- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുയിലൂർ താഴ്‌വാരവും ക്വാറി മാഫിയ തുരന്നെടുക്കുന്നു; വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം ഖനനം; ചിരുകണ്ടാപുരം കുന്നിൽ പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം; എന്നിട്ടും കണ്ടില്ലെന്ന് നടിച്ച് ജനകീയ പ്രതിഷേധത്തോട് മുഖംതിരിച്ച് റവന്യൂ അധികൃതർ
ഇരിക്കൂർ: ഇരിക്കൂരിലെ ജൈവവൈവിധ്യങ്ങളുള്ള കുയിലൂർ താഴ്‌വാരവും ക്വാറി മാഫിയ തുരന്നെടുക്കുന്ന. കുയിലൂർ പഴയ വില്ലേജോഫീസ് നിവാസികളുടെ ജീവിതത്തിന് ഭീഷണിയായി ചിരുകണ്ടാപുരം കുന്നിൽ പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധമുയരുന്നുണ്ടെങ്കിലും അധികൃതർ അവഗണിക്കുകയാണ്. താഴ്‌വാരം സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാരംഭിച്ചത്. ക്വാറിക്ക് പഞ്ചായത്തിന്റെ അനുമതി നേടിയെടുത്തതിലുംദുരൂഹതയുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ അവസാന കാലത്താണ് ക്വാറിക്ക് പ്രവർത്തനാനുമതി നൽകിയത്. ഖനനം ചിരുകണ്ടാപുരം കുന്നിലെ പ്രകൃതിദത്ത വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം മേഖലയിൽ വൻ പരസ്ഥിതിക ആഘാതവും സൃഷ്ടിക്കുകയാണ്. പ്രദേശത്ത് വർഷങ്ങളായി താമസിക്കുന്ന നാല് ആദിവാസി കുടുംബങ്ങൾ തോട്ടിൽ നിന്ന് നേരിട്ടും കടുത്ത വേനലിൽ നിരുറവയുടെ പ്രഭവ കേന്ദ്രത്തിൽ നിന്നും ചെറു പൈപ്പ് വഴിയും കുടിവെള്ളമെടുക്കുന്ന പ്രദേശത്താണ് ഖനനം നടക്കുന്നത്.
നിരവധി പ്രദേശവാസികൾ തങ്ങളുടെ ദുരിതം അറിയിച്ചതിനെത്തുടർന്ന് പ്രദേശത്ത് എത്തിയ മാധ്യമ പ്രവർത്തകരെ ക്വാറി ഉടമകളുടെ ഒരു സംഘം ആളുകൾ തടയുകയും കൈയേറ്റം ചെയ്യാനും ശ്രമിച്ചു. ഇരിക്കൂർ എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയെങ്കിലും ക്യമാറയും മൊബൈൽ ഫോണുമായി മാധ്യമപ്രവർത്തകരെ കടത്തിവിടില്ലെന്ന വാശിയിൽ ഉടമകളും ക്വാറിയുടെ സംരക്ഷകരെന്ന പേരിൽ ചിലരും ഗെയിറ്റിന് സമീപം നിലയുറപ്പിച്ചു. ഏറെ വാക്കേറ്റത്തിന് ശേഷം മാധ്യമ പ്രവർത്തകർ ക്വാറി മേഖലയിലേക്ക് പ്രവേശിക്കാൻ കഴിയാതെ മടങ്ങിപോവുകയായിരുന്നു.
വർഷങ്ങൾക്ക് മുന്മ്പ് ചെറിയ ഖനനം തുടങ്ങിയപ്പോൾ തന്നെ പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ക്വാറിക്കാണ് കൊവിഡിന്റെ മറവിൽ അനുമതി നേടിയിരിക്കുന്നത്. ക്വാറി പ്രവർത്തനം തുടങ്ങിയപ്പോൾ മാത്രമാണ് പ്രദേശ വാസികൾ പോലും അറിയുന്നത്. നിരവധി കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു ഇവിടം. വാഹന സൗകര്യമുള്ള റോഡില്ലാഞ്ഞതിനാൽ പലകുടുംബങ്ങളും കുന്നിൻ താഴ്‌വാരത്തേക്ക് താമസം മാറ്റിയതോടെ അവരുടെ സ്ഥലവും വാങ്ങിയെടുത്താണ് ക്വാറിക്ക് വീണ്ടും അനുമതി നേടിയെടുത്തത്.
ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന പാതയിൽ നിന്നും ഒന്നര കിലോമീറ്ററോളം ദൂരമാണ് ക്വാറിയിലേക്കുള്ളത്. ഇതിൽ ഒരു കിലോമീറ്റർ റോഡ് പഞ്ചായത്തിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും ഇതിലൊരു ഭാഗം ക്വാറി ഉടമകൾ നിയന്ത്രണത്തിലാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. റോഡിന്റെ ഇരുവശങ്ങിലും കഴിയുന്ന നിരവധി കുടുംബങ്ങളുടെ യാത്രാ ക്ലേശം പരിഗണിച്ച് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി കോൺക്രീറ്റും ചെയ്തു. റോഡിന് നാലുമീറ്റർ വീതി വേണമെങ്കിലും തീർത്തും ഗ്രാമീണ റോഡ് എന്ന പരിഗണനയിൽ മൂന്നര മീറ്റർ പോലും ഇല്ലാത്ത ഭാഗങ്ങൾപോലും ഗതാഗത യോഗ്യമാക്കുകയായിരുന്നു. ഈ റോഡിലൂടെയാണ് ക്വാറിയിലേക്ക് വലിയ ടിപ്പർ ലോറികൾ കടന്നു പോകുന്നത്.
ലോറി കടന്നു പോകുമ്പോൾ റോഡിന് ഇരു വശങ്ങളിലും ഒരടി സ്ഥലം പോലും കാൽ നടയാത്രക്കാർക്ക് തെറ്റി നില്ക്കാൻ ഉണ്ടാവില്ല. സ്‌കൂൾ കുട്ടികളും പ്രായമായവും ഏത് സമയവും അപകടത്തിൽപ്പെടാവുന്ന അവസ്ഥയാണ്. ഖനനം തുടങ്ങിയത് മുതൽ പ്രദേശത്തെ തോടും കലങ്ങി ഒഴുകാൻ തുടങ്ങി. നിരവധിപേർ ഉപയോഗിക്കുന്ന തോടാണ് ഈ വിധം നശിക്കുന്നത്. ഖനന മേഖലയിൽ നിന്നും സ്ഫോടക വസ്തുക്കളുടെ വിഷാംശങ്ങളും കരിങ്കൽ പൊടിയും കലർന്ന വെള്ളം വീടുകളിലെ കിണറുകളിലേക്ക് അരിച്ചിറങ്ങാനും തുടങ്ങും. പൊടിശല്യവും മേഖലയിലാകെ രൂക്ഷമാണ്. ഇത് ശ്വാസകോശ രോഗങ്ങൾക്കടക്കം കാരണമാകുമെന്നും പ്രദേശവാസികൾക്കു ആശങ്കയുണ്ട്.
കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് ക്വാറിക്ക് അനുമതി നൽകിയതെന്ന് പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീൻ പറഞ്ഞു. ജനവാസ മേഖലയായതിനാലും പ്രദേശത്തുകൂടി ഒഴുകുന്ന തോടിന് കുറുകെ പഞ്ചായത്തിന്റെ അനുമതിയില്ലാതെ പൈപ്പ് ഇട്ടതിനാലും ക്വാറിയുടെപ്രവർത്തനം നിർത്തിവെക്കാൻ നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ ക്വാറി ഉടമകൾ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. പഞ്ചായത്തിന്റെ വിശദീകരണം പോലും ചോദിക്കാതെയാണ് കോടതിയിൽ നിന്നും ഇടപെടൽ ഉണ്ടായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഭരണസമിതിയിൽ ക്വാറിയുടെ അനുമതി സംബന്ധിച്ച വിഷയം വന്നപ്പോൾ എതിർക്കുകയും അനുമതി നൽകില്ലെന്ന് യോഗത്തിൽ ഉറപ്പും ഉണ്ടായിരുന്നതായി മുൻ വാർഡ് അംഗം പ്രസന്ന പറഞ്ഞു. ഇപ്പോൾ പുറത്തു വന്ന രേഖയിൽ താൻ ഉൾപ്പെട്ട യോഗത്തിൽ ക്വാറിക്ക് അനുമതി നൽകിയതായി കാണുന്നുണ്ട്. എന്നാൽ ഇങ്ങനെ ഒരനുമതി തന്റെ അറിവോടെ ഉണ്ടായിട്ടില്ലെന്നാണ് മുൻഗ്രാമപഞ്ചായത്ത് അംഗം പറയുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെ ഇപ്പോൾ ക്വാറിക്ക് സ്റ്റോപ്പ് മൊമ്മേ നൽകിയതിലും ദുരൂഹത തുടരുകയാണ്. ക്വാറി ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസുപോലും നൽകാതെയാണ് സ്റ്റോപ്പ് മൊമ്മോ നൽകിയത്. ഇതാണ് ക്വാറി ഉടമകൾക്ക് എളുപ്പത്തിൽ കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് നേടാൻ ഇടയാക്കിയതെന്ന ആരോപണവും ശക്തമാവുകയാണ്.
പരിതഃസ്ഥിതിയെ തന്നെ മാറ്റി മറിക്കുന്ന നിലയിലുള്ള വലിയ കരിങ്കൽ ഖനനമാണ് ഇവിടെ നടക്കുന്നത്. കുന്നിൽ നിന്നും വരുന്ന നീരുറവയാണ് പ്രദേശത്തെ കിണറുകളെ ജനസമൃദ്ധമാക്കുന്നത്. നീരുറവ ഇല്ലാതാക്കിക്കൊണ്ട് നടക്കുന്ന ഖനനം പ്രദേശവാസികളുടെ കുടിവെള്ളം പോലും മുട്ടിക്കും. മേഖലയിലെ ആദിവാസി കുടുംബങ്ങൾ കുടിക്കാനും കുളിക്കാനും ഉപയോഗിക്കുന്ന വെള്ളമാണ് മലിനമാക്കുന്നത്. ഇതേ കുന്നിന്റെ ഒരു ഭാഗത്ത് നടക്കുന്ന ചെങ്കൽ ഖനനവും മറുഭാഗത്തെ കരിങ്കൽ ഖനനവും മൂലം മേഖലയാതെ ഇടിഞ്ഞ് ഇല്ലാതാകുന്ന സാഹചര്യമാണ് ഉണ്ടാകാൻ പോകുന്നത്. ഇത് വലിയ പാരിസ്ഥിതിക ദുരന്തത്തിന് കാരണമാകുമെന്ന ആശങ്കയും പ്രദേശവാസികളിൽ ശക്തമാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്