ന്യൂഡല്‍ഹി: ബംഗ്ലാദേശില്‍ ഹിന്ദു യുവാവിനെ ആള്‍ക്കൂട്ടം കൂട്ടക്കൊല ചെയ്തതില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധം സംഘടിപ്പിച്ച് ഹിന്ദുത്വ സംഘടനകള്‍. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അപലപിച്ചാണ് പ്രതിഷേധിച്ചാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദള്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകര്‍ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിലേക്ക് ഇരച്ചെത്തിയത്.

പ്രവര്‍ത്തകര്‍ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതിന് പിന്നാലെ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസിന് ലാത്തിച്ചാര്‍ജ് നടത്തേണ്ടി വന്നിരുന്നു. തുടര്‍ന്നും പിരിഞ്ഞ് പോകാന്‍ തയ്യാറാകാത്ത ആള്‍ക്കൂട്ടം ഹൈക്കമ്മീഷനിലേക്ക് പ്രവേശിക്കാന്‍ ശ്രമം തുടരുകയാണ്. രണ്ടോളം ബാരിക്കേഡുകള്‍ മാറ്റിയാണ് ഇവര്‍ പൊലീസിനേയും മറികടന്ന് അകത്തേക്ക് കടക്കാന്‍ ശ്രമം നടത്തി. ഇതിനെ പോലീസ് ഏറെ പണിപ്പെട്ടാണ് നിയന്ത്രിച്ചത്.

കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലെ മൈമെന്‍സിംഗില്‍ ജനക്കൂട്ടം ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദുവിനെ ക്രൂരമായി കൊലപ്പെടുത്തിയിരുന്നു. ദീപു ദാസിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രകടനക്കാര്‍ ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി മുദ്രാവാക്യങ്ങള്‍ വിളിച്ചു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കെട്ടിടത്തിന് പുറത്ത് കര്‍ശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും സൈനികരെ വിന്യസിച്ചിരിക്കുന്നതിനാല്‍ പ്രദേശത്ത് മൂന്ന് പാളികളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഡിസംബര്‍ 19ന് ബംഗ്ലാദേശിലെ മൈമെന്‍സിംഗിലെ ബലൂക്കയിലാണ് ദൈവനിന്ദ ആരോപിച്ച് 25 വയസ്സുള്ള വസ്ത്ര ഫാക്ടറി തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ജനക്കൂട്ടം തല്ലിക്കൊന്ന ശേഷം മൃതദേഹം കത്തിച്ചത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കുറഞ്ഞത് 12 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളില്‍ ബംഗ്ലാദേശ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡല്‍ഹിയിലും സിലിഗുരിയിലും നടന്ന സംഭവങ്ങളില്‍ പ്രതിഷേധം അറിയിക്കാന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ഭീഷണികള്‍ ചൂണ്ടിക്കാട്ടി അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ബംഗ്ലാദേശ് ഇന്ത്യയോട് ആവശ്യപ്പെടുകയും ചെയ്തു.

'നയതന്ത്ര സ്ഥാപനങ്ങള്‍ക്കെതിരായ ഇത്തരം ആസൂത്രിതമായ അക്രമങ്ങളോയും ഭീഷണി നടപടികളേയും ബംഗ്ലാദേശ് അപലപിക്കുന്നു. ഇത് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ അപകടപ്പെടുത്തുക മാത്രമല്ല, പരസ്പര ബഹുമാനത്തിന്റെയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തുന്നു,' ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.