഇല്ലാത്തതായുള്ളത്. മത്സരയോട്ടം ഒഴിവാക്കാന്‍ ഒരു പാതയില്‍ രണ്ട് ബസ് പെര്മിറ്റുകളാകും ആദ്യം അനുവദിക്കുക. ഒന്നിലധികം അപേക്ഷകരുണ്ടെങ്കില്‍ ലേലത്തിലൂടെ നിശ്ചയിക്കും. പുതിയ ബസുകള്‍ക്ക് മാത്രമാകും പെര്‍മിറ്റ്. ഇതാദ്യമായാണ് റൂട്ട് സര്‍ക്കാര്‍ നിര്‍ദേശിക്കുകയും ബസുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുകയും ചെയ്യുന്നത്.