- Home
- /
- News
- /
- SPECIAL REPORT
പ്രദേശവാസികളില്‍ പരിഭ്രാന്തി പരത്തിയ ഒന്നര മണിക്കൂര്‍; കണ്ണൂര്‍ നഗരത്തില്‍ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റെസ്‌ക്യു പ്രവര്‍ത്തകര്‍ പിടികൂടി
കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റെസ്‌ക്യു പ്രവര്‍ത്തകര്‍ പിടികൂടി
- Share
- Tweet
- Telegram
- LinkedIniiiii
കണ്ണൂര്‍ : പ്രദേശവാസികളില്‍ പരിഭ്രാന്തിയുടെ ഒന്നര മണിക്കൂര്‍ സമ്മാനിച്ചു കൊണ്ടുകണ്ണൂര്‍ നഗരത്തിനടുത്തെ പുഴാതിഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റന്‍ മരത്തില്‍ കയറിയ പെരുമ്പാമ്പിനെ റസ്‌ക്യു പ്രവര്‍ത്തകര്‍ പിടികൂടി. ബുധനാഴ്ച്ച പകല്‍ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലബാര്‍ അവര്‍നെസ് ആന്‍സ് റെസ്‌ക്യു സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് (മാര്‍ക്ക്) പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി വന്‍മരത്തിന്റെ ശിഖിരത്തില്‍ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തത്.
ഒന്നര മണിക്കൂര്‍ നീണ്ട സാഹസിക പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടര്‍ന്ന് മരത്തില്‍ നിന്നും സഞ്ചിയിലാക്കി ഭദ്രമായി താഴത്തേക്ക് ഇറക്കി. ഇതിനു ശേഷം മറ്റൊരു സഞ്ചിയിലാക്കി മാറ്റി. മാര്‍ക്ക് പ്രവര്‍ത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കല്‍ എന്നിവരാണ് മരത്തിന്റെ മുകളില്‍ കയറിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണന്‍, വിഷ്ണു പനങ്കാവ് എന്നിവര്‍ താഴെ നിന്നും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
ഏകദേശം മൂന്ന് മീറ്റര്‍ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റെയ്ഞ്ച് ഓഫിസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥര്‍ക്ക് കൈമാറി രക്ഷാപ്രവര്‍ത്തനത്തിനിടെയില്‍ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജനവാസ കേന്ദ്രത്തില്‍ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു.
പ്രദേശത്തെ കാടുകള്‍ വെട്ടിത്തെളിക്കാന്‍ കോര്‍പറേഷന്‍ അധികൃതര്‍ തയ്യാറാകണമെന്ന് ഹൗസിങ് കോളനിയിലെ താമസക്കാരിയായ ഗിരിജ പറഞ്ഞു. മൂര്‍ഖന്‍ അടക്കമുള്ള ഇഴജന്തുക്കള്‍ കാടുപിടിച്ച പ്രദേശത്തുനിന്നും വീടുകളില്‍ ഇഴഞ്ഞെത്തുന്നതുകാരണം തങ്ങള്‍ ഭീതിയിലാണെന്നും ഇവര്‍ പറഞ്ഞു. മനുഷ്യരുടെ ശബ്ദം കേട്ടതിനാല്‍ പാമ്പ് മരത്തില്‍ കയറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് വനം വകുപ്പിനെ വിവരമറിയിച്ചത്.
ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും കെ.എസ്.ഇ.ബി അധികൃതരുടെ സഹായത്തോടെ ലൈന്‍ ഓഫാക്കിയതിനു ശേഷം പെരുമ്പാമ്പിനെ താഴെയിറക്കാന്‍ മാര്‍ക്ക് പ്രവര്‍ത്തകരുടെ സഹായം തേടുകയുമായിരുന്നു. ഇതിനു ശേഷം കുറ്റന്‍ മരത്തില്‍ വലിഞ്ഞു കയറിയ മാര്‍ക്ക് പ്രവര്‍ത്തകര്‍ ഒന്നര മണിക്കൂറോളം സാഹസിക പ്രയത്‌നത്തിനൊടുവിലാണ് പെരുമ്പാമ്പിനെ സ്റ്റിക്കു കൊണ്ടു സഞ്ചിയിലാക്കിയത്.