നിലമ്പൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടിയും 'പാര്‍ട്ടി ശത്രുക്കളുടെ ആയുധമാകരുതെന്ന' സിപിഎമ്മിന്റെ താക്കീതും തള്ളി പരസ്യമായ വെല്ലുവിളിയുമായി പി വി അന്‍വര്‍ വീണ്ടും രംഗത്ത് എത്തിയതോടെ സംസ്ഥാന രാഷ്ട്രീയത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണ് നിലമ്പൂര്‍ എംഎല്‍എ. സര്‍ക്കാരിന്റെ തെറ്റായ നിലപാടുകളെ വിമര്‍ശിക്കുന്നതില്‍ പ്രതിപക്ഷത്തേക്കാള്‍ വലിയ ഒറ്റയാള്‍ പ്രതിപക്ഷമായി താന്‍ മാറുന്നുവെന്ന സന്ദേശമാണ് അന്‍വര്‍ നല്‍കുന്നത്. ഇനി സിപിഎമ്മിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ താന്‍ പങ്കെടുക്കില്ലെന്നറിയിച്ച പി.വി.അന്‍വര്‍ നിയമസഭയില്‍ പ്രത്യേകമായി ഇരിക്കുമെന്നും അറിയിച്ചു കഴിഞ്ഞു. ഇടത്തോ വലത്തോ ഇരിക്കാതെ നടുപക്ഷത്ത് ഇരിക്കുമെന്നു പി.വി.അന്‍വര്‍ എംഎല്‍എ വ്യക്തമാക്കിയതോടെയാണ് ഇടതു സ്വതന്ത്ര എംഎല്‍എയായ അന്‍വര്‍ മുന്നണി വിടുന്നതായി ഉറപ്പിച്ചത്.

അതേ സമയം എംഎല്‍എ സ്ഥാനം രാജിവയ്ക്കുമെന്ന സൂചനകള്‍ അന്‍വര്‍ തള്ളിക്കളഞ്ഞു. എംഎല്‍എ പദവി രാജിവയ്ക്കുമെന്ന് ആരും കരുതേണ്ടെന്നും ജനങ്ങളാണ് ആ മൂന്നക്ഷരം തനിക്കു നല്‍കിയതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. അതിനിടെ പുതിയ പാര്‍ട്ടി പ്രഖ്യാപന സാധ്യത തള്ളാതെയായിരുന്നു പി.വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം നടന്നത്. ഞായറാഴ്ചയോ തിങ്കളാഴ്ചയോ നിലമ്പൂരില്‍ പൊതുസമ്മേളനം വിളിക്കുമെന്നറിയിച്ച അന്‍വര്‍ തന്റെ അടുത്ത നീക്കം അന്ന് ജനങ്ങളെ അറിയിക്കുമെന്നും അന്‍വര്‍ പറഞ്ഞു.

എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തി രംഗത്ത് വന്ന പി വി അന്‍വര്‍ ലക്ഷ്യമിട്ടത് മുഖ്യമന്ത്രിയെ തന്നെയായിരുന്നു. പിണറായി വിജയന്‍ പത്രസമ്മേളനത്തിലൂടെ മറുപടി നല്‍കുകയും പാര്‍ട്ടി നേതൃത്വം പരസ്യമായ താക്കീതു നല്‍കുകയും ചെയ്തിട്ടും ദിവസങ്ങള്‍ക്കുള്ളില്‍ പരസ്യമായി വെല്ലുവിളിച്ച് മറുപടി നല്‍കിയ അന്‍വര്‍ വരും ദിവസങ്ങളിലും സര്‍ക്കാരിനും സിപിഎമ്മിലെ തെറ്റായ നിലപാടുകള്‍ക്കും എതിരെ പോരാട്ടം തുടരുമെന്ന സന്ദേശമാണ് നല്‍കുന്നത്.

അതേ സമയം മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനുമെതിരായ എല്‍ഡിഎഫ് എംഎല്‍എ പി.വി അന്‍വറിന്റെ രൂക്ഷവിമര്‍ശനത്തിനു പിന്നാലെ പ്രതികരണവുമായി ആര്‍എംപി നേതാവും എംഎല്‍എയുമായ കെ.കെ രമ രംഗത്ത് വന്നു. ഭര്‍ത്താവായ ടി.പി ചന്ദ്രശേഖരന്റെ കൊലക്കേസിനെ ഓര്‍മിപ്പിക്കുംവിധമാണ് രമയുടെ പ്രതികരണം. ഇന്നോവ... മാഷാ അള്ളാ- എന്നാണ് രമ ഫേസ്ബുക്കില്‍ കുറിച്ചത്. സിപിഎം വിട്ട് ആര്‍എംപി രൂപീകരിച്ച ടി.പിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ഇന്നോവയില്‍ മാഷാ അല്ലാഹ് എന്നെഴുതി കേസ് വഴിതിരിച്ചുവിടാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നു. സിപിഎം വിമര്‍ശനത്തെ തുടര്‍ന്ന് ടി.പിക്ക് നേരെയുണ്ടായ ആക്രമണത്തെ ഓര്‍മിപ്പിച്ചാണ് രമയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പ്രതിപക്ഷം പോലും ഉന്നയിക്കാത്ത തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഇന്ന് ഇടതുപക്ഷ എംഎല്‍എയായ പി.വി അന്‍വറില്‍നിന്നും ഉണ്ടായത്. പാര്‍ട്ടി കൂടി തള്ളിപ്പറഞ്ഞതിനു പിന്നാലെ പരസ്യപ്രസ്താവന നിര്‍ത്തിയെന്ന് കഴിഞ്ഞദിവസം അന്‍വര്‍ പറഞ്ഞിരുന്നെങ്കിലും മുഖ്യമന്ത്രി തന്നെ ചതിച്ചെന്നും വഞ്ചിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ന് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ശക്തമായ വിമര്‍ശനങ്ങളിലൂടെ മുഖ്യമന്ത്രിയെ കടന്നാക്രമിച്ച അന്‍വര്‍, അദ്ദേഹമെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ വെറുക്കുന്ന ആളായി മാറിയെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒരുനിമിഷം പോലും ആഭ്യന്തര വകുപ്പ് ഭരിക്കാനുള്ള അര്‍ഹതയില്ലെന്നും അദ്ദേഹം അക്കാര്യത്തില്‍ അമ്പേ പരാജയമാണെന്നും അന്‍വര്‍ തുറന്നടിച്ചു. എഡിജിപി അജിത്കുമാറിനെ ഇപ്പോഴും സംരക്ഷിക്കുന്നത് അയാള്‍ മുഖ്യമന്ത്രിയുടെ മറ്റൊരു മരുമകനായതു കൊണ്ടായിരിക്കാം. അല്ലെങ്കില്‍ പിന്നെ എന്തിനാണ് ഇങ്ങനെ അയാളെ കെട്ടിപ്പിടിച്ച് നില്‍ക്കുന്നത് എന്നും അന്‍വര്‍ ചോദിച്ചു. മരുമകന് നല്‍കുന്ന പഗിഗണന അജിത്കുമാറിനും നല്‍കുന്നു. എല്ലാത്തിലും മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ ഓഫീസ് അഗ്‌നിപര്‍വതത്തിന്റെ മുകളിലാണ്. താന്‍ അറിഞ്ഞ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞാല്‍ സഖാക്കള്‍ എകെജി സെന്റര്‍ പൊളിച്ച് ഓടേണ്ടിവരും. നല്ലവരായ നേതാക്കളുടെ കൈയില്‍ പാര്‍ട്ടി വരും എന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നത്. കാട്ടുകള്ളനെ പൊളിറ്റിക്കല്‍ സെക്രട്ടറിയാക്കി. മുഖ്യമന്ത്രിയെ വികൃതമാക്കുന്നത് പി.ശശിയാണ്. മുഖ്യമന്ത്രി തന്നെ വഞ്ചിച്ചു എന്ന് ആവര്‍ത്തിച്ച അന്‍വര്‍, അതുകൊണ്ടാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നതെന്നും ചൂണ്ടിക്കാട്ടി.

തന്റെ ഭാഗത്തെ സത്യാവസ്ഥ താന്‍ തെളിയിക്കണമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. 'താന്‍ സ്വയം പല നിലയ്ക്ക് കാര്യങ്ങള്‍ അന്വേഷിച്ചു. താന്‍ നടത്തിയ അന്വേഷണം മുഴുവന്‍ തനിക്കെതിരെ ആക്കാന്‍ ശ്രമം നടക്കുന്നു. ഇന്ന് പത്രസമ്മേളനം നടത്താന്‍ കഴിയും എന്ന് പ്രതീക്ഷിച്ചിരുന്നില്ല. തന്നെ അറസ്റ്റ് ചെയ്ത് കുഴിയിലാക്കുന്നതിന് മുമ്പ് ജനങ്ങളോട് കാര്യങ്ങള്‍ പറയണമല്ലോ'യെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ പേരില്‍ മുഖ്യമന്ത്രി തന്നെ സ്വര്‍ണക്കടത്തുകാരനും കുറ്റവാളിയുമാക്കി മനഃപൂര്‍വ്വം ചിത്രീകരിച്ചെന്ന് തുറന്നടിച്ചുകൊണ്ടാണ് പി.വി.അന്‍വര്‍ പ്രതികരിച്ചത്. എന്നാല്‍ പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ലെന്നും അന്‍വര്‍ പറഞ്ഞു. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം പോലീസ് മുക്കുന്നുണ്ടെന്നും അതില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ എന്നും അന്‍വര്‍ മുഖ്യമന്ത്രിയെ ആവര്‍ത്തിച്ച് വെല്ലുവിളിച്ചു.

'പാര്‍ട്ടിയുടെ അഭ്യര്‍ത്ഥനമാനിച്ച് പരസ്യപ്രസ്താവന ഒഴിവാക്കിയതായിരുന്നു. അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ ഗൗരവമായി പരിശോധിക്കുന്നുണ്ടെന്ന് പാര്‍ട്ടി പറഞ്ഞത് വിശ്വസിച്ചുകൊണ്ടാണ് നിര്‍ദേശം മാനിച്ചത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആരീതിയിലുള്ള പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, കേസ് അന്വേഷണം കൃത്യമായ രീതിയിലല്ല നടക്കുന്നതെന്ന് ബോധ്യപ്പെടുകയാണ്. മരംമുറിയുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ പോലീസിന്റെ അന്വേഷണരീതി പരിതാപകരമാണ്. 188 -ഓളം സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയിലും ഇതുണ്ടായിരുന്നു. 188-ല്‍ 25 കടത്തുകാരെയെങ്കിലും കണ്ടാല്‍ സത്യാവസ്ഥ പുറത്തുവരുമെന്ന് ഐജിയോട് പറഞ്ഞിരുന്നു. ഈ നിമിഷംവരെ അത്തരത്തിലൊരു അന്വേഷണം നടന്നിട്ടില്ല. റിദാന്‍ വധക്കേസില്‍ എസ്ഐടിയുടെ അന്വേഷണ പരിധിയില്‍നില്‍ക്കെ എടവണ്ണ പോലീസ് ഇടപെടല്‍ നടത്തി. സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് പാര്‍ട്ടി എന്നോട് പറഞ്ഞത് പാടേ ലംഘിക്കുകയാണ്.

മുഖ്യമന്ത്രിയടക്കം എന്നെ കള്ളക്കടത്ത് സംഘത്തിന്റെ പിന്നാമ്പുറ പ്രവര്‍ത്തകനെന്ന് പറഞ്ഞു. അന്‍വറാണോ സ്വര്‍ണക്കടത്തുകാരുടെ പിന്നിലെന്ന് പത്രക്കാര്‍ പലതവണ മുഖ്യമന്ത്രിയോട് ചോദിച്ചു. 'നിങ്ങള്‍ പറ, നിങ്ങള്‍ പറ' എന്നാണ് അതിന് മുഖ്യമന്ത്രി പറഞ്ഞ മറുപടി. എന്നിട്ട് ചിരിച്ചു. പി.വി.അന്‍വര്‍ കള്ളക്കടത്തിന്റെ ആളാണോ എന്ന സംശയം കേരളീയ സമൂഹത്തിലേക്ക് ഇട്ടുകൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

കള്ളക്കടത്തുകാരെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമം ഞാന്‍ നടത്തിയെന്ന് പേര് പറയാതെ മുഖ്യമന്ത്രി പറഞ്ഞു. ഇത് എനിക്ക് അങ്ങേയറ്റത്തെ ഡാമേജ് ഉണ്ടാക്കിയ കാര്യമാണ്. അത്രത്തോളം അദ്ദേഹം കടന്ന് പറയേണ്ടിയിരുന്നില്ല. ഞാന്‍ ഉന്നയിച്ച വിഷയങ്ങളില്‍ നിന്ന് അദ്ദേഹത്തിന് രക്ഷപ്പെടണമെങ്കില്‍ പലതും പറയാമായിരുന്നു. എന്നെ ഒരു കുറ്റവാളിക്കുകയാണ് ചെയ്തത്. സ്വാഭാവികമായും പാര്‍ട്ടി അത് തിരുത്തുമെന്ന് കരുതി. എന്നിട്ടും ഒരു കത്ത് കൊടുത്ത് കാത്തിരുന്നു. എന്റെ പ്രതീക്ഷ മുഴുവന്‍ ഈ പാര്‍ട്ടിയിലായിരുന്നു. ഞാന്‍ നല്‍കിയ പരാതിയില്‍ ഞങ്ങളൊന്ന് അന്വേഷിക്കട്ടെയെന്ന് എന്ന് അദ്ദേഹം പറയുമെന്ന് കരുതി. എട്ട് വര്‍ഷമായല്ല ഞാന്‍ ഈ പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്നത്.

അത് പാര്‍ട്ടിക്ക് തെറ്റിയ കണക്കാണ്. ഡിഐസി തിരിച്ച് കോണ്‍ഗ്രസില്‍ പോയത് മുതല്‍ ഞാന്‍ സിപിഎമ്മിനൊപ്പമുണ്ട്. കേരളത്തില്‍ ഏറ്റവും സാധാരണക്കാരന് മനസ്സിലാകുന്ന തരത്തിലാണ് ഞാന്‍ പരാതി നല്‍കിയിട്ടുള്ളത്. എന്നിട്ട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞത്. ഞാനും ശശിയും 40 വര്‍ഷത്തെ രാഷ്ട്രീയ ബന്ധമുള്ളയാളുകളാണ്. അതുകൊണ്ട് പ്രഥമദൃഷ്ട്യ ശശിയെ കുറിച്ച് അന്‍വര്‍ പറഞ്ഞതില്‍ ഒരു കഴമ്പുമില്ല. പ്രഥമദൃഷ്ട്യാ കഴമ്പില്ലെങ്കില്‍ ചവറ്റുകുട്ടയിലാണ് ഇടേണ്ടത്. പിന്നെ എന്തിനാണ് പരിശോധന നടത്തുമെന്ന് പറഞ്ഞതെന്നും അന്‍വര്‍ ചോദിച്ചു.

പാര്‍ട്ടിലൈനില്‍ നിന്ന് വിപരീതമായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്നാണ് പറയുന്നത്. ഈ പാര്‍ട്ടിയുമായി സഹകരിക്കുന്നത് മുതല്‍ ഇതിന്റെ സാധാരണക്കാരായ പ്രവര്‍ത്തകരുമായി സഹകരിച്ച് പ്രവര്‍ത്തിച്ചാണ് വരുന്നത്. അവരുടെ വികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഞാന്‍ ഉന്നയിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പൊതുപ്രവര്‍ത്തനം നടത്താന്‍ സാധിക്കുന്നില്ല. ലോക്കല്‍ സെക്രട്ടറിക്കടക്കം സാധാരണക്കാരന്റെ വിഷയത്തിന് പോലീസ് സ്റ്റേഷനില്‍ പോകാന്‍ കഴിയുന്നില്ല. കമ്യൂണിസ്റ്റുകാരനാണെന്ന് പറഞ്ഞാല്‍ സ്റ്റേഷനില്‍നിന്ന് രണ്ടടി കൂടി കിട്ടുന്ന സ്ഥിതിവിശേഷം കേരളത്തിലുണ്ട്. ഇതിന്റെ മുഴുവന്‍ ഉത്തരവാദി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയാണ്. അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പറഞ്ഞാന്‍ ഞാന്‍ ഇറങ്ങിയിട്ടുള്ളത്. ആ നിലപാടില്‍ നിന്ന് ഞാന്‍ മാറിയിട്ടില്ല. മുഖ്യമന്ത്രിക്ക് അജിത് കുമാര്‍ എഴുതി നല്‍കിയതായിരിക്കും ഇതൊക്കെ, അദ്ദേഹത്തിന് ഇതൊന്നും അറിയില്ലല്ലോ. എനിക്ക് ഇനി പ്രതീക്ഷ കോടതിയിലാണ്. അടുത്ത പടി ഹൈക്കോടതിയിലേക്കാണ്. നീതിപൂര്‍വ്വമായ ഒരു കാര്യവും നടക്കുന്നില്ല. എല്ലാം അവര്‍ ഉദ്ദേശിച്ച നിലക്ക് വളച്ചുകൊണ്ടുപോകുകയാണ്.', അന്‍വര്‍ പറഞ്ഞു.

ഈ രീതിയിലാണ് പോകുന്നതെങ്കില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അവസാനത്തെ മുഖ്യമന്ത്രിയാവും പിണറായി വിജയനെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. അദ്ദേഹത്തെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും അന്‍വര്‍ പറഞ്ഞു. 'പാര്‍ട്ടി ഇവിടെ നില്‍ക്കണം. ഒരു റിയാസ് മാത്രം നിലനിന്നതുകൊണ്ട് കാര്യമില്ല. ഒരു റിയാസിനെ ഉണ്ടാക്കാനല്ല പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. റിയാസിനേയും ബാക്കിയുള്ളവരേയും താങ്ങി നിര്‍ത്താനല്ല പാര്‍ട്ടി. അങ്ങനെ ആരെങ്കിലും ധരിക്കുകയും അതിനുവേണ്ടി പി.വി. അന്‍വറിന്റെ നെഞ്ചത്ത് കേറാന്‍ വരികയും വരണ്ട. ഒരു റിയാസ് മാത്രം മതിയോ?', അന്‍വര്‍ ചോദിച്ചു.

കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലേയും എല്ലാ വലിയ നേതാക്കളും ഒറ്റക്കെട്ടാണ്. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി അതാണ്. അതിപ്രമാദമായ ഒരുകേസും തെളിയില്ല. എന്താ തെളിയാത്തത്. ഇവരെല്ലാം ഒറ്റക്കെട്ടാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് ഒന്നിലും ഇടപെടാന്‍ കഴിയില്ല. എട്ടുകൊല്ലത്തെ എല്‍ഡിഎഫ് ഭരണത്തിന്റെ ഏറ്റവും വലിയ സംഭാവന, പൊതുപ്രവര്‍ത്തകര്‍ക്ക് പൊതുവിഷയത്തില്‍ ഇടപെടുന്നതില്‍നിന്ന് മുഖ്യമന്ത്രി കൂച്ചുവിലങ്ങിട്ടു എന്നതാണ്. പോലീസില്‍ മാത്രമല്ല. അത് സര്‍ക്കാരിന്റെ എട്ടുകൊല്ലത്തെ സംഭാവനയാണെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും അന്‍വറിനെ തള്ളിയിരുന്നു. അന്‍വറിന്റെ പരാതി പരിശോധിക്കുമെന്ന് പറയുമ്പോള്‍തന്നെയാണ് മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ശശിക്ക് ക്ലീന്‍ചിറ്റ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് അന്‍വര്‍ വീണ്ടും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.