- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയപ്പോള് പുതിയ പേരുകിട്ടി; കൗമാരത്തിലേ ലഹരി, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ പ്രതിയായി; ക്രിമിനല്‍ പശ്ചാത്തലം ഉണ്ടങ്കിലും സിനിമാക്കാര്‍ക്കിടയില്‍ സുനിക്കുട്ടനായി; ക്രിമിനല്‍ ഭൂതകാലത്തിലും കൂട്ടബലാത്സംഗ കേസില്‍ കുറഞ്ഞ ശിക്ഷ വിധിച്ചത് പ്രായവും കുടുംബ പശ്ചാത്തലവും കണക്കിലെടുത്ത്
പള്‍സര്‍ ബൈക്കുകള്‍ മോഷ്ടിക്കുന്നത് ഹരമാക്കിയപ്പോള് പുതിയ പേരുകിട്ടി
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കോടതി ശിക്ഷവിധിക്കുമ്പോള്‍ കേസിലെ ഒന്നാം പ്രതിക്ക് ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്ന് കരുതിയവര്‍ ഏറെയാണ്. പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതും ഇക്കാര്യമായിരുന്നു. എന്നാല്‍, വിധി 20 വര്‍ഷമായി ഒതുങ്ങിയപ്പോള്‍ മതിയായ ശിക്ഷ ലഭിച്ചില്ലെന്ന വികാരം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. പള്‍സര്‍ സുനിയുടെ ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ കോടതി പരിഗണിച്ചില്ലേ എന്ന ചോദ്യമാണ് ഉയരുന്നത്.
സിനിമാ ലോകത്തേക്ക് വരുന്നതിന് മുമ്പ് മോഷണത്തിന്റെയും പിടിച്ചു പറിയുടെയു അടക്കം പശ്ചാത്തലം സുനിക്ക് ഉണ്ടായിരുന്നു. സിനിമാക്കാര്‍ക്കിടയിലെ സുനിക്കുട്ടന്‍, അടുപ്പക്കാരുടെ സുനി, പൊതുജന മധ്യത്തിലെ പള്‍സര്‍ സുനി ഇങ്ങനെ പല പേരുകള്‍ ഉണ്ടായിരുന്നു പള്‍സര്‍ സുനിക്ക്. സുനിയുടെ ക്രിമിനല്‍ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ് പള്‍സര്‍ എന്ന വിളിപ്പേരും. ചെറുപ്പത്തിലേ ബജാജ് പള്‍സര്‍ ബൈക്കുകളോട് വലിയ താത്പര്യം കാണിച്ചിരുന്ന സുനി, മോഷ്ടിച്ച ബൈക്കുകളില്‍ മിക്കതും പള്‍സറായിരുന്നു. മറ്റു പല മോഷണങ്ങള്‍ക്കായി ആശ്രയിച്ചതും പള്‍സര്‍തന്നെ. അങ്ങനെയാണ് സുനി, പള്‍സര്‍ സുനിയാവുന്നത്. പോലീസുകാര്‍ക്കിടയിലടക്കം പെട്ടെന്ന് തിരിച്ചറിയാനായി ഈ പേരാണ് വ്യാപകമായി ഉപയോഗിച്ചത്.
പത്താംക്ലാസില്‍ പഠിച്ചപ്പോള്‍ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിനെ പ്രതിയാണ് ആദ്യമായി പള്‍സര്‍ സുനി എന്ന ഇരട്ടപ്പേരു വീണതെന്ന് പിതാവ് ഒരിക്കല്‍ പറഞ്ഞിരുന്നു. ചെറുപ്പംതൊട്ടേ വീട്ടില്‍നിന്ന് അകന്നുനിന്ന സുനില്‍, സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍പോലും എത്തിയിരുന്നില്ലെന്നാണ് പറയപ്പെടുന്നത്. കൗമാരത്തിലേ ലഹരി, മോഷണം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ക്വട്ടേഷന്‍, കുഴല്‍പണം എന്നിങ്ങനെ പല കേസുകളില്‍ പ്രതിയായിരുന്നു. കോടനാട് പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിലും ഇയാളുടെ പേരുണ്ട്. പക്ഷേ, അപ്പോഴും സെറ്റിലെ സൗമ്യനായ ഡ്രൈവറായിട്ടാണ് സുനിയെ പലര്‍ക്കും പരിചയം. എന്നാല്‍ നടിയെ ആക്രമിക്കാനുള്ള ക്വട്ടേഷനെടുത്ത സുനില്‍, സിനിമാ സെറ്റുകളില്‍ കയറിപ്പറ്റി മനഃപൂര്‍വം സൗമ്യതയുടെ മൂടുപടമണിയുകയായിരുന്നു.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ഐമുറി നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍-ശോഭന ദമ്പതിമാരുടെ മകനാണ് സുനി. കുറ്റകൃത്യങ്ങള്‍ക്കിടയിലും നടന്‍ മുകേഷ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചു. അതിനാല്‍ത്തന്നെ 46-ാം കേസിലെ 46-ാം സാക്ഷിയാണ് മുകേഷ്. സുനി പ്രശ്നക്കാരനാണെന്ന് തിരിച്ചറിഞ്ഞതോടെ ജോലിയില്‍നിന്ന് ഒഴിവാക്കിയെന്നാണ് മുകേഷ് മൊഴിനല്‍കിയത്.
2017-ല്‍ സംഭവിച്ചത്
സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കായി നടിയെ തൃശ്ശൂരിലെ വീട്ടില്‍നിന്ന് എറണാകുളത്തെത്തിക്കണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മനോജ് കാരന്തൂര്‍ നിര്‍ദേശിച്ചത് പ്രകാരം മാര്‍ട്ടിനായിരുന്നു കൊണ്ടുവരാനുള്ള ആ ചുമതല. നടിയെ അപായപ്പെടുത്താന്‍ മാസങ്ങളായി തക്കംപാര്‍ത്തിരുന്ന പള്‍സര്‍ സുനി ഈ അവസരം മുതലെടുക്കാന്‍തന്നെ തീരുമാനിച്ചു. മാര്‍ട്ടിനുമായി കൂട്ടുചേര്‍ന്ന്, പദ്ധതി തയ്യാറാക്കി. അങ്ങനെ മാര്‍ട്ടിന്‍ നടിയെയുമായി കാറില്‍ എറണാകുളത്തേക്ക്...
അങ്കമാലിക്കടുത്ത് അത്താണിയില്‍വെച്ച് നടി സഞ്ചരിച്ച കാറിന് പിന്നില്‍ ഒരു ട്രാവലറിടിച്ചു. പിന്നാലെ, ട്രാവലറിലെത്തിയ പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ഒരു സംഘം നടിയെ തട്ടിക്കൊണ്ടുപോയി. രണ്ടുമണിക്കൂറോളം നടിയേയുംകൊണ്ട് സംഘം കൊച്ചി നഗരത്തിലൂടെ സഞ്ചരിച്ചു. ഇതിനിടെ, നടിയെ ലൈംഗികമായി ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി. അതിക്രമത്തിന് ശേഷം നടിയെ സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ എത്തിച്ചു. നടി ലാലിനോട് സംഭവിച്ച കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. നിര്‍മാതാവ് ആന്റോ ജോസഫിന്റേയും പി.ടി. തോമസിന്റേയും ലാലിന്റേയും സഹായത്താല്‍ നടി പോലീസില്‍ പരാതി നല്‍കി. ഇത് പിന്നീട് നടന്‍ ദിലീപിലേക്കടക്കം എത്തുന്ന വിധം, കേരളത്തില്‍ കോളിളക്കം സൃഷ്ടിച്ച കേസായി മാറി.
നടിയെ ആക്രമിക്കാന്‍ സുനി പലവട്ടം ശ്രമം നടത്തിയിരുന്നതായാണ് വിവരങ്ങള്‍. നടിയുടെ ഡ്രൈവറാവാന്‍ പല ലൊക്കേഷനുകളില്‍വെച്ചും ശ്രമം നടത്തിയെങ്കിലും നടന്നില്ല. ഇതിനിടെ നടി അന്യഭാഷാ ചിത്രങ്ങളിലേക്ക് പോയി. ഗോവയില്‍വെച്ചടക്കം നടിയെ വീണ്ടും അപായപ്പെടുത്താന്‍ സുനി ശ്രമിച്ചു. പിന്നീട് തിരികെ കേരളത്തിലെത്തിയതോടെയാണ് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഗോവയില്‍ എയര്‍പോട്ടില്‍നിന്ന് നടിയെ ഹോട്ടലിലെത്തിച്ചിരുന്നത് സുനിയാണ്. അതിനാല്‍ മാര്‍ട്ടിന് പകരക്കാരനായി സുനി ഡ്രൈവറായി കാറില്‍ കയറിയപ്പോഴും നടിക്ക് അസ്വാഭാവികമായി ഒന്നും തോന്നിയില്ല.
കേസില്‍ പിന്നീട് സുനി ഒന്നാം പ്രതിയായി. പിന്നീട് നടന്ന അന്വേഷണത്തില്‍ നടന്‍ ദിലീപ് ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്നതിന്റെ പേരില്‍ എട്ടാം പ്രതിയായി ചേര്‍ക്കപ്പെട്ടു (കഴിഞ്ഞദിവസം ദിലീപിനെ കോടതി വെറുതേ വിട്ടു). സംഭവത്തിനുശേഷം ഒളിവിലായിരുന്ന സുനി കോടതിയില്‍ കീഴടങ്ങാനെത്തിയ നേരം നാടകീയമായി അറസ്റ്റ് ചെയ്യപ്പെട്ടു.
സുപ്രീംകോടതിയില്‍ പോയി നേടിയ ജാമ്യം
എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം സുനിയും മറ്റു അഞ്ച് പ്രതികളും കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഗൂഢാലോചന ഉള്‍പ്പെടെയുല്ള വകുപ്പുകള്‍ പ്രകാരം കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ഓരോരുത്തര്‍ക്കും 20 വര്‍ഷംവീതം തടവുശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനിടെ 2024-ല്‍ സുനിക്ക് സുപ്രീംകോടതി കര്‍ശന വ്യവസ്ഥകളോടെ ജാമ്യം നല്‍കിയിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷം വിചാരണ തടവ് അനുഭവിച്ച പള്‍സര്‍ സുനി ജാമ്യത്തിലിറങ്ങിയിട്ടും മാറ്റമുണ്ടായിരുന്നില്ല. പെരുമ്പാവൂര്‍ കുറുപ്പും പടിയിലെ ഹോട്ടലില്‍ അക്രമം അഴിച്ചുവിട്ട സംഭവത്തിലാണ് ഇയാള്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് കേസെടുത്തത്.
നടിയെ ആക്രമിച്ച കേസില്‍ കുറ്റങ്ങളെല്ലാം തെളിഞ്ഞിട്ടും കൂട്ട ബലാത്സംഗ കേസില്‍ ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പള്‍സര്‍ സുനിക്ക് കൊടുത്തത്. മുന്‍കാല കുറ്റകൃത്യങ്ങള്‍ പോലും പള്‍സര്‍ സുനിക്കെതിരായ ശിക്ഷാവിധിയില്‍ കോടതി പരിഗണിച്ചില്ലേയെന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. ഈ ക്രിമിനല്‍ പശ്ചാത്തലം ചൂണ്ടിക്കാട്ടുന്നതില്‍ പ്രോസിക്യൂഷന് വീഴ്ച്ച സംഭവിച്ചോ എന്ന ചോദ്യവും ഉയരുന്നുണ്ട്.
പ്രായവും കുടുംബ പശ്ചാത്തലവുമാണ് കുറഞ്ഞ ശിക്ഷ വിധിച്ചതിന് വിശദീകരണമായി കോടതി വ്യക്തമാക്കിയത്. വിചാരണ തടവ് ഏഴര വര്‍ഷം പൂര്‍ത്തിയാക്കിയതിനാല്‍ അവശേഷിക്കുന്ന 13 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നതും പള്‍സര്‍ സുനിക്ക് ആശ്വാസകരമാണ്. കേസില്‍ ശിക്ഷിക്കപ്പെട്ടവരില്‍ ആദ്യം ജയില്‍ശിക്ഷ പൂര്‍ത്തിയാക്കുന്നതും ഇയാളായിരിക്കും.




