- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോട്ടലിലെ അതിക്രമ കേസില്‍ പള്‍സറിന് സ്റ്റേഷന്‍ ജാമ്യം നല്കാന് ഉന്നത ഇടപെടല്‍; നടിയെ ആക്രമിച്ച കേസിലെ ജാമ്യം തള്ളി പോകുമോ എന്ന ഭയത്തില്‍ അണിയറയില്‍ ചടുല നീക്കങ്ങള്‍; പള്‍സറിനെ കണ്ണടച്ചു വിട്ടാല്‍ വിഷയം കോടതിയില്‍ എത്തിക്കാന്‍ അതിജീവിത; രായമംഗലത്തെ അതിക്രമത്തിന് പള്‍സറിന് കരുത്താകുന്നത് എന്ത്?
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തില്‍ കഴിയുന്ന പ്രതി പള്‍സര്‍ സുനിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം രായമംഗലത്ത് ഹോട്ടലില്‍ അതിക്രമം നടത്തിയെന്ന കേസിലാണ് കുറുപ്പുംപടി പൊലീസ് സുനിയെ വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. നടിയെ ആക്രമിച്ച കേസിലെ ജാമ്യ വ്യവസ്ഥയും സുനി ലംഘിച്ചുവെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പോലീസ് ശക്തമായ നടപടികളിലേക്ക് കടക്കും. പക്ഷേ പള്‍സറിനെ രക്ഷിച്ചെടുക്കാന്‍ ചില വിഐപികള്‍ ഉന്നത ഇടപെടല്‍ നടത്തുന്നുണ്ട്.
ഹോട്ടലിലെ ഭക്ഷണം വൈകിയതിന് ഭീഷണി മുഴക്കിയെന്നും സാധനങ്ങള്‍ തല്ലി തകര്‍ത്തുവെന്നുമായിരുന്നു സുനിക്കെതിരെയുളള പരാതി. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുമെന്നും സൂചനകളുണ്ട്. അങ്ങനെ വന്നാല്‍ ജാമ്യ വ്യവസ്ഥാ ലംഘനം കോടതിയ്ക്ക് മുന്നിലേക്ക് അതിജീവിത എത്തിക്കും. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ പള്‍സര്‍ സുനി തെറി വിളിക്കുകയും ഭക്ഷണം വൈകിയതിന് ഹോട്ടലിലെ ഗ്ലാസുകള്‍ തകര്‍ത്തെന്നും എഫ്‌ഐആറിലുണ്ട്. സാധാരണ ഗതിയില്‍ കോടതി ജാമ്യത്തില്‍ പുറത്തുള്ള ഒരാള്‍ കുറ്റകൃത്യങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല. അതിനിടെ സമാന കുറ്റകൃത്യമല്ലിതെന്ന വാദം ചില കേന്ദ്രങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പള്‍സറിന് സ്റ്റേഷന്‍ ജാമ്യം കിട്ടാന്‍ വേണ്ടിയാണ് ഇത്.
സിനിമയിലെ വെറും ഡ്രൈവറാണ് പള്‍സര്‍. സുപ്രീംകോടതിയില്‍ പോയി പള്‍സറിന് ജാമ്യം കിട്ടാന്‍ വേണ്ടി കോടികളുടെ ചെലവുണ്ടായി. പുറത്തു വന്ന പള്‍സര്‍ ആഡംബര ജീവിതമാണ് നയിക്കുന്നത്. ഇതിനെല്ലാം ആരാണ് സഹായം നല്‍കുന്നതെന്ന ചോദ്യം സജീവമാണ്. ഇതിനിടെയാണ് വീണ്ടും അതിക്രമം കാട്ടാനുള്ള ധൈര്യവും പള്‍സറിന് കൈവന്നത്. വലിയൊരു വിഐപി പള്‍സറിന് പിന്തുണയുമായി ഉണ്ടെന്നതിന് തെളിവാണ് ഇതെല്ലാം.
നടിയെ ആക്രമിച്ച കേസില്‍ ഏഴര വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് സുനി പുറത്തിറങ്ങിയത്. ഇതിനിടെയാണ് വീണ്ടും കേസില്‍ പെട്ടിരിക്കുന്നത്. എറണാകുളം ജില്ല വിട്ട് പോകാന്‍ പാടില്ല, സാക്ഷികളെ സ്വാധീനിക്കരുത്, മാദ്ധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിം മാത്രമേ ഉപയോഗിക്കാവൂ, പ്രതികളെയോ സാക്ഷികളെയോ ബന്ധപ്പെടരുത് എന്നീ ഉപാധികളാണ് കോടതി മുന്നോട്ടു വച്ചിരുന്നത്. ഇതിനുപുറമെ രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവയ്ക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.
സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. ജീവനക്കാരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനും തെറി വിളിച്ചതിനും കുറുപ്പുംപടി പൊലീസാണ് പുതിയ കേസെടുത്തത്. ഭക്ഷണം വൈകിയതിനാണ് ഹോട്ടലിലെ ചില്ല് ഗ്ലാസുകള്‍ സുനി തകര്‍ത്തെന്നും എഫ്ഐആറിലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന ജാമ്യ വ്യവസ്ഥകളോടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെയാണ് സുനി വീണ്ടും കേസില്‍ പ്രതിയാകുന്നത്.
ഹോട്ടല്‍ ഡേവിഡസ് ലാഡര്‍ ഹോട്ടലിലായിരുന്നു അതിക്രമം. സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ ജീവനക്കാരെ കൊല്ലുമെന്ന് അടക്കം സുനി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. പള്‍സര്‍ സുനി മാത്രമാണ് എഫ് ഐ ആര്‍ പ്രകാരം കേസിലെ പ്രതി. 250 രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും എഫ് ഐ ആറില്‍ പറയുന്നു. രായമംഗലത്ത് കുറുപ്പുംപടി കരയില്‍ അകനാട് റോഡിലാണ് ഡേവിഡസ് ലാഡര്‍ എന്ന ഹോട്ടല്‍. ഹോട്ടലിലെത്തിയ സുനിയുടെ ഭക്ഷണ ഓര്‍ഡര്‍ എടുക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു അതിക്രമം. ഓര്‍ഡര്‍ എടുക്കാന്‍ വൈകിയതിന് പരാതിക്കാരനെ ബില്‍ കൗണ്ടറില്‍ വന്ന് തെറി വിളിച്ചു.
അതിന് ശേഷം ഓര്‍ഡര്‍ എടുക്കാന്‍ വന്ന സപ്ലയറെ ചീത്ത വിളിച്ചു. ഗ്ലാസ് എറിഞ്ഞുടച്ചു. ഹോട്ടലില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ജീവനക്കാരോട് സിസിടിവി ഇല്ലാത്ത ഭാഗത്തേക്ക് വന്നാല്‍ നിന്നെയൊക്കെ ശരിയാക്കി തരാമെന്ന് പറഞ്ഞ് വധ ഭീഷണി പെടുത്തിയെന്നും ആരോപണമുണ്ട്.