ലണ്ടന്‍: ലൈസന്‍സില്ലാതെ വീട് വാടകയ്ക്ക് നല്‍കിയ ചാന്‍സലര്‍ക്ക് ആയിരക്കണക്കിന് പൗണ്ട് വാടകക്കാര്‍ക്ക് തിരികെ നല്‍കേണ്ടതായി വരും. റെയ്ച്ചല്‍ റീവ്‌സിനെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ വേണമെന്ന ആവശ്യം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ശക്തമാക്കുകയാണ്. പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ പിന്തുണയുണ്ടെങ്കിലും ഡെയ്ലി മെയില്‍ പുറത്തു കൊണ്ടുവന്ന ഈ ക്രമക്കേട് ഇപ്പോള്‍ ചാന്‍സലര്‍ക്ക് വലിയൊരു തിരിച്ചടി ആയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ചാന്‍സലര്‍ പദവിയിലെത്തിയതിന്റെ തുടര്‍ന്ന് 11 ഡൗണിംഗ് സ്ട്രീറ്റിലേക്ക് താമസം മാറ്റിയപ്പോള്‍ റെയ്ച്ചല്‍ റീവ്‌സ്, തന്റെ, തെക്കന്‍ ലണ്ടന്‍, ഡള്‍വിച്ചിലുള്ള വീട് വാടകയ്ക്ക് നല്‍കിയിരുന്നു. എന്നാല്‍, അതിനു മുന്‍പായി നിയമാനുസൃതം ആവശ്യമായ ലാന്‍ഡ്‌ലോര്‍ഡ് ലൈസന്‍സ് അവര്‍ എടുത്തിരുന്നില്ല. അനധികൃതമായി വാടകയ്ക്ക് നല്‍കിയ വീടുകള്‍ ഒഴിപ്പിക്കാന്‍ തന്നെയാണ് സൗത്ത്വാക്ക് കൗണ്‍സിലിന്റെ തീരുമാനം.

ഇതുവരെ നല്‍കിയ വാടക തിരികെ ലഭിക്കുമെന്ന് വാടകക്കാരോട് കൗണ്‍സില്‍ അവരുടെ വെബ്‌സൈറ്റ് വഴി പറഞ്ഞിട്ടുമുണ്ട്. റീവ്‌സിന്റെ കാര്യത്തില്‍ ഏകദേശം 38,000 പൗണ്ട് വരെ ഇപ്രകാരം തിരികെ നല്‍കേണ്ടി വരുമെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റു പല വീട്ടുടമകളും കോടതിയെ സമീപിച്ചെങ്കിലും, പ്രശ്നം ഉയര്‍ന്നു വന്ന് മണിക്കൂറുകള്‍ക്കകം തന്നെ അത് പരിഹരിച്ചതായി സര്‍ കീര്‍ സ്റ്റാര്‍മര്‍ പറയുന്നു.

റീവ്‌സിന്റെ ക്ഷമാപണത്തിനു ശേഷം കൂടുതല്‍ അന്വേഷണങ്ങളുടെ ആവശ്യമില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. തന്റെ സ്വതന്ത്ര എത്തിക്സ് ഉപദേഷ്ടാവ് സര്‍ ലോറി മാഗ്‌നസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. അതേസമയം, രാഷ്ട്രീയകാര്യ ലേഖകന്മാരുമായി നടത്തിയ പത്രസമ്മേളനത്തില്‍ റീവ്‌സ് മന്ത്രിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചോ എന്ന ചോദ്യത്തിന് പ്രധാനമന്ത്രിയുടെ വക്താവ് കൃത്യമായ മറുപടി നല്‍കിയില്ല.

നേരത്തെ, തെറ്റായ വിവരം നല്‍കി സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ഇളവ് നേടി എന്ന ആരോപണത്തില്‍ മുന്‍ ഉപപ്രധാനമന്ത്രി എയ്ഞ്ചല റെയ്നര്‍ക്ക് മന്ത്രിപദം ഒഴിയേണ്ടതായി വന്നിരുന്നു. ലേബര്‍ സര്‍ക്കാരിന്റെ ഭാവി തന്നെ നിശ്ചയിച്ചേക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുനന്‍ ബജറ്റ് അവതരിപ്പിക്കാന്‍ ഒരു മാസത്തില്‍ കുറവ് ദിവസങ്ങള്‍ മാത്രം നിലനില്‍ക്കേയാണ് ഇപ്പോള്‍ ചാന്‍സലറും വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്.