ന്യൂഡല്‍ഹി: നടിയെ അക്രമിച്ച കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന ക്രോസ് വിസ്താരക്കഥ. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നുവെന്നാണ് സുപ്രീംകോടതി പള്‍സര്‍ സുനിയെ അറിയിച്ചിരിക്കുന്നത്. കേസിലെ 261-ാം സാക്ഷി ബൈജു പൗലോസ് എന്ന അന്വേഷണ ഉദ്യോഗസ്ഥനാണ്. എട്ടാം പ്രതി ദിലീപും.

പള്‍സര്‍ സുനിയുടെ വെളിപ്പെടുത്തല്‍ കണക്കിലെടുത്ത് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ വിചാരണക്കോടതിയില്‍ വിസ്തരിക്കുന്നതിന്റെ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാരിനാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയത്. ബൈജു പൗലോസിനെ 95 ദിവസമായി ക്രോസ് വിസ്താരം നടത്തുകയാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകനാണ് കോടതിയെ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് വിസ്താര രേഖകള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്.

കേസിന്റെ വിചാരണ അനന്തമായി നീണ്ടു പോകുകയാണെന്ന് പള്‍സര്‍ സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പറക്കാട് ചൂണ്ടിക്കാട്ടി. 95 ദിവസമായി കേസിലെ 261-ാം സാക്ഷിയെ എട്ടാം പ്രതിയുടെ അഭിഭാഷകന്‍ ക്രോസ് വിസ്താരം ചെയ്യുന്നുവെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇത്രയും ദിവസം ക്രോസ് വിസ്താരം നടത്തുന്നതെന്തിനെന്ന് കോടതി ആശ്ചര്യപ്പെട്ടു. തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാരിനോട് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.

പള്‍സര്‍ സുനി ഏഴ് വര്‍ഷത്തിലധികമായി ജയിലില്‍ കഴിയുകയാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹാജരാക്കുന്ന വിസ്താര രേഖകള്‍ പരിശോധിച്ച ശേഷം പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി തീരുമാനമെടുക്കും. സെപ്റ്റംബര്‍ 17-നാണ് ജാമ്യ ഹര്‍ജി ഇനി പരിഗണിക്കുക. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സുനി നല്‍കിയ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്കു നോട്ടിസ് അയച്ചിരുന്നു. ജാമ്യാപേക്ഷയില്‍ എതിര്‍പ്പറിയിച്ച് ക്രൈംബ്രാഞ്ച് മറുപടി സത്യവാങ്മൂലം നല്‍കി.

ആവര്‍ത്തിച്ച് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയതില്‍ 25000 രൂപ പിഴ ഹൈക്കോടതി വിധിച്ചിരുന്നു. ഇതിനെതിരെ പള്‍സര്‍ സുനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ച്ചയായി കോടതിയെ സമീപിക്കുന്നതിന് പള്‍സര്‍ സുനിയെ സഹായിക്കാന്‍ തിരശ്ശീലക്ക് പിന്നില്‍ ആളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

വിചാരണയുടെ അന്തിമ ഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദവും കോടതി അംഗീകരിച്ചിരുന്നു. 2017 ഫെബ്രുവരിയിലാണു കൊച്ചിയില്‍ നടി കാറില്‍ ആക്രമിക്കപ്പെട്ടത്. നെടുമ്പാശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ 2017 ഫെബ്രുവരി 23 മുതല്‍ പള്‍സര്‍ സുനി റിമാന്‍ഡിലാണ്.