തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറസ്റ്റിലായതിന് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ ഈശ്വര്‍. ശബരിമല പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പത്മകുമാറാണെന്നാണ് രാഹുല്‍ പറയുന്നത്. ഒരു വശത്തു മുഖ്യമന്ത്രി പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച സഖാവായിരുന്നു അദ്ദേഹമെന്നും ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമുണ്ടെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ശബരിമല പ്രക്ഷോഭത്തില്‍ ആദ്യ അറസ്റ്റ് എന്റെ 82 വയസ്സുള്ള മുത്തശ്ശി ദേവകി അന്തര്‍ജ്ജനത്തിന്റേതാണ്, അത് അയ്യപ്പന് വേണ്ടി ഉള്ള പോരാട്ടം ആയിരുന്നെങ്കില്‍, ഇന്ന് അയ്യപ്പന്റെ സ്വര്‍ണം കൊള്ള ചെയ്തതിനാണ് പദ്മകുമാര്‍ സര്‍ നെ അറസ്റ്റ് ചെയ്തത്.

മനസ്സ് നീറുന്ന വിഷമമാണ് പദ്മകുമാര്‍ സര്‍ ന്റെ അറസ്റ്റ് വാര്‍ത്ത കേള്‍ക്കുമ്പോള്‍. അദ്ദേഹത്തിന്റെ ശമ്പളം ശബരിമല പ്രക്ഷോഭത്തെ സഹായിക്കാന്‍ തരാം എന്ന് പറഞ്ഞ, ശബരിമല വിധി വന്നപ്പോള്‍ കണ്ണീരണിഞ്ഞ ഒരു മനുഷ്യന്‍.. ഒരു വശത്തു മുഖ്യമന്ത്രി ശ്രീ പിണറായിയെ മറുവശത്തു ഞങ്ങള്‍ വിശ്വാസികളെ ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ച ഒരു സഖാവ് ഇങ്ങനെ സ്വര്‍ണ്ണ കൊള്ള വിഷയത്തില്‍ അറസ്റ്റില്‍ ആയതില്‍ വിഷമമാണ് ...

ആദ്യ ദിനം പ്രക്ഷോഭം തുടങ്ങാന്‍ എന്നെയും മുത്തശ്ശിയേയും, അമ്മയെയും ശബരിമലയില്‍ എത്താന്‍ സഹായിച്ചത് പദ്മകുമാര്‍ സര്‍ ആണ് .. വാസു സര്‍ എന്നും വിശ്വാസികളെ തോല്‍പിക്കാന്‍ ശ്രമിച്ച വ്യക്തിയാണ് ... പദ്മകുമാര്‍ സര്‍ സമസ്താപരാധം അയ്യപ്പനോട് പറഞ്ഞു പ്രായശ്ചിത്തം ചെയ്യട്ടെ .. ഹൈക്കോടതി ക്ഷമിക്കില്ല, അയ്യപ്പന്മാര്‍ ക്ഷമിക്കില്ല, പക്ഷെ ഈ മുതിര്‍ന്ന പ്രായത്തില്‍ പദ്മകുമാര്‍ സര്‍ നോട് അയ്യപ്പന്‍ ക്ഷമിക്കട്ടെ .. സ്വാമി ശരണം

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ എ. പത്മകുമാറിനെ ഇന്നലെ കോടതി റിമാന്‍ഡ് ചെയ്തരുന്നു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. കനത്ത സുരക്ഷയില്‍ ഇന്നലെ രാത്രി എട്ടരയോടെ കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി സി. മോഹിതിന്റെ തേവള്ളിയിലെ വസതിയില്‍ പ്രത്യേക അന്വേഷണസംഘം പത്മകുമാറിനെ എത്തിക്കുകയായിരുന്നു. നടപടി പൂര്‍ത്തിയാക്കി തിരുവനന്തപുരം പ്രത്യേക ജയിലിലേക്ക് മാറ്റി.

ശബരിമല ശ്രീകോവിലിലെ വാതില്‍ കട്ടിളപ്പടിയിലെ സ്വര്‍ണക്കവര്‍ച്ചയിലാണ് എട്ടാം പ്രതിയായിരുന്ന സി.പി.എം പത്തംതിട്ട ജില്ല കമ്മിറ്റി അംഗവും മുന്‍ കോന്നി എം.എല്‍.എയുമായ പത്മകുമാറിന്റെ അറസ്റ്റ് പ്രത്യേക അന്വേഷണസംഘം (എസ്.എ.ടി) രേഖപ്പെടുത്തിയത്. എസ്.എ.ടി നല്‍കിയ നോട്ടീസിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച പുലര്‍ച്ച ആറന്‍മുളയിലെ വീട്ടില്‍നിന്ന് തിരുവനന്തപുരത്തെത്തിയ പത്മകുമാറിനെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എസ്.പി ശശിധരന്റെ നേതൃത്വത്തില്‍ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. തുടര്‍ന്ന് പൊലീസ് അകമ്പടിയില്‍ ദേഹപരിശോധനക്കായി ജനറല്‍ ആശുപത്രിയിലെത്തിച്ച പത്മകുമാര്‍ എല്ലാം അയ്യപ്പന്‍ തീരുമാനിക്കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

കട്ടിളപ്പടിയിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് എ. പത്മകുമാര്‍. ശബരിമലയില്‍ നിന്നും 2019ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ കട്ടിളപ്പടിയിലെ സ്വര്‍ണം പൊതിഞ്ഞ ചെമ്പുപാളികള്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ അനധികൃതമായി പുറത്തേക്ക് കൊണ്ടുപോയത് അന്നത്തെ ദേവസ്വം ഭരണസമിതിയുടെ ഒത്താശയോടുകൂടിയായിരുന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.

എന്നാല്‍, അന്നത്തെ ദേവസ്വം കമീഷണറായിരുന്ന എന്‍. വാസുവും ദേവസ്വം സെക്രട്ടറിടയക്കമുള്ള ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡിന് കൈമാറിയ രേഖപ്രകാരമാണ് സ്വര്‍ണപാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതെന്ന് പത്മകുമാര്‍ അന്വേഷണസംഘത്തോട് പറഞ്ഞു. എന്നാല്‍ പത്മകുമാറിന്റെ ഈ വാദങ്ങളെല്ലാം എസ്.എ.ടി തള്ളികളയുകയായിരുന്നു.

ശ്രീകോവിലിന്റെ കട്ടിളപ്പടികളിലും അതിനോട് ചേര്‍ന്ന പ്രഭാമണ്ഡലത്തിലും 1998ല്‍ വിജയ് മല്യയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സ്വര്‍ണം പൊതിഞ്ഞിട്ടുണ്ടെന്ന് പ്രസിഡന്റായ പത്മകുമാറിനും അന്നത്തെ ഭരണസമിതി അംഗങ്ങളായ കെ.പി. ശങ്കര്‍ദാസിനും എന്‍. വിജയകുമാറിനും അറിവുണ്ടായിരുന്നു. കെ.പി ശങ്കര്‍ദാസിന്റെയും എന്‍. വിജയകുമാറിന്റെയും അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തും. ഇരുവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.