ന്യൂഡല്‍ഹി: ഇന്ത്യയുടെ ശക്തമായ സൈനിക മറുപടിയില്‍ പാക്കിസ്ഥാനിലെ നിരവധി വ്യോമതാവളങ്ങള്‍ തകര്‍ന്നതായി റിപ്പോര്‍ട്ട്. രഹിം യാര്‍ ഖാനിലെ വ്യോമതാവളത്തിലേയ്ക്ക് ശനിയാഴ്ച പുലര്‍ച്ചെ നടന്ന മിസൈല്‍ ആക്രമണമാണ് പാക് മാധ്യമങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ ഗൗരവമായ നാശനഷ്ടമുണ്ടായെന്നും തകര്‍ന്ന നിലയിലെ വ്യോമതാവളങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രാദേശിക മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.

'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന ആസൂത്രിത സൈനിക നടപടിയുടെ തുടര്‍പ്രവര്‍ത്തനങ്ങളിലൊടെയാണ് ഇന്ത്യന്‍ സേന പാക്കിസ്ഥാനിലേക്ക് വീണ്ടും തിരിച്ചടിയുമായി നീങ്ങിയത്. ഭീകരാക്രമണങ്ങള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപന പ്രവര്‍ത്തനങ്ങള്‍ രൂക്ഷമായതോടെയാണ് ശക്തമായ പ്രതികരണമായി ഇന്ത്യയുടെ മിസൈല്‍ ആക്രമണം നടന്നത്.

റഫീഖി, മുരീദ്, ചക്ലാല, റഹിം യാര്‍ ഖാന്‍, സുക്കുര്‍, ചുനിയാന്‍ എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളെയും പസ്‌റൂറിലെ റഡാര്‍ സ്റ്റേഷനെയും ഇന്ത്യ ലക്ഷ്യമാക്കി ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമതാവളങ്ങള്‍ക്ക് നേരെ നേരിട്ടുള്ള മിസൈല്‍ ആക്രമണമാണ് ഉണ്ടായത്.

അന്താരാഷ്ട്ര തലത്തില്‍ ഉണര്‍വുണ്ടാക്കിയ ഈ തിരിച്ചടിയിലൂടെ ഭീകരതയെ ആവര്‍ത്തിക്കുന്നതില്‍നിന്ന് പാകിസ്താന്‍ പിന്‍വാങ്ങുമോയെന്നതു കൂടി ചര്‍ച്ചാവിഷയമാവുകയാണ്. നിലവില്‍ അതിര്‍ത്തിപ്രദേശങ്ങളിലുടനീളം സുരക്ഷ ശക്തമാക്കിയതായി ഇന്ത്യന്‍ സേന അറിയിച്ചു.