മലപ്പുറം: പി.വി.അന്‍വര്‍ എംഎല്‍എയുടെ വീടിന് സുരക്ഷയൊരുക്കിയ പൊലീസ് നടപടിയില്‍ സംശയങ്ങള്‍ സജീവം. മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഒതായിലെ വീടിന് പുറത്ത് എടവണ്ണ പൊലീസ് പിക്കറ്റ് സ്ഥാപിച്ചിരിക്കുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് അന്‍വര്‍, ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. എന്നാല്‍ ഈ പരാതി നല്‍കിയത് ദിവസങ്ങള്‍ക്ക് മുമ്പാണ്. നടപടി എടുത്തില്ല. എന്നാല്‍ സിപിഎമ്മിനെതിരായ പോര്‍വിളി തുടങ്ങിയപ്പോള്‍ പോലീസ് എത്തി. ഇതിന് പിന്നില്‍ അന്‍വറിനെ നിരീക്ഷിക്കാനുള്ള നീക്കമാണെന്നാണ് സൂചന.

24 മണിക്കൂറും പൊലീസ് പിക്കറ്റ് ഒതായിലെ വീടിന് പുറത്ത് വേണമെന്നും ജില്ലാ പൊലീസ് മേധാവി നിര്‍ദേശിച്ചിട്ടുണ്ട്. എടവണ്ണ പൊലീസ് സ്റ്റേഷനിലെ ഒരു എസ്‌ഐയെയും മൂന്നു സിവില്‍ പൊലീസ് ഓഫിസര്‍മാരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. നേരത്തെ നല്‍കിയ ഗണ്‍മാന്‍ സുരക്ഷയ്ക്ക് പുറമെയാണ് പൊലീസിന്റെ അധിക സുരക്ഷ. അന്‍വറിനെതിരെ കോട്ടയം കറുകച്ചാല്‍ പോലീസ് കേസെടുത്തിരുന്നു. ഇനിയും കേസുകള്‍ എടുക്കാന്‍ സാധ്യതയുണ്ട്. ആദ്യ കേസ് ജാമ്യമുള്ളതാണ്. എന്നാല്‍ ഇനി വര്‍ഗ്ഗീയ വിദ്വേഷം പടര്‍ത്തുന്നതടക്കമുള്ള കുറ്റങ്ങള്‍ അന്‍വറിന് മേല്‍ ചുമത്താന്‍ സാധ്യതയുണ്ട്. അങ്ങനെ ജാമ്യമില്ലാ കേസ് വന്നാല്‍ ഉടന്‍ അന്‍വറിനെ അറസ്റ്റു ചെയ്യും. ഇതിന് വേണ്ടി അന്‍വര്‍ വീട്ടില്‍ നിന്നും പോകുന്നതും വരുന്നതുമെല്ലാം പരിശോധിക്കാനാണ് പിക്കറ്റ് എന്ന സംശയം എംഎല്‍എയെ അനുകൂലിക്കുന്നവര്‍ക്കുണ്ട്.

പി.വി അന്‍വര്‍ നടത്താനിരിക്കുന്ന രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് വൈകിട്ട് നിലമ്പൂര്‍ ചന്തമുക്കില്‍ നടക്കും. എല്ലാ ആക്ഷേപങ്ങള്‍ക്കുമുള്ള മറുപടി ഈ യോഗത്തില്‍ പറയുമെന്നാണ് പി.വി അന്‍വര്‍ അറിയിച്ചിരിക്കുന്നത്. അതിനിടെ, പി.വി.അന്‍വറിന് പിന്തുണ പ്രഖ്യാപിച്ച് നിലമ്പൂരില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒതായിലെ അന്‍വറിന്റെ വീടിന് മുന്നിലും ചുള്ളിയോടുമാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍. ചുള്ളിയോട് പ്രവാസി സഖാക്കളുടെ പേരിലാണ് ഫ്‌ലക്‌സ്. 'വിപ്ലവ സൂര്യന്‍', 'കൊല്ലാം പക്ഷേ തോല്‍പ്പിക്കാനാവില്ല' എന്നീ തലക്കെട്ടുകളോട് കൂടിയാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

അതിനിടെ അന്‍വറിനെ പരസ്യപിന്തുണ പ്രഖ്യാപിച്ച് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി രംഗത്തെത്തി. ഇ.എ.സുകുവാണ് അന്‍വറിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. ചന്തമുക്കില്‍ നടക്കുന്ന യോഗത്തില്‍ അന്‍വറിനെ പിന്തുണച്ച് ആയിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ അന്‍വറിനെ നിരീക്ഷിക്കാന്‍ കൂടി വേണ്ടിയാണ് പോലീസുകാരെ വീട്ടിന് മുന്നില്‍ നിയോഗിച്ചതെന്ന വാദവും സജീവമാണ്. പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ട പരാതിയില്‍ പൊലീസ് കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി പിവി അന്‍വര്‍ രംഗത്തു വന്നിരുന്നു.

ജയിലില്‍ അടയ്ക്കട്ടെയെന്നും നോക്കാമെന്നും പിവി അന്‍വര്‍ പറഞ്ഞു. കേസെടുക്കുമെന്ന് താന്‍ ആദ്യമേ പറഞ്ഞിരുന്നുവെന്നും കൂടുതല്‍ മറുപടി നിലമ്പൂരിലെ യോഗത്തില്‍ പറയാമെന്നും പിവി അന്‍വര്‍ പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അലനല്ലൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന വ്യാപാരോത്സവത്തിന്റെ ഭാഗമായുള്ള നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്ത് പുറത്തിറങ്ങിയശേഷമായിരുന്നു അന്‍വറിന്റെ പ്രതികരണം. അന്‍വറിന്റെ പ്രതികരണം തേടുന്നതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ കയ്യേറ്റമുണ്ടായി. പിവി അന്‍വറിന്റെ പ്രതികരണം എടുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ചിലര്‍ തടയുകയായിരുന്നു. അന്‍വറിനോട് ചോദ്യങ്ങള്‍ ചോദിക്കണ്ടെന്നും യോഗം വിളിച്ചതല്ലേ അവിടെ പറയുമെന്ന് പറഞ്ഞാണ് കയ്യേറ്റം ചെയ്തത്. ഏഷ്യാനെറ്റ് ന്യൂസ് പാലക്കാട് റിപ്പോര്‍ട്ടര്‍ ഹാത്തിഫ് മുഹമ്മദ്, മണ്ണാര്‍ക്കാട്ടെ പ്രാദേശിക പത്രപ്രവര്‍ത്തകന്‍ സൈതലവി എന്നിവരെയാണ് കയ്യേറ്റം ചെയ്തത്. അലനല്ലര്‍ സ്വദേശികളായ മജീദ്, മാണിക്കന്‍ എന്നിവരാണ് കയ്യേറ്റം ചെയ്തത്. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.

വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ പരിപാടിക്കിടെയും അന്‍വര്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.തന്റെ കയ്യിലൊന്നുമില്ലെന്നും കാര്യങ്ങള്‍ വളരെ മോശമാണെന്നും അതുകൊണ്ടാണ് ആഫ്രിക്കയിലും അന്റാര്‍ട്ടിക്കയിലും പോകേണ്ടി വന്നതെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്തെ ലഹരി കേസില്‍ ഡാന്‍സാഫ് സംഘം നിരപരാധികളെ കുടുക്കുകയാണ്. ലഹരി വ്യാപകമാവുന്നതിന്റെ ഉത്തരവാദി പൊലീസാണ്. പത്ത് ്‌കോടി മറ്റിടങ്ങളില്‍ കച്ചവടം നടക്കുമ്പോള്‍ ചെറിയ ഗ്രാം വെച്ച് സാധാരണക്കാരെ കുടുക്കുന്നു. നാട് കുട്ടിച്ചോറാകാന്‍ പോവുകയാണ്. ഇതിനെതിരെ പ്രതികരിക്കണം. ആ ചിന്തയാണ് കാര്യങ്ങള്‍ ഇവിടെ വരെ എത്തിച്ചത്. എല്ലാ രാഷ്ട്രീയക്കാരും രാത്രിയില്‍ ഒറ്റക്കെട്ടാണ്. ആരും ആരുടെയും അടിമയല്ല. അതാവാതിരിക്കാന്‍ ശ്രമിക്കുക. രാഷ്ട്രീയം എന്നത് സ്വയം രക്ഷാബോധമുള്ളവരാക്കുക എന്നതാണ്. നന്മയെ പിന്തുണക്കുന്നവരും തിന്മയെ എതിര്‍ക്കുന്നവരുമാണ് മലയാളികളെന്നും പിവി അന്‍വര്‍ പറഞ്ഞു.