കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴര വര്‍ഷത്തെ വിചാരണത്തടവിന് ശേഷം പുറത്തിറങ്ങുമ്പോള്‍ സ്വീകരിക്കാനും ആളെത്തി.. എറണാകുളം സബ്ജയിലില്‍ 4.15-ഓടെ കോടതി ഉത്തരവുമായെത്തിയാണ് ബന്ധുക്കള്‍ പള്‍സര്‍ സുനിയെ കൊണ്ടുപോയത്. ജയിലിന് പുറത്ത് പുഷ്പ വൃഷ്ടി നടത്തിയാണ് പള്‍സര്‍ സുനിയെ ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ജയ് വിളികളും ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായി. ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി ജയിലിന് പുറത്തിറങ്ങുന്നത്.

കഴിഞ്ഞദിവസം സുപ്രീം കോടതി ജാമ്യം അനുവദിച്ചതിനു ശേഷം വിചാരണക്കോടതിയിലെ നടപടിക്രമങ്ങള്‍ കഴിഞ്ഞാണ് ഇന്ന് സുനി പുറത്തിറങ്ങിയത്. കേസിലെ പ്രതിയായ ദിലീപിന് ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോള്‍ പോലും കിട്ടാത്ത സ്വീകരണമാണ് പള്‍സറിന് കിട്ടിയത്. ഇതിന് പിന്നില്‍ ഉന്നതരുടെ പങ്കുണ്ടോ എന്ന് പോലീസ് പരിശോധിക്കും. വിശദമായ അന്വേഷണം സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തുമെന്നാണ് സൂചന. കര്‍ശന ഉപാധികളോടെയാണ് പള്‍സറിന് ജാമ്യം അനുവദിച്ചത്. അങ്ങനെയുള്ള പള്‍സറിനാണ് ജയ് വിളി കോടതി മുറ്റത്ത് ഉയര്‍ന്നത്.

പള്‍സര്‍ സുനിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ജാമ്യത്തിലിറങ്ങിയാല്‍ സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നെങ്കിലും കോടതി അതംഗീകരിച്ചില്ല. അതിക്രൂരമായ രീതിയിലാണ് പള്‍സര്‍ സുനി നടിയെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളുമുണ്ട്. നടന്‍ ദിലീപിന് വേണ്ടിയാണ് ഇത് ചെയ്തതെന്ന് പള്‍സറും പറയുന്നു. അതുകൊണ്ട് തന്നെ കുറ്റകൃത്യം പ്രതി അംഗീകരിച്ചതാണ്. ഇത്തരമൊരു പ്രതിയെയാണ് വീരനെ പോലെ സ്വീകരിക്കുന്നത്. ഇത് മലയാളിക്ക് തന്നെ നാണക്കേടാണ്.

നേരത്തേ പള്‍സര്‍ സുനിയെ ഒരാഴ്ചക്കകം വിചാരണക്കോടതിയില്‍ ഹാജരാക്കി ജാമ്യത്തില്‍ വിടാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ജാമ്യ വ്യവസ്ഥ എന്താണ് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്നും കടുത്ത ജാമ്യവ്യവസ്ഥ വേണമെന്ന ആവശ്യം സംസ്ഥാന സര്‍ക്കാരിന് വിചാരണക്കോടതിക്ക് മുമ്പില്‍ ഉന്നയിക്കാമെന്നും സുപ്രീം കോടതി അറിയിച്ചിരുന്നു. അനുവാദമില്ലാതെ എറണാകുളം സെഷന്‍സ് കോടതി പരിധി വിട്ട് പോകരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നും വിചാരണക്കോടതിയുടെ ജാമ്യവ്യവസ്ഥയിലുണ്ട്.

ഒരു സിം മാത്രമേ ഉപയോഗിക്കാവൂ. നമ്പര്‍ കോടതിയെ അറിയിക്കണം. സാക്ഷികളുമായോ മറ്റു പ്രതികളുമായോ സംസാരിക്കരുതെന്നും ജാമ്യവ്യവസ്ഥയിലുണ്ട്. ഒരു ലക്ഷം രൂപ കെട്ടിവെക്കണം. രണ്ട് ആള്‍ജാമ്യത്തിലാണ് സുനി പുറത്തിറങ്ങിയത്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.

ഏഴരവര്‍ഷത്തിന് ശേഷമാണ് പള്‍സര്‍ സുനി പുറത്തിറങ്ങുന്നത്. പ്രതിയുടെ സുരക്ഷ റൂറല്‍ പോലീസ് ഉറപ്പാക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. വിചാരണ കോടതികളുടെ നടപടികളെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് സുപ്രീം കോടതി ജാമ്യമനുവദിച്ചത്. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ 87 ദിവസത്തോളമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ അഭിഭാഷകന്‍ വിസ്താരം നടത്തിയത്. എന്തുകൊണ്ടാണ് ഇത്രയും നീണ്ട വിസ്താരം നടന്നത് എന്നും ഇതെങ്ങനെ വിചാരണ കോടതി അനുവദിച്ചു എന്നും സുപ്രീം കോടതി വാദം കേള്‍ക്കലിനിടെ ചോദിച്ചു. ഇത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ദിലീപിന്റെ അഭിഭാഷകന്‍ 87 ദിവസത്തോളം ബൈജു പൗലോസിനെ വിസ്താരം നടത്തുന്നത് ഒരു ഘട്ടത്തില്‍ പോലും സര്‍ക്കാര്‍ തടഞ്ഞില്ലെന്നും പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ പള്‍സര്‍ സുനിക്ക് ഒരു കാരണവശാലും ജാമ്യം നല്‍കരുതെന്നും ജാമ്യത്തിലിറങ്ങിയാല്‍ സമൂഹത്തിനുതന്നെ ഭീഷണിയാകുമെന്നും സുപ്രീംകോടതിയില്‍ അറിയിച്ചെങ്കിലും കോടതി അതംഗീകരിച്ചില്ല.