- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം; തല ബസിന്റെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് വച്ച് അടിച്ചതിനെ തുടര്‍ന്ന് സാരമായ പരുക്ക്; പൊലീസ് കസ്റ്റഡിയിലായ 31കാരന്‍ അക്രമി ലഹരി വില്പന സംഘത്തിലെ അംഗമെന്ന് സംശയം
യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം
കവന്‍ട്രി: ഇംഗ്ലണ്ടിലെ കവന്‍ട്രിയില്‍ പൊതുവെ ശാന്തമായ തീരനഗരം എന്നറിയപ്പെടുന്ന പ്ലീമൗത്തില്‍ തിങ്കളാഴ്ച രാത്രി ഒന്‍പതരയോടെ മലയാളി യുവാവിന് നേരെ ബസില്‍ വച്ച് ക്രൂരമായ വംശീയ ആക്രമണം. പ്രാദേശിക മാധ്യമങ്ങളാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. പ്രകോപനമില്ലാതെയുള്ള അക്രമമെന്നു പ്രദേശത്തെ മലയാളികള്‍ പറയുന്നുണ്ടെങ്കിലും പോലീസ് അക്രമിയെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. അടുത്തിടെയായി പ്ലീമൗത്തില്‍ ബസില്‍ തുടരെ ആക്രമം ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പ്രദേശത്തെ മയക്കു മരുന്നു വ്യാപാരവുമായി ബന്ധമുള്ള ആളാണ് അറസ്റ്റില്‍ ആയ 31 കാരന്‍ എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
അക്രമത്തില്‍ പരുക്കേറ്റ യുവാവിന്റെ നില ഭേദപ്പെടുന്നതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ യുവാവാണ് ആക്രമിക്കപ്പെട്ടതെന്നു പറയപ്പെടുന്നു. ഇയാള്‍ രാത്രി ഷിഫ്റ്റിനായി ആശുപത്രിയിലേക്ക് പോകും വഴിയാണ് ആക്രമിക്കപെട്ടത്. വംശീയവാദിയുടെ ആക്രമത്തില്‍ ബസിന്റെ ചില്ലു തകര്‍ന്നിട്ടുണ്ട്. ഇയാളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുകയാണ് പോലീസ് എന്ന് പ്ലീമൗത്ത് ലൈവ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ മലയാളത്തില്‍ ഉറക്കെ സംസാരിച്ചു വീഡിയോ പകര്‍ത്തിയതിന് ജര്‍മനിയില്‍ സഞ്ചാരത്തിന് എത്തിയ പ്രമുഖ മലയാളി യൂട്യൂബര്‍ക്കു ട്രെയിനില്‍ യാത്ര ചെയ്തിരുന്ന പ്രായം ചെന്ന ദമ്പതികളുടെ അനിഷ്ടത്തിനു വിധേയനാകേണ്ടി വന്ന വിവരം കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തികച്ചും അരോചകമായ വിധം മലയാളത്തില്‍ ഉറക്കെ സംസാരിച്ചിട്ടും താന്‍ തെറ്റെന്നും ചെയ്തില്ലല്ലോ എന്നാണ് ഇടയ്ക്കിടെ യുകെയിലും എത്തുന്ന ഈ വ്ലോഗര്‍ പ്രതികരിക്കുന്നത്. ഇത് പൊതുയിടമാണ് കുറച്ചു കൂടി മാന്യമായി പെരുമാറണം എന്ന് ഇയാളോട് ട്രെയിന്‍ യാത്രക്കാര്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
സമാന സാഹചര്യത്തില്‍ യുകെയിലും ട്രെയിനിലും ബസിലും നടന്നു പോകുമ്പോഴും ഫോണില്‍ ഉറക്കെ സംസാരിക്കുന്ന മലയാളികളുടെ എണ്ണം കൂടിവരികയാണ്. ഒരു കാരണവും ഇല്ലെങ്കിലും വംശീയ വാദിയുടെ മുന്നില്‍ ചെന്നുപെട്ടാല്‍ ഈ സംസാര ശൈലി കൊണ്ട് മാത്രം ചിലപ്പോള്‍ ആക്രമിക്കപ്പെട്ടേക്കാം എന്നതാണ് സാഹചര്യം. അടുത്തിടെ ഡെറം എന്ന ചെറുപട്ടണത്തില്‍ വര്‍ത്തമാനം പറഞ്ഞു നടന്നു പോകുക ആയിരുന്ന ദമ്പതികള്‍ ആക്രമിക്കപെട്ടതും പ്രകോപനം കൂടാതെയാണ് എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. വംശീയ ആക്രമണം പതിവില്ലാത്ത വിധം യുകെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതലോടെ പൊതു ഇടത്തില്‍ പെരുമാറാന്‍ ശ്രദ്ധിക്കണം എന്ന സൂചനയാണ് അക്രമങ്ങള്‍ നല്‍കുന്നത്.