കോഴിക്കോട്: സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട പിഎസ്‌സി കോഴ ആരോപണത്തില്‍ അന്വേഷണം പുതിയ ട്വിസ്റ്റില്‍. കണ്ണൂര്‍ സ്വദേശിക്കാണു പണം നല്‍കിയതെന്നു പരാതിക്കാരന്റെ വെളിപ്പെടുത്തലോടെ അന്വേഷണം തന്നെ നിലച്ചു. പരാതിക്കാരന്റെ തന്നെ ശബ്ദസന്ദേശം പോലീസിന് കടുത്ത വെല്ലുവിളിയാണ്. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തേണ്ടി വരും.

അതിനിടെ പൊലീസിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും പരാതി നല്‍കുമെന്ന് ആരോപണത്തെ തുടര്‍ന്നു പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട പ്രമോദ് കോട്ടൂളി പറഞ്ഞു. പ്രമോദ് കൂട്ടാളിയെ അടുപ്പിക്കാന്‍ നടത്തിയ ശ്രമമൊന്നും സിപിഎമ്മിന് വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പ്രമോദ് കൂട്ടാളി പരാതിയുമായി മുമ്പോട്ട് പോയാല്‍ എന്തു സംഭവിക്കുമെന്ന ആശങ്ക സിപിഎമ്മിനുമുണ്ട്.

പിഎസ്‌സി അംഗത്വത്തിനു കോഴ വാങ്ങിയെന്ന ആരോപണം ഉയര്‍ന്നതോടെ വിഷയം നിയമസഭയില്‍ ഉന്നയിക്കപ്പെട്ടിരുന്നു. സിറ്റി പൊലീസ് കമ്മിഷണര്‍ക്കു യൂത്ത് കോണ്‍ഗ്രസ് നേതാവ് വൈശാല്‍ കല്ലാട്ട് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും ചെയ്തു. പരാതിക്കാരനെയും ഭാര്യയെയും കമ്മിഷണര്‍ ഓഫിസില്‍ വിളിപ്പിച്ചു മൊഴിയെടുത്തെങ്കിലും പണമിടപാടിനു തെളിവൊന്നുമില്ലെന്ന നിലപാട് എടുത്തു. ഇതിനിടെയാണ് കണ്ണൂര്‍ സ്വദേശിക്കു പണം നല്‍കിയെന്നു പരാതിക്കാരന്‍ വെളിപ്പെടുത്തുന്ന ശബ്ദസന്ദേശമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ടൗണ്‍ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായി പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയ നടപടിയെ കുറിച്ചു സിപിഎമ്മിന്റെ കീഴ്ഘടകങ്ങളില്‍ റിപ്പോര്‍ട്ടിങ് നടന്നിരുന്നു. ഈ റിപ്പോര്‍ട്ടിങ്ങിലാണു 'ആരോഗ്യവകുപ്പിലെ നിയമനത്തിനു കോഴ വാങ്ങിയതും റിയല്‍ എസ്റ്റേറ്റ് ഇടപാടു നടത്തി'യതുമാണു പ്രമോദിന്റെ ഭാഗത്തു നിന്നുള്ള അച്ചടക്ക ലംഘനമായി പറയുന്നത്. ഇതിനിടെയാണ് പുതിയ ആരോപണം എത്തുന്നത്.

തന്റെ ജീവനു ഭീഷണിയുള്ളതിനാല്‍ പലതും പുറത്തു പറയാന്‍ കഴിയില്ലെന്നും പരാതിക്കാരന്റെ ശബ്ദസന്ദേശത്തിലുണ്ട്. ഇത്രയും ഗുരുതരമായ ആരോപണം കൂടി പുറത്തു വന്നതോടെ അതും പൊലീസ് അന്വേഷിക്കേണ്ടി വരും. തന്നെ നേരത്തേ വിളിച്ചു മൊഴിയെടുത്തതല്ലാതെ പൊലീസിന്റെ ഭാഗത്തു നിന്നു പിന്നീട് ഒരു നടപടിയും ഉണ്ടായില്ലെന്നു വൈശാല്‍ കല്ലാട്ടില്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വന്ന സാഹചര്യത്തില്‍ തെളിവുകള്‍ പൊലീസിനു കൈമാറുന്ന കാര്യം പാര്‍ട്ടിയുമായി ആലോചിക്കുമെന്നും വൈശാല്‍ അറിയിച്ചു. വൈശാലിന്റെ നീക്കങ്ങളും നിര്‍ണ്ണായകമാണ്.

'പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കം വരുത്തുകയും അച്ചടക്കലംഘനം നടത്തുകയും' ചെയ്തതു കൊണ്ടാണു പ്രമോദിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നാണു ജില്ലാ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ഇതു വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.