- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മദ്യത്തിന്റെ എക്‌സൈസ് തീരുവയും അഡിഷണല്‍ എക്‌സൈസ് തീരുവയും സ്‌പെഷ്യല്‍ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും ഏതാണ്ട് ഇരട്ടിയാക്കി പുതുച്ചേരി സര്‍ക്കാര്‍; ഇനി മാഹിയിലും മദ്യത്തിന് പൊള്ളും വില; കച്ചവടം കുതിച്ചുയരുമെന്ന പ്രതീക്ഷയില്‍ ബിവറേജസ്; കേരള ഖജനാവിന് 'കുടിയന്‍മാര്‍' കൂടുതല്‍ മുതല്‍കൂട്ടാകും!
കോഴിക്കോട്: മദ്യത്തിന്റെ എക്‌സൈസ് തീരുവയും അഡിഷണല്‍ എക്‌സൈസ് തീരുവയും സ്‌പെഷ്യല്‍ എക്‌സൈസ് തീരുവയും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസും ഏതാണ്ട് ഇരട്ടിയാക്കി പുതുച്ചേരി സര്‍ക്കാര്‍. പുതുച്ചേരി സര്‍ക്കാറിന്റെ ഈ നീക്കത്തെ തുടര്‍ന്ന് ഇനി മാഹിയിലും മദ്യത്തിന്റെ വില പൊള്ളും. ഈ തീരുമാനത്തിന് ലഫ്റ്റനന്റ് ഗവര്‍ണറുടെ അംഗീകാരം ലഭിച്ചാല്‍ ഉടന്‍ പ്രാബല്യത്തില്‍ വരും. പുതുച്ചേരി സര്‍ക്കാരിന്റെ ഈ തീരുമാനത്തില്‍ കേരളത്തിലെ ബിവറേജസിലെ കച്ചവടം കുതിച്ചുയരുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന സര്‍ക്കാര്‍. ബിവറേജസ് കോര്‍പ്പറേഷനിലൂടെ ഖജനാവിലേക്ക് കൂടുതല്‍ പണമെത്തുമെന്നാണ് പ്രതീക്ഷ.
ബസും ട്രെയിനും എല്ലാം പിടിച്ച് മാഹിയില്‍ എത്തി മദ്യം വാങ്ങുന്നത് ഇനി നഷ്ടമാകും. ഇങ്ങനെ ചെയ്യുമ്പോള്‍ എക്സൈസോ പോലീസോ പിടിച്ചാല്‍ പിഴയും കൊടുക്കേണ്ടി വരും. അതുകൊണ്ട് തന്നെ രണ്ടും കൂടി ചേര്‍ന്ന് കേരളത്തില്‍ നിന്നും മദ്യം വാങ്ങുന്നതിന്റെ അതേ ചിലവ് തന്നെ വരും. പിന്നെ മാഹിയില്‍ പോയി മദ്യം വാങ്ങേണ്ട കാര്യം ഇല്ല. അതുകൊണ്ട് കേരളത്തില്‍ കുടിയന്‍മാര്‍ കേരളത്തില്‍ നിന്നു വാങ്ങും. കോഴിക്കോട്, കണ്ണൂര്‍, വയനാട, മലപ്പുറം എന്നിവിടങ്ങളില്‍ വില്‍പ്പന കൂടും. മാഹി വഴി യാത്ര ചെയ്യുന്നവര്‍ മാത്രം പുതുച്ചേരി മദ്യം വാങ്ങും. അല്ലാതെ മദ്യം വാങ്ങാന്‍ വേണ്ടി മാത്രം ഇനി ആരും മാഹിയില്‍ പോകില്ല. ഇത് കേരളത്തിലെ മദ്യ കച്ചവടം കൂട്ടാന്‍ സാധ്യതയൊരുക്കും. നിലവില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ അതിര്‍ത്തി ജില്ലകളില്‍ നിന്നും മാഹിയില്‍ എത്തി മദ്യം വാങ്ങുന്നവര്‍ ഏറെയാണ്. വിലക്കുറവാണ് ഇവരെ അങ്ങോട്ടേക്ക് കൊണ്ടു പോകുന്നത്. ഇതിന് ഇനി കുറവ് വരും.
മദ്യത്തിന്റെ എക്‌സൈസ്, അഡിഷണല്‍, സ്‌പെഷ്യല്‍ തീരുവകള്‍ക്കും മദ്യശാലകളുടെ വാര്‍ഷിക ലൈസന്‍സ് ഫീസുകള്‍ക്കും വലിയ തോതില്‍ കൂട്ടുനല്‍കാന്‍ പുതുച്ചേരി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ മാഹിയില്‍ ഉള്‍പ്പെടെ മദ്യത്തിന് വില കൂടും. തീരുവ വര്‍ധനവിന്റെ ഫലമായി മാഹി, കാരൈക്കല്‍, യാനം, പുതുച്ചേരി തുടങ്ങിയ മേഖലകളില്‍ മദ്യവിലയില്‍ ഗണ്യമായ വര്‍ധനവ് സംഭവിക്കും. എത്ര വില കൂട്ടണമെന്ന് നിശ്ചയിക്കുന്നതില്‍ അന്തിമ തീരുമാനം മദ്യ കമ്പനികളും വില്‍പ്പനശാലകളും എടുക്കും. ഫലത്തില്‍ കേരളത്തിലേതിന് സമാനമായ വിലയിലേക്ക് മാഹിയിലെ മദ്യവും എത്തും. അതുകൊണ്ട് തന്നെ അവിടെ പോയി കുടിക്കുന്നതിലൂടെയുള്ള ലാഭം കുറയും. സമയ നഷ്ടം കൂടെ കണക്കിലെടുക്കുമ്പോള്‍ അരും അതിന് മുതിരാത്ത അവസ്ഥ വരും. മാഹിയില്‍ നികുതി കൂട്ടുമ്പോഴും കേരളത്തിലെ വിലയുമായി നേരിയ കുറവുണ്ടാകും. അതുവഴി പോകുന്ന മലയാളികള്‍ക്ക് അപ്പോഴും മാഹി മദ്യത്തിലെ പ്രിയം കുറയില്ല. എന്നാല്‍ അതിന് വേണ്ടി അവിടെ പോകുന്നവരുടെ എണ്ണം കുറയും.
കേരളം വലിയ പ്രതിസന്ധിയിലാണ്. മദ്യമാണ് കേരളത്തിന് കിട്ടുന്ന പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്ന്. മാഹി വിപണിയിലെ വില കൂടുതല്‍ കേരളത്തിലെ കച്ചവടം ഉയര്‍ത്തുമ്പോള്‍ ഖജനാവിനും അത് ഉണര്‍വ്വ് നല്‍കും. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് പുതുച്ചേരി എക്‌സൈസ് തീരുവ പുനഃപരിശോധിക്കുന്നത്. മദ്യത്തിന് വില കൂടുമെങ്കിലും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മദ്യവില കുറവായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതോടൊപ്പം വാഹനങ്ങളും ഭൂമികളും സംബന്ധിച്ച രജിസ്ട്രേഷന്‍ ഫീസിലും വര്‍ധനവുണ്ടാകും. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച വിവിധ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് വേണ്ടിയുള്ള വരുമാനം കണ്ടെത്തലാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
കുടുംബനാഥര്‍ക്ക് പ്രതിമാസം നല്‍കുന്ന സഹായധനം 2,500 രൂപയായി ഉയര്‍ത്തുകയും വയോജന പെന്‍ഷനില്‍ 500 രൂപ അധികം നല്‍കുകയും ചെയ്തതോടെയാണ് ബജറ്റ് ബാധ്യത വര്‍ദ്ധിച്ചത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ബസു യാത്ര അനുവദിക്കാനുള്ള തീരുമാനവുമുണ്ട്. ഇത് ഏകദേശം 350 കോടി രൂപയുടെ ബാധ്യത സൃഷ്ടിക്കുന്നതിനാല്‍ പുതിയ തീരുവ കൂട്ടിയുള്ള വരുമാന വര്‍ധനയിലൂടെ 300 കോടി രൂപ അധികം സമാഹരിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ.