പത്തനംതിട്ട: അതീവ പരിസ്ഥിതി ലോലമേഖലയിൽ അനധികൃത പാറ ഖനനമെന്ന് പരാതി. എല്ലാ വിധത്തിലുള്ള അനുമതികളുമുണ്ടെന്ന് നടത്തിപ്പുകാർ പറയുമ്പോൾ വനം, റവന്യൂ ഭൂമിയിലാണ് ഖനനമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകർ. ഭൂമി തങ്ങളുടെയല്ലെന്ന് സർക്കാർ വകുപ്പുകൾ പരസ്പരം പഴിചാരുന്നതിനിടെ രണ്ട് അണക്കെട്ടുകൾക്ക് പോലും ഭീഷണി ഉയർത്തി പാറ ഖനനം കൊഴുക്കുന്നു. പാട്ടഭൂമിയിലൂടെ അനധികൃതമായി റോഡ് വെട്ടി പാറ കടത്തും തുടരുന്നു. സർക്കാരും രാഷ്ട്രീയ പാർട്ടികളും ഒത്താശ ചെയ്യുമ്പോൾ ഇല്ലാതാകുന്നത് യുനെസ്‌കോയുടെ ലോകപൈതൃക പദവി ഉള്ള പ്രദേശമാണ്.

റാന്നി-പെരുനാട് പഞ്ചായത്തിൽ ശബരിമല പാതയിൽ ളാഹയിൽ നിന്ന് നോക്കിയാൽ കാണാം നിരപ്പാറ മല പൊട്ടിച്ച് നിരപ്പാക്കുന്ന കാഴ്ച. റവന്യു വനം വകുപ്പുകൾ കൈയൊഴിഞ്ഞതോടെ അതീവ പരിസ്ഥിതി ലോല മേഖലയിലുൾപ്പെട്ട മല ഖനന മാഫിയ അനിയന്ത്രിതമായി പൊളിച്ചടുക്കുന്നു. ഇത് ദൂരവ്യാപകമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയിലാണ് പരിസ്ഥിതി പ്രവർത്തകര:

ശബരിമല വനമേഖലയോട് ചേർന്നാണ് നിരപ്പാറ മല. അതീവ പരിസ്ഥിതി ദുർബല പ്രദേശമായി കണക്കാക്കുന്ന ഇവിടെ 2021 ൽ ഉരുൾപൊട്ടലും ഉണ്ടായിട്ടുണ്ട്. കാരികയം ഡാമിൽ നിന്നും 2.5 കിലോമീറ്റർ മാത്രമാണ് പാറ ഖനനം നടക്കുന്ന നിരപ്പാറ മലയിലേക്കുള്ളത്. അതീവ ജൈവ വൈവിധ്യ മേഖലയായി കണക്കാക്കി യുനെസ്‌കോ ലോക പൈതൃക സങ്കേതമായി അംഗീകരിച്ചിട്ടുള്ള പ്രദേശത്ത് യാതൊരു ഖനന പ്രവർത്തനങ്ങളും നടത്താൻ നിയമം അനുവദിക്കില്ല എന്നിരിക്കേയാണ് ഉദ്യോഗസ്ഥ, രാഷ്ട്രീയ പിന്തുണയോടെ ഖനനം നടക്കുന്നത്.

ഖനന പ്രവർത്തനങ്ങൾക്കെതിരെ പരാതിയുമായി ചെന്ന പരിസ്ഥിതി പ്രവർത്തകരാട് വനഭുമി ആയതിനാൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല എന്നാണ് റവന്യു വകുപ്പ് അധികൃതർ പറയുന്നത്. നടപടി എടുക്കേണ്ടത് വനം വകുപ്പ് ആണത്രേ. വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചാൽ റവന്യു ഭൂമിയാണ്, നടപടിയെടുക്കേണ്ടത് അവരാണ് എന്നും പറഞ്ഞ് ഒഴിഞ്ഞ് മാറുമെന്ന് പശ്ചിമഘട്ട സംരക്ഷണ സമിതി പ്രവർത്തകർ പറയുന്നു.

സർക്കാർ വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങളുടെ മറവിൽ പാറഖനനം അനിയന്ത്രിതമായ നിലയിൽ നടക്കുകയാണെന്നും പരിസ്ഥിതി പ്രവർത്തകർ പറയുന്നു. അള്ളുങ്കൽ, മണിയാർ തുടങ്ങിയ ഡാമുകളുടെ ഷട്ടർ തുറന്ന് വിടുമ്പോൾ കക്കാട്ടാറിനും പമ്പാ നദിക്കും ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് നൽകുന്ന ജില്ലാ ദുരന്തനിവാരണ വകുപ്പ് ഡാമിന് തൊട്ടടുത്ത് നടത്തുന്ന ഉഗ്ര സ്ഫോടനങ്ങളെപ്പറ്റി യാതൊരു മുന്നറിയിപ്പും നൽകുന്നില്ല. ഇത് സംബന്ധിച്ച് ലഭിക്കുന്ന പരാതികളോടും നിസംഗത പാലിക്കുന്നു. പാറ ഖനനം നടത്തുന്ന സ്ഥലത്തേക്ക് വഴി വെട്ടിയതും അനധികൃതമായാണ്. പാട്ടക്കാലാവധി കഴിഞ്ഞ ഹാരിസൺ എസ്റ്റേറ്റിലുടെ 500 മീറ്ററിലധികം ദൂരത്തിൽ വഴി വെട്ടാൻ അനധികൃതമായി അനുവാദം നൽകിയത് സമീപത്തെ ക്ഷേത്ര വികസനത്തിനായി അര സെന്റ് തോട്ട ഭൂമി കൈയേറിയതായി ആരോപിച്ച് ക്ഷേത്രക്കമ്മറ്റിക്കെതിരെ കേസ് കൊടുത്ത ഹാരിസൺ എസ്റ്റേറ്റ് മാനേജർ തന്നെയാണ്.

ജില്ലയിലെ പ്രധാന റവന്യു, പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥരും പൊതുജനങ്ങളും എല്ലാ ശബരിമല സീസണിലും മാസ പൂജാ കാലത്തും കടന്ന് പോകുന്ന വഴിയിൽ ളാഹയിൽ നിന്നാൽ തൊട്ട് മുന്നിലായി കാണാവുന്ന വൻതോതിലുള്ള ഖനനം കണ്ടില്ല എന്ന് നടിക്കുന്നത് രാഷ്ട്രീയ സാമ്പത്തിക സമ്മർദ്ദങ്ങൾ കാരണമാണെന്ന് വ്യക്തമാണ്. പാറ, മണ്ണ് ഖനനത്തിന് നേരിട്ടിടപെടേണ്ട ജിയോളജി വകുപ്പിന്റെ പ്രവർത്തനങ്ങൾ അതീവ ദുരുഹമാണ്.