ഋഷികേശ്: പുണ്യനദിയായ ഗംഗയുടെ തീരത്തിരുന്ന് മദ്യപിച്ചത് ചോദ്യം ചെയ്ത പൊലീസിനോട് തട്ടിക്കയറി യുവതി. ഹരിയാനയിൽ നിന്നെത്തിയ ടൂറിസ്റ്റാണ് ഋഷികേശിലെ ഫൂൽ ചട്ടിയിൽ പരസ്യമായി മദ്യപിക്കുകയും തുടർന്ന് പൊലീസിനെ അധിക്ഷേപിക്കുകയും ചെയ്തത്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ടൂറിസ്റ്റുകളുടെ ധാർഷ്ട്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

പൊലീസ് ഇടപെട്ടതോടെ രോഷാകുലയായ യുവതി ഉച്ചത്തിൽ ആക്രോശിക്കുകയായിരുന്നു. "നിങ്ങളുടെയൊക്കെ ഉപജീവനം നടക്കുന്നത് ഞങ്ങളെപ്പോലെയുള്ള ടൂറിസ്റ്റുകൾ ഉള്ളതുകൊണ്ടാണ്" എന്നായിരുന്നു യുവതിയുടെ വാദം. താൻ സ്വന്തം പണം ഉപയോഗിച്ചാണ് മദ്യപിക്കുന്നതെന്നും ടൂറിസ്റ്റുകളെ പൊലീസ് അനാവശ്യമായി ലക്ഷ്യം വെക്കുകയാണെന്നും യുവതി ആരോപിച്ചു. തർക്കം രൂക്ഷമായതോടെ ഭർത്താവ് ഇടപെട്ട് യുവതിയെ നിർബന്ധപൂർവ്വം അവിടെനിന്നും മാറ്റി കൊണ്ടുപോകുകയായിരുന്നു.

ആത്മീയ കേന്ദ്രമായ ഋഷികേശിലും ഗംഗാതീരങ്ങളിലും മദ്യപാനവും മാംസാഹാരവും കർശനമായി നിരോധിച്ചിട്ടുണ്ട്. നദിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്നതിന്റെ ഭാഗമായി അധികൃതർ ഇവിടെ നിരന്തര പരിശോധനകൾ നടത്താറുണ്ട്. ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയായിരുന്നു യുവതിയുടെ പെരുമാറ്റം.

വീഡിയോ പുറത്തുവന്നതോടെ യുവതിക്കെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. "മാഡം, നിങ്ങളുടെ ടൂറിസ്റ്റ് പണം സ്വാഗതാർഹമാണ്, എന്നാൽ ഗംഗാതീരം നിങ്ങളുടെ വ്യക്തിപരമായ ബാറിലെ സ്റ്റൂളല്ല, സമാധാനത്തിനും ആത്മീയതയ്ക്കുമായി ഇവിടേക്ക് വരിക, അല്ലാതെ പുണ്യനദിയുടെ തീരത്തെ ഒരു ഹരിയാന ആഫ്റ്റർ പാർട്ടി വേദിയാക്കരുത്" എന്ന് ഒരാൾ കുറിച്ചു.

പ്രാദേശിക സംസ്കാരത്തെയും വികാരങ്ങളെയും ബഹുമാനിക്കാത്ത ഇത്തരക്കാർക്ക് എവിടെനിന്നാണ് ഇത്രയും അഹങ്കാരവും ധാർഷ്ട്യവും ലഭിക്കുന്നതെന്നും, ടൂറിസം വരുമാനം നൽകുന്നു എന്നത് എവിടെയും എന്തും ചെയ്യാനുള്ള അനുവാദമല്ലെന്നും ഉള്ള വിമർശനങ്ങളാണ് പലരും പങ്കുവെക്കുന്നത്. ടൂറിസം വരുമാനം നൽകുന്നു എന്നത് എവിടെയും എന്തും ചെയ്യാനുള്ള ലൈസൻസല്ലെന്നും, പവിത്രമായ ഇടങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കാൻ സന്ദർശകർ ബാധ്യസ്ഥരാണെന്നുമാണ് പൊതുവായ അഭിപ്രായം.