- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചേലക്കരയിലേത് 'പഞ്ചായത്ത് തിരഞ്ഞെടുപ്പ്' എന്ന് തെറ്റിധരിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയ അന്‍വര്‍; എക്‌സിക്യൂട്ടീവ് ഓഫീസറോട് 'ചട്ടത്തില്‍' വാദിച്ച നിലമ്പൂര്‍ എംഎല്‍എയ്ക്ക് പറ്റിയത് വന്‍ അമിളി; ചീഫ് ഇലക്ട്രല്‍ ഓഫീസറെ കുറിച്ച് പോലും അറിയാത്ത നേതാവോ? പിവി അന്‍വറിനെ ആ വാര്‍ത്ത സമ്മേളനം കുടുക്കും
തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാര്‍ത്താസമ്മേളനം നടത്തിയ സംഭവത്തില്‍ പി.വി.അന്‍വര്‍ കുടുക്കിലേക്ക്. അടിമുടി അബദ്ധമാണ് സംഭവിച്ചത്. ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- യു.ഡി.എഫ്. മുന്നണികള്‍ അനുവദനീയമായതിലും കൂടുതല്‍ തുക ചെലവഴിച്ചുവെന്ന് കാണിച്ച് നല്‍കിയ പി.വി. അന്‍വര്‍ എം.എല്‍.എക്ക് പറ്റിയത് വന്‍ അബദ്ധം. ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് പകരം അന്‍വര്‍ പരാതി നല്‍കിയത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക്. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച ആദ്യ പരാതി, അബദ്ധം മനസിലായതിനെത്തടുര്‍ന്ന് രണ്ടുമണിക്കൂറിന് ശേഷം തിരുത്തി. ഈ വിഷയത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. ഇതില്‍ എഫ്.ഐ.ആര്‍ ഇടാന്‍ റിട്ടേണിങ് ഓഫീസര്‍ക്ക് തൃശ്ശൂര്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം ചര്‍ച്ചകളിലുണ്ട്. അതിശക്തമായ നടപടികള്‍ ഇനിയും ഈ വിഷയത്തിലുണ്ടാകും.
രണ്ട് തിരഞ്ഞെടുപ്പ് നടത്തിപ്പ് ഓഫീസുകള്‍ എല്ലാ സംസ്ഥാനത്തുമുണ്ട്. ഒന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കീഴില്‍ വരുന്ന ചീഫ് ഇലക്ട്രല്‍ ഓഫീസറാണ്. മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരാകും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍മാരാകുക. കേരളത്തില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസറുടെ ഓഫീസ് നിയമസഭാ മന്ദിരത്തിന് പുറകിലാണ്. ഈ ഓഫീസാണ് സംസ്ഥാനത്തെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുടേയും ഉപതിരഞ്ഞെടുപ്പുകളുടേയും മേല്‍നോട്ടം വഹിക്കുക. കേന്ദ്ര നിയമപ്രകാരം പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് ഇത്. വിപുലമായ അധികാരങ്ങള്‍ ഈ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കുണ്ട്. രണ്ടാമത്തേത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇത് നിയമസഭ പാസാക്കുന്ന നിയമത്തിന്റെ അടിസ്ഥാനത്തില്‍ രൂപപ്പെടുന്നതാണ്. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളാണ് ഇവര്‍ നടത്താത്. അതായത് പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പുകള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ല. സാധാരണ നിലയില്‍ എല്ലാ എംഎല്‍എമാര്‍ക്കും ഇത് അറിയാവുന്നതാണ്. എന്നാല്‍ അന്‍വര്‍ അതുപോലും അറിയില്ലെന്ന് തെളിയിക്കുകയാണ് ഇപ്പോള്‍.
അനുവദനീയമായതിനേക്കാള്‍ പതിന്മടങ്ങാണ് മുന്നണികള്‍ ചെലവിട്ടതെന്നാണ് പരാതിയുടെ ഉള്ളടക്കം. ഇത് സാധൂകരിക്കാന്‍ ഏതാനും കണക്കുകളും അന്‍വര്‍ പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. എല്‍.ഡി.എഫ്. 11.88 കോടിയും യു.ഡി.എഫ്. 11.66 കോടിയും എന്‍.ഡി.എ. 11.44 കോടിയും ചെലവാക്കിയെന്നാണ് അന്‍വറിന്റെ കണക്ക്. അന്‍വര്‍ ആദ്യം ഫെയ്സ്ബുക്കില്‍ പങ്കുവെച്ച പരാതിയുടെ കോപ്പിയില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ. ഷാജഹാനെയാണ് അഭിസംബോധന ചെയ്യുന്നത്. എന്നാല്‍, മണിക്കൂറുകള്‍ക്ക് ശേഷം തിരുത്തിയ പരാതി നല്‍കിയതായി കാണിക്കുന്നത് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പ്രണബ് ജ്യോതിനാഥിനാണ്. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടത്തുന്നത്. ഈ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് പരിഗണിക്കുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാനത്തെ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്കാണ് ഇത്തരം പരാതി നല്‍കേണ്ടത്. തദ്ദേശ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ചുമതലപ്പെട്ട അധികൃതരാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍.
ഇതിനൊപ്പമാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് നടത്തിയ വാര്‍ത്താ സമ്മേളനം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി, തിരഞ്ഞെടുപ്പ് കമീഷന്‍ ഫ്‌ലയിങ് സ്‌ക്വാഡ് എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എം.സി. വിവേക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാര്‍ത്താസമ്മേളനം നടത്തരുതെന്ന് നോട്ടീസ് നല്‍കിയിട്ടും നിര്‍ദേശം ലംഘിച്ചെന്നാണ് കണ്ടെത്തല്‍. ചൊവ്വാഴ്ച രാവിലെ ചേലക്കരയിലെ ഹോട്ടലില്‍ നാടകീയ രംഗങ്ങളായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ അരങ്ങേറിയത്. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടി എത്തിയ ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയക്കുകയായിരുന്നു. ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. വിഷയത്തില്‍, അന്‍വറിനെതിരേ നടപടിയുണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അന്‍വറിനെതിരെ കരുതലോടെയാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രവര്‍ത്തിച്ചത്. അന്‍വറിന് ചട്ടം പോയിട്ട് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ആര്‍ക്ക് എന്ന് പോലും അറിയില്ലെന്ന് വ്യക്തമാക്കുന്നതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി. കേരളത്തില്‍ ഒരു നിയമസഭാ സാമാജികനും ഇത്തരത്തിലൊരു അക്കിടി ഇതിന് മുമ്പ് പറ്റിയിട്ടില്ല.
ചേലക്കരയില്‍ തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശം മറികടന്ന് അന്‍വര്‍ ഇന്നലെ രാവിലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ ചട്ടലംഘനം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ നോട്ടിസ് നല്‍കിയതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. നിശബ്ദ പ്രചാരണത്തിനിടെ വാര്‍ത്താസമ്മേളനം നടത്താനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ ഉദ്യോഗസ്ഥന്‍ ചട്ടം ലംഘിച്ചതിന് അന്‍വറിന് നോട്ടിസ് നല്‍കിയ ശേഷമാണ് മടങ്ങിയത്. നടപടി ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചട്ടലംഘനമാണെന്ന് അറിയിക്കാന്‍ വന്ന ഉദ്യോഗസ്ഥനെ അന്‍വര്‍ തിരിച്ചയയ്ക്കുകയും ചട്ടം കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്തു. മുന്നണികള്‍ തുക ചെലവാക്കിയതില്‍ കമ്മിഷന്‍ നടപടി എടുക്കുന്നില്ല എന്നു പറയാനായിരുന്നു വാര്‍ത്താസമ്മേളനം. വാ പോയ കോടാലിയെ പിണറായി എന്തിനാണ് പേടിക്കുന്നതെന്നും അന്‍വര്‍ ചോദിച്ചു.
നോട്ടീസ് നല്‍കാനെത്തിയ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേട്ട് കൂടിയായ ഉദ്യോഗസ്ഥനെ അന്‍വര്‍ അപമാനിച്ചു വിട്ടു. കണ്ണൂരില്‍ എഡിഎമ്മിന്റെ യാത്ര അയപ്പില്‍ പിപി ദിവ്യ നടത്തിയതിന് സമാനമായ അപമാന വാക്കുകള്‍ ഉദ്യോഗസ്ഥനെതിരെ അന്‍വര്‍ ചുമത്തുകയും ചെയ്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരോട് അടിമത്വ ഭാവത്തില്‍ പെരുമാറുന്ന രാഷ്ട്രീയ നേതാക്കളുടെ സമീപനം തന്നെയാണ് ആ ഉദ്യോഗസ്ഥനും നേരിടേണ്ടി വന്നത്. എന്നാല്‍ വളരെ സമചിത്തതയോടെ ആ ഉദ്യോഗസ്ഥന്‍ പെരുമാറി. തിരഞ്ഞെടുപ്പ് തലേന്ന് അറസ്റ്റ് നാടകത്തിനായുള്ള അന്‍വറിന്റെ രാഷ്ട്രീയ ബുദ്ധിയാണ് ഈ ഉദ്യോഗസ്ഥന് മുന്നില്‍ തകര്‍ന്ന് വീണത്.
പി.വി. അന്‍വറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരളത്തിലെ ഇടതും വലതും വര്‍ഗീയവുമായ രാഷ്ട്രീയമുന്നണികള്‍ ചേലക്കര ഉപതിരഞ്ഞെടുപ്പില്‍ ചിലവഴിച്ച കോടികള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ അനുവദിച്ചതിന്റെ പതിന്‍മടങ്ങാണ് ഇവര്‍ ഈ തിരഞ്ഞെടുപ്പില്‍ പണമൊഴുക്കിയത്. അതിന്റെ കണക്കുകള്‍ വിശദമായി തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ മുന്നണികള്‍ക്കോരോന്നിനും ഓരോ പോളിംഗ് ബൂത്ത് ഏരിയയിലും പ്രവര്‍ത്തിച്ച അഞ്ച് ഓഫീസുകളുടെ വാടക, വൈദ്യുതി, ലൈറ്റ് ബോര്‍ഡുകള്‍, നടത്തിപ്പിനാവശ്യായ മറ്റു ചിലവുകളുള്‍പ്പെടെ ഏതാണ്ട് അമ്പതിനായിരത്തോളം രൂപയാണ് ചിലവ് വരിക. അങ്ങനെ നോക്കുമ്പോള്‍ ആകെയുള്ള 177 ബൂത്തുകളില്‍ അവര്‍ ചിലവഴിച്ചത് ഏതാണ്ട് 88 ലക്ഷം രൂപയാണെന്നു കാണാന്‍ കഴിയും. ഇത്തരത്തില്‍ മൂന്നു മുന്നണികളുംകൂടി ആകെ ചിലവഴിച്ച സംഖ്യ 26550000 (2 കോടി 65 ലക്ഷം) രൂപ വരും.
പല വലിപ്പത്തിലും രൂപത്തിലും മണ്ഡലത്തിലാകെ അനേകം പോസ്റ്ററുകളാണ് ഈ മുന്നണികള്‍ അടിച്ചിറക്കിയത്. പ്രിന്റ്‌ചെയ്ത് അതൊട്ടിക്കുന്നതുവരെയുള്ള പ്രക്രിയയ്ക്ക് ഒരു പോസ്റ്ററിന് ഏതാണ്ട് ഇരുപതു രൂപയോളം ചിലവാകും. അങ്ങനെ വരുമ്പോള്‍ ഒരു മുന്നണിക്ക് വരുന്ന ചിലവ് ഏതാണ്ട് എട്ടുലക്ഷത്തിലധികം രൂപയാണ്. മൂന്നുമുന്നണികള്‍ക്കുംകൂടി ഇക്കാര്യത്തില്‍ വന്ന ചിലവ് ഏതാണ്ട് 27 ലക്ഷം രൂപയാണ്.
മണ്ഡലത്തിലെ ബൂത്തുകളില്‍ അവരവര്‍ക്കുള്ള സ്വാധീനത്തിനുസരിച്ച് വലിയ തുകയാണ് ചുവരെഴുത്തിനു മാത്രമായി ചിലവഴിക്കപ്പെട്ടത്. ചുവരൊന്നിന് ശരാശരി പതിനായിരം രൂപ കണക്കാക്കിയാല്‍ത്തന്നെ ഓരോ മുന്നണിയും ഇരുപതോളം ചുവരുകള്‍ അവരുടെ പ്രചരണത്തിന് ഉപയോഗിച്ചതായി കാണാന്‍ കഴിയും. ഈയിനത്തില്‍ മാത്രം 177 ബൂത്തുകളിലായി ഈ മണ്ഡലത്തില്‍ ഇവര്‍ ചിലവിട്ടത് ഏതാണ്ട് പത്തരക്കോടിയോളം രൂപയാണ്.
സ്ഥാനാര്‍ഥിയെ പരിചയപ്പെടുത്തിയും വീടുകള്‍ കയറിയിറങ്ങുമ്പോള്‍ വിതരണംചെയ്യുന്നതിനുമായി അനേകം മള്‍ട്ടികളര്‍ നോട്ടീസുകളാണ് ഈ രാഷ്ട്രീയ മുന്നണികള്‍ വിതരണംചെയ്തത്. ഓരോ നോട്ടീസിനും ശരാശരി മൂന്നുരൂപവെച്ചു കൂട്ടിയാല്‍ തന്നെ പത്തുലക്ഷത്തിലധികം രൂപ ഓരോ രാഷ്ട്രീയമുന്നണിയും ചിലവഴിച്ചതായി കണക്കാക്കാം. മൂന്നു മുന്നണികളുംകൂടി ഇക്കാര്യത്തില്‍ ചിലവഴിച്ചത് ഏതാണ്ട് മുപ്പതുലക്ഷത്തിലേറെ രൂപയാണ്.
625 രൂപ വിലയുള്ള അറുപതിലധികം ബോര്‍ഡുകള്‍ ഓരോ ബൂത്തിലും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കാകെ ഈ മുന്നണികള്‍ ചിലവിട്ടത് രണ്ട് കോടിയിലേറെ രൂപയാണ്.
മണ്ഡലത്തിലൂടനീളം ഓരോ മുന്നണിയും ഏതാണ്ട് മുപ്പതിലധികം വലിയ ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശരാശരി അമ്പതിനായിരം രൂപ കണക്കാക്കിയാല്‍ ഇവര്‍ ആകെ ചിലവഴിച്ചത് അമ്പത്തിനാല് ലക്ഷം രൂപയാണെന്നു കാണാം.
ഡക്കറേഷന് ആവശ്യമായ പതാകകള്‍, ബലൂണുകള്‍, തൊപ്പികള്‍, ടീ-ഷര്‍ട്ടുകള്‍ എന്നിവ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിരുന്നു. ഇക്കണക്കില്‍ ഒരു ബൂത്തിന് ഏതാണ്ട് 20000 രൂപവെച്ച് നോക്കിയാല്‍ ആകെ ഒരു പാര്‍ട്ടി ചിലവഴിച്ചത് 3540000 രൂപയാണെന്നു കാണാം. മൂന്നു മുന്നണികളുടെ ആകെ കണക്ക് ഏതാണ്ട് പത്തരക്കോടിയാണ്. !
ജനറേറ്ററും ലൗഡ്‌സ്പീക്കറുമുള്‍പ്പെടെ ഓരോ പഞ്ചായത്തിലും മൂന്നുവീതം വാഹനങ്ങളാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരുക്കിയത്. മൂന്നാഴ്ചക്കാലം നീണ്ടുനിന്ന ഈ പ്രചരണത്തിന് ഒരു ദിവസം ഒരു വാഹനത്തിന് പതിനായിരം രൂപ കണക്കാക്കിയാല്‍ ഏതാണ്ട് ഒന്നരക്കോടിയാണ് ഇക്കാര്യത്തില്‍ ചിലവഴിക്കപ്പെട്ടതെന്നു കാണാവുന്നതാണ്.
ഓരോ ബൂത്തിലും മുഴുവന്‍സമയ പ്രവര്‍ത്തകരായി ഏതാണ്ട് ഇരുപതിലധികം ആളുകളെയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ നിയോഗിച്ചത്. ഇവരുടെ താമസം ഭക്ഷണം മറ്റു ചിലവുകള്‍ എന്നിവക്കായി ദിനേന അഞ്ഞൂറ് രൂപ കണക്കാക്കിയാല്‍ ഏതാണ്ട് ഒരുകോടി ഈയിനത്തില്‍ ചിലവഴിക്കപ്പെട്ടതായി കാണാം.
ബഹുജന റാലികളിലും പൊതുയോഗങ്ങളിലും പങ്കെടുക്കുന്ന വ്യക്തികള്‍ക്കുള്ള യാത്രാച്ചെലവ്, ഭക്ഷണം, കുടിവെള്ളം മുതലായവയ്ക്കായി ഒരാള്‍ക്ക് ഏകദേശം മുന്നൂറു രൂപ ചിലവായിക്കാണും. മൂവായിരം ആളുകള്‍ ശരാശരി പങ്കെടുത്തതായി കണക്കാക്കിയാല്‍ ഒമ്പത് പഞ്ചായത്തുകളിലായി ഇക്കാര്യത്തില്‍ ചിലവഴിച്ചത് ഏതാണ്ട് രണ്ടരക്കോടിയാണ്.
അവസാന ദിവസങ്ങളില്‍ ഉപയോഗിച്ച കാറുകള്‍, ജീപ്പുകള്‍, ബൈക്കുകള്‍, ശബ്ദസംവിധാനങ്ങള്‍, ഡിജെ ഗ്രൂപ്പുകള്‍, പടക്കങ്ങള്‍, നര്‍ത്തകര്‍, ഗായകര്‍, ബാന്‍ഡ്സെറ്റ്, തെരുവുകളുടെ അലങ്കാരം, യൂണിഫോം, ഭക്ഷണ പാനീയങ്ങള്‍, പ്രത്യേകം തയാര്‍ചെയ്യപ്പെട്ട വലിയ പതാകകള്‍, ബാനറുകള്‍ എന്നിവ വാടകയ്‌ക്കെടുത്തും വിലയ്ക്കുവാങ്ങിയും അതിവിപുലമായ രീതിയിലാണ് പ്രചാരണം കൊഴുപ്പിച്ചത്. ഓരോര പഞ്ചായത്തും ഇക്കാര്യത്തിന് ഒരു ലക്ഷത്തിലേറെ രൂപയാണ് ചിലവഴിച്ചത്. ഈയിനത്തില്‍ മാത്രം മൂന്നു മുന്നണികളുംകൂടി ചിലവാക്കിയത് ഏതാണ്ട് മൂന്നുകോടിക്കടുത്താണ്.
ദേശീയ സംസ്ഥാനതല നേതാക്കള്‍ പങ്കെടുത്ത ക്യാമ്പയിനുകള്‍ ഓരോ മണ്ഡലത്തിലും പ്രത്യേകംപ്രത്യേകം നടത്തപ്പെടുകയുണ്ടായി. പതിനെട്ടു ദിവസക്കാലംനീണ്ടുനിന്ന ഈ ക്യാമ്പയിന്റെ ഭാഗമായി മറ്റാര്‍ക്കും മണ്ഡലത്തില്‍ മുറികള്‍ ലഭിക്കാത്ത അവസ്ഥവരെയുണ്ടായിട്ടുണ്ട്. ഹോട്ടല്‍മുറിയില്‍ ഒരാള്‍ക്ക് താമസത്തിന് 3500 രൂപയും ഭക്ഷണത്തിന് 750 രൂപയും കണക്കാക്കിയാല്‍ ഇക്കാര്യത്തിലുള്ള ആകെ ചിലവ് ഇരുപത് ലക്ഷത്തിലധികം രൂപയാണ്.
ഇവരെക്കൂടാതെ ഇവരുടെ ഡ്രൈവര്‍മാര്‍ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുള്‍പ്പെടയുള്ളവരുടെ ഭക്ഷണത്തിനും താമസത്തിനുമായി ഏതാണ്ട് 22 ലക്ഷംരൂപയാണ് ചിലവായത്.
മന്ത്രിമാര്‍, എംഎല്‍എമാര്‍, രാജ്യസഭാംഗങ്ങള്‍ ഉള്‍പ്പെടെ 33 പേരാണ് ചേലക്കര മണ്ഡലത്തിലും പരിസരത്തും 18 ദിവസത്തോളം താമസിച്ചത്. ആറായിരം രൂപ പ്രതിദിന വാടകയ്ക്ക് പതിനെട്ടു ദിവസത്തേക്ക് താമസം ഭക്ഷണം യാത്രാച്ചെലവുകള്‍ക്കായി ഏതാണ്ട് ആറുപതുലക്ഷത്തോളമാണ് ചിലവായത്.
പത്തോളം എം.എല്‍.എമാരും 10 ലോക്സഭാംഗങ്ങളും ഉള്‍പ്പെടെ ചേലക്കര നിയോജക മണ്ഡലത്തിലും പരിസരത്തുമായി യു.ഡി.എഫിലെ 20 അംഗങ്ങളാണ് 18 ദിവസം ഇവിടെ തങ്ങി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തത്. റൂംവാടക ഭക്ഷണ പാനീയങ്ങള്‍ എന്നിവയ്ക്കായി ചിലവഴിക്കപ്പെട്ടത് ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷം രൂപയാണ്.
നാല്‍പതിലധികം വരുന്ന ഇവരുടെ ഡ്രൈവര്‍മാര്‍, പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ എന്നിവര്‍ക്കായി പതിനെട്ട് ദിവസത്തേക്ക് ഏതാണ്ട് 3420000 രൂപയും ചിലവായിട്ടുണ്ട്.
എന്‍ഡിഎ നേതാക്കള്‍ക്കും അവരുടെ സ്റ്റാഫിനും യഥാക്രമം എട്ടുലക്ഷവും മുപ്പത്തിയഞ്ചുലക്ഷവുമാണ് ഈയിനത്തില്‍ ചിലവായത്.
മുകളില്‍പ്പറഞ്ഞ കണക്കുകളുടെ വെളിച്ചത്തില്‍, ചേലക്കര നിയമസഭാ മണ്ഡലത്തിലെ ഓരോ മുന്നണിയുടെയും ചെലവുകള്‍ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബഹുമാനപുരസ്സരം അഭ്യര്‍ഥിക്കുകയാണ്. തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നവും ഗുരുതരവുമായ ലംഘനവും അഴിമതിയുമാണ് ഇവിടെ നടന്നിട്ടുള്ളത്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം ഇതേരീതിയില്‍തന്നെയായിരിക്കും കാര്യങ്ങള്‍ നടന്നിരിക്കുക എന്നു വേണം അനുമാനിക്കാന്‍. എല്ലാ പ്രചാരണ ചെലവുകളും നിയമപരമായ പരിധികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ടെന്നുംകൂടി അഭ്യര്‍ഥിക്കുന്നു.
വിശ്വസ്തതയോടെ
പി വി അന്‍വര്‍ എംഎല്‍എ