- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നൂറ് മാര്‍ക്ക് ചോദ്യങ്ങളില്‍ ശരാശരി 90 എണ്ണവും ശരിയാണ്; സ്ഥിരമായി തെറ്റു വരുത്തുന്നവരെ മാറ്റി നിര്‍ത്തും'; വിചിത്രമായ വിശദീകരണവുമായി പി എസ് സി
കോഴിക്കോട: പി എസ് സി പരീക്ഷകളുടെ ചോദ്യപ്പേപ്പറുകളിലെ തെറ്റുകള്‍ സംബന്ധിച്ച് വീണ്ടും ആക്ഷേപം ഉയരുന്നതിനിടെ വിചിത്രമായ വിശദീകരണവുമായി പബ്ലിക് സര്‍വീസ് കമ്മിഷന്. ചോദ്യപ്പേപ്പറിലെ തെറ്റുകള്‍ പരീക്ഷയ്ക്കു മുന്‍പു കണ്ടെത്താന്‍ പരിമിതിയുണ്ടെന്നാണ് പി എസ് സി അധികൃതര്‍ പറയുന്നത്. തെറ്റുകള്‍ തടയാനായി ഒട്ടേറെ മാര്‍ഗനിര്‍ദേശങ്ങള്‍ ചോദ്യകര്‍ത്താക്കള്‍ക്കു മുന്‍കൂറായി നല്‍കുകയും സ്ഥിരമായി തെറ്റു വരുത്തുന്നവരെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നുണ്ടെന്നും പി എസ് സി അധികൃതര്‍ വ്യക്തമാക്കി.
വിവിധ തസ്തികകളിലേക്കുള്ള ബിരുദ പ്രിലിമിനറി പരീക്ഷയില്‍ തെറ്റിനെത്തുടര്‍ന്ന് 31 ചോദ്യങ്ങള്‍ ഒഴിവാക്കിയ വാര്‍ത്തയെക്കുറിച്ചുള്ള പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഒരു പരീക്ഷയ്ക്കു വിവിധ ചോദ്യകര്‍ത്താക്കള്‍ തയാറാക്കുന്ന ചോദ്യങ്ങള്‍ കവറില്‍ മുദ്രവച്ചു വളരെ നേരത്തേ സൂക്ഷിക്കുന്നതാണ്. ഇതില്‍ നിന്നു നറുക്കിട്ടാണു ചോദ്യം തിരഞ്ഞെടുക്കുന്നത്. കവര്‍ പരീക്ഷാ ഹാളില്‍ ഉദ്യോഗാര്‍ഥിക്കു മുന്പില് തുറക്കുമ്പോഴാണ് അകത്തെന്താണെന്ന് ഉദ്യോഗസ്ഥരും അറിയുന്നത്.
നൂറ് മാര്‍ക്കിനുള്ള ചോദ്യങ്ങളില്‍ ശരാശരി 90 എണ്ണവും ശരിയാണെന്ന വിചിത്ര വിശദീകരണവും പിഎസ്സി നല്‍കുന്നുണ്ട്. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ മത്സരിക്കുന്ന പരീക്ഷയില്‍ ഒരു മാര്‍ക്ക് പോലും നിര്‍ണായകമായിരിക്കെയാണു 10 ശതമാനം ചോദ്യങ്ങളും തെറ്റാണെന്നു പിഎസ്സി തന്നെ സമ്മതിക്കുന്നത്.
എന്നാല്‍, തെറ്റില്ലാതെ ചോദ്യപ്പേപ്പറുണ്ടാക്കാന്‍ ചോദ്യകര്‍ത്താക്കള്‍ക്കു കഴിയുന്നില്ല എന്നതാണു പ്രശ്നമെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. അടിസ്ഥാന കാര്യങ്ങള്‍ പോലും ശ്രദ്ധിക്കാതെ ചോദ്യങ്ങള്‍ തയാറാക്കുന്നതാണു പിഎസ്സിക്കു ചീത്തപ്പേരുണ്ടാക്കുന്നത്. ഇതിനെത്രയോ ഉദാഹരണങ്ങള്‍ സമീപകാല പരീക്ഷകളിലുമുണ്ട്. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ ആകെ എണ്ണമെത്ര? എന്ന ചോദ്യത്തിന് '140' എന്ന ശരിയായ ഓപ്ഷന് നല്‍കാത്ത ചോദ്യം പോലും അടുത്തിടെ വന്നു. ഇതു പിന്നീടു പിന്‍വലിച്ചു.
ശരിയായ ചോദ്യങ്ങളും തെറ്റെന്നു കരുതി പിന്‍വലിച്ച സംഭവവുമുണ്ട്. ഹയര്‍ സെക്കന്‍ഡറി വരെയുള്ള പാഠപുസ്തകങ്ങളും മറ്റും അടിസ്ഥാനമാക്കി ഹയര്‍ സെക്കന്‍ഡറി, കോളജ് അധ്യാപകര്‍ ഉള്‍പ്പടെയുള്ളവരെക്കൊണ്ടാണ് പിഎസ്സി ചോദ്യപ്പേപ്പര്‍ തയാറാക്കുന്നത്. ചോദ്യകര്‍ത്താക്കളെ നിശ്ചയിക്കാനും മുന്‍കൂര്‍ പരീക്ഷ നടത്തണമെന്നാണ് ഉദ്യോഗാര്‍ഥികളുടെ ആവശ്യം.
പി.എസ്.സി പരീക്ഷക്കുള്ള ചോദ്യപേപര്‍ തയ്യാറാക്കിയത് പി.എസ്.സി പഠന സഹായികളില്‍ നിന്നെന്ന് ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. പോളിടെക്നിക് ലെക്ചറര്‍ പരീക്ഷക്ക് നല്കിയ ചോദ്യ പേപ്പറിനെതിരെയാണ് ആരോപണം. പി.എസ്.സി ഉദ്യോഗാര്‍ഥികള്‍ ആശ്രയിക്കുന്ന പരിശീലന ആപ്പുകളില്‍ നിന്ന് നേരിട്ട് ചോദ്യം അതേപടി പകര്‍ത്തിയെന്നാണ് പരാതി.
കഴിഞ്ഞ വര്‍ഷം ജൂലൈ 25ന് പി.എസ്.സി നടത്തിയ പോളിടെക്നിക് ലെക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് പരീക്ഷ ചോദ്യ പേപ്പറിനെതിരെയാണ് പരാതി. ചോദ്യ പേപ്പറിലെ ആദ്യ ചോദ്യം തന്നെ എഡ്യുറേവ് എന്ന ആപ്പില്‍ നിന്ന് അതേപടി പകര്‍ത്തിയതെന്ന് വ്യക്തം.
ചോദ്യം മാത്രമല്ല ഓപ്ഷനായി നല്കിയ ഉത്തരങ്ങളും വിവിധ ആപ്പുകളില്‍ നല്‍കിയത് അതേപടി പകര്‍ത്തിയതാണെന്ന് പരീക്ഷക്ക് ശേഷം ചോദ്യപേപ്പര്‍ വിലയിരുത്തിയ ഉദ്യോഗാര്‍ഥികള്‍ക്ക് വ്യക്തമായി. 100 ചോദ്യങ്ങളില്‍ പകുതിയോളം പഠന സഹായികളില്‍ നിന്ന് പകര്‍ത്തിയാണ് ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചത്.