മലപ്പുറം: മഞ്ചേരിയിലെ പൊതുസമ്മേളനത്തില്‍ ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സാമൂഹിക സംഘടനയുടെ നയം പ്രഖ്യാപിച്ച് പിവി അന്‍വര്‍ എംഎല്‍എ. ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡെമോക്രാറ്റിക്ക് മൂവ്‌മെന്റ് ഓഫ് കേരള എന്ന സംഘടന പ്രവര്‍ത്തിക്കുക. പ്രവാസികള്‍ക്ക് വോട്ടവകാശം ഉറപ്പാക്കാനും ജാതി സെന്‍സസ് നടത്താനായും പോരാട്ടം നടത്തും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. മലബാറിനോടുളള അവഗണനയ്ക്ക് എതിരെ പോരാടും. മലപ്പുറം കോഴിക്കോട് ജില്ലകള്‍ വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല രൂപികരിക്കണമെന്ന ആവശ്യത്തിനായി പോരാടും.

വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20% അതത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്ക്കണം.വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം. സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടും.

എല്ലാ പൗരന്മാര്‍ക്കും രാഷ്ട്രീയ, സാമൂഹിക സാമ്പത്തിക നീതിയാണ് ലക്ഷ്യമിടുന്നതെന്നും പ്രഖ്യാപനം. വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം, സമത്വം എന്നിവ സാക്ഷാത്കരിക്കാനുള്ള സാമൂഹിക മുന്നേറ്റമാണു സംഘടനയുടെ ലക്ഷ്യം. ഇന്ത്യന്‍ ജനാധിപത്യത്തിന് കാവല്‍ ആവശ്യമാണ്. അതിനുവേണ്ടിയുള്ള ഭരണഘടനാ സംരക്ഷണ പ്രസ്ഥാനമായി നിലകൊള്ളും. സാമൂഹിക നീതിയില്‍ അധിഷ്ഠിതമായ ജനാധിപത്യ സോഷ്യലിസ്റ്റ് നയം നടപ്പാക്കുകയാണ് ലക്ഷ്യം. ദേശീയ പാരമ്പര്യത്തിലും ഫെഡറലിസത്തിലും അധിഷ്ഠിതമായ ജനാധിപത്യ കാഴ്ചപ്പാടാകും ഡിഎംകെ മുന്നോട്ടുവയ്ക്കുക. കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വിഭജനം കണ്ടെത്തി പരിഹരിക്കുകയാണ് സംഘടനയുടെ നയമെന്നും വിശദീകരണം.

''ജാതി സെന്‍സസ് നടത്തണം, പ്രവാസികള്‍ക്ക് വോട്ടവകാശം, വിദേശ രാജ്യങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് അതാത് രാജ്യങ്ങളില്‍ വച്ച് വോട്ട് ചെയ്യാന്‍ ഇ ബാലറ്റ് നടപ്പാക്കണം, മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണം, മലപ്പുറം ജില്ല വിഭജിച്ച് പതിനഞ്ചാമത്തെ ജില്ല പ്രഖ്യാപിക്കണം'' തുടങ്ങിയവയാണ് ഡിഎംകെയുടെ പ്രധാനലക്ഷ്യങ്ങള്‍.

രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, മലബാറിനോടുള്ള അവഗണന നിര്‍ത്തണം, കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിക്കണം, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെന്‍സസിലൂടെ തുടങ്ങിയവയാണ് നയരേഖയിലെ പ്രധാന കാര്യങ്ങള്‍:

കോരി ചൊരിയുന്ന മഴയ്ക്കിടെ മഞ്ചേരിയിലെ പൊതുസമ്മേളന വേദിയില്‍ എത്തിയ അന്‍വറിനെ മുദ്രാവാക്യം വിളികളോടെയാണു പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. ഡിഎംകെയുടെ കൊടി കെട്ടിയും ഷാളണിഞ്ഞും അന്‍വറിന് പിന്തുണയുമായി നൂറു കണക്കിന് പേരാണ് മഞ്ചേരിയിലേക്ക് എത്തിയിരിക്കുന്നത്. എന്നാല്‍ പ്രവര്‍ത്തകര്‍ പൊതു സമ്മേളനത്തില്‍ പങ്കെടുക്കുന്നത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്നാണ് ഡിഎംകെയുടെ വിശദീകരണം. ഡിഎംകെ മുന്നണിയിലെ പ്രധാന കക്ഷിയാണ് സിപിഎമ്മെന്നും അവരെ പിണക്കുന്ന നയം സ്വീകരിക്കില്ലെന്നും അന്‍വറിന്റെ പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം സംസ്ഥാനത്തെ ഡിഎംകെ നേതാക്കളുടെ വീടുകളില്‍ പൊലീസെത്തിയെന്നു പൊതുസമ്മേളന വേദിയിലേക്ക് വീട്ടില്‍നിന്നും തിരിക്കവേ പി.വി.അന്‍വര്‍ ആരോപിച്ചു. സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടോയെന്ന് ചോദിച്ചാണ് പൊലീസെത്തിയത്. ഇങ്ങനെയൊക്കെ തോല്‍പ്പിക്കാനാണ് ശ്രമിക്കുന്നത്. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പൊലീസ് വാഹനങ്ങള്‍ തടയുകയാണെന്നും അന്‍വര്‍ ആരോപിച്ചു. ഡിഎംകെയുടെ തീരുമാനം കാത്തിരുന്നു കാണാം'' അന്‍വര്‍ വിശദീകരിച്ചു. പൊതുസമ്മേളനത്തിനു മുന്നോടിയായി ഡിഎംകെ പതാകയുമായി പ്രവര്‍ത്തകര്‍ അന്‍വറിന്റെ വീടിനു മുന്നിലും എത്തിയിരുന്നു. നീലഗിരിയിലുള്ള ഡിഎംകെ പ്രവര്‍ത്തകര്‍ യോഗത്തിനെത്തിയിട്ടുണ്ട്. ഇവര്‍ക്ക് വഴിക്കടവില്‍ അന്‍വര്‍ അനുകൂലികള്‍ സ്വീകരണമൊരുക്കിയിരുന്നു.