- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കസ്റ്റഡിയില്‍ ഇരിക്കവേ ഫേസ്ബുക്ക് പോസ്റ്റ്; ആശുപത്രി വാസം അന്വേഷണത്തെ ബാധിച്ചു; നിരാഹാര സമരം വെല്ലുവിളിക്കാന്‍; ഒരേ സമയം രണ്ട് ജാമ്യാപേക്ഷകള്‍; കോടതി പരിസരത്ത് പട്ടി ഷോ; വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന പാവം മനുഷ്യനെന്ന് അഭിഭാഷകന്‍ സമ്മതിച്ചിട്ടും രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിക്കാതെ പോയത് ഇക്കാരണങ്ങളാല്‍
കസ്റ്റഡിയില്‍ ഇരിക്കവേ ഫേസ്ബുക്ക് പോസ്റ്റ്; ആശുപത്രി വാസം അന്വേഷണത്തെ ബാധിച്ചു
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസിലെ അതിജീവിതയുടെ സ്വകാര്യത ലംഘിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന രാഹുല്‍ ഈശ്വറിന്റെ ജയില്‍വാസം നീളുകയാണ്. രാഹുലിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയും തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്നലെ തള്ളുകയുണ്ടായി. രാഹുലിന് കേസില്‍ വേഗത്തില്‍ ജാമ്യം ലഭിക്കുമെന്നാണ് കരുതിയെങ്കിലും പോലീസ് കസ്റ്റഡിയിലും കോടതികളിലും നടത്തിയ പെരുമാറ്റം തന്നെയാണ് രാഹുലിന് തിരിച്ചടിയായി മാറിയത്.
ബലാത്സംഗക്കേസിലെ അതിജീവിതയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്ന കുറ്റത്തിനാണ് രാഹുല്‍ ഈശ്വര്‍ നിലവില്‍ ജയിലില്‍ കഴിയുന്നത്. ഈ കുറ്റകൃത്യത്തിന് ശിക്ഷിക്കപ്പെട്ടാല്‍ പരമാവധി ഒരു വര്‍ഷം മാത്രമാണ് തടവ് ലഭിക്കുക. എന്നിട്ടും അദ്ദേഹം ഒരാഴ്ചയിലധികം ജയിലില്‍ തുടരുകയാണ്. ഇന്നലെ കോടതി ജാമ്യം നിഷേധിക്കുന്നതില്‍ചൂണടിക്കാട്ടിയ കാര്യങ്ങള്‍ ശ്രദ്ധേയമാണ്.
അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ രാഹുല്‍ ഈശ്വര്‍ ബഹളമുണ്ടാക്കിയതും, അഭിഭാഷകന്‍ ഉണ്ടായിരുന്നിട്ടും നേരിട്ട് സംസാരിക്കാന്‍ ശ്രമിച്ചതും കോടതിയുടെ നടപടിക്രമങ്ങളെ ലംഘിക്കുന്നതായി വിലയിരുത്തി. ജയിലില്‍ കിടക്കുമ്പോഴും നിരാഹാരം പ്രഖ്യാപിച്ചതും, സാമൂഹ്യ മാധ്യമങ്ങളില്‍ വെല്ലുവിളികള്‍ നിറഞ്ഞ പോസ്റ്റുകള്‍ വന്നതും രാഹുലിന് തിരിച്ചടിയായി മാറി. മറ്റൊരാള്‍ അപ്ലോഡ് ചെയ്തതെങ്കില്‍ പോലും രാഹുലിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് അന്വേഷണത്തോട് സഹകരിക്കുന്നില്ല എന്ന പ്രോസിക്യൂഷന്‍ വാദത്തിന് ബലമേകി.
രണ്ട് കോടതികളില്‍ ഒരേ സമയം ഹര്‍ജിയാണ് മറ്റൊരുകാര്യം. ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന അവസാന നിമിഷം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയ സാങ്കേതിക പ്രശ്‌നമാണ് നിര്‍ണ്ണായകമായത്. ഒരേ കേസിന്റെ ജാമ്യത്തിനായി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലും സെഷന്‍സ് കോടതിയിലും ഒരേ സമയം ഹര്‍ജികള്‍ നിലവിലുണ്ടായിരുന്നു. ഒരു കോടതിയില്‍ ഹര്‍ജി നിലനില്‍ക്കെ സമാനമായ കേസ് മറ്റൊരു കോടതിയില്‍ ഫയല്‍ ചെയ്യാന്‍ പാടില്ലെന്ന നിയമം ലംഘിക്കപ്പെട്ടു.
നിയമം അറിയുന്ന രാഹുല്‍ ഈശ്വര്‍, തന്റെ അഭിഭാഷകനില്‍ നിന്ന് ഈ വിവരം മറച്ചുവെച്ചതോ, അല്ലെങ്കില്‍ അഭിഭാഷകര്‍ക്കിടയിലെ ഏകോപനമില്ലായ്മയോ ആവാം ഈ വീഴ്ചക്ക് കാരണം. ഈ നടപടിയെ കോടതി നടപടിക്രമങ്ങളോടുള്ള അനാദരവായി കോടതി വിലയിരുത്തി. മുന്‍പ് പോലീസ് കസ്റ്റഡിയില്‍ ലഭിച്ചിട്ടും രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിച്ചില്ല. പകരം, അദ്ദേഹം നിരാഹാര സമരം ആരംഭിച്ചത് ഫലപ്രദമായ ചോദ്യം ചെയ്യലിന് തടസ്സമുണ്ടാക്കി. നിരാഹാര സമരം കേസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനായി സ്വീകരിക്കുന്ന വഴിയായി കണ്ട കോടതി ഇത്തരം നടപടികളുടെ പേരില്‍ ജാമ്യം അനുവദിക്കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുമെന്നും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും വ്യക്തമാക്കി.
രാഹുലിന്റെ കോടതിയിലെ പെരുമാറ്റങ്ങളും കസ്റ്റഡിയില്‍ ഇരിക്കുമ്പോള്‍ ഫേസ്ബുക്കില്‍ പോസ്റ്റുകള്‍ എത്തുകയും ചെയ്തതും വീഡിയോയിലെ പരാമര്‍ശങ്ങലും അടക്കം പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ജീവിക്കുന്ന പാവം മനുഷ്യനെന്ന്' അഭിഭാഷകനും പറയേണ്ടി വന്നു. രാഹുല്‍ വാദിക്കുന്നത് നടക്കാത്ത കാര്യങ്ങളിലാണെന്ന് കാര്യമാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.
രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിച്ചിരുന്നെങ്കില്‍, നടപടിക്രമങ്ങള്‍ ശരിയായി പാലിച്ചിരുന്നെങ്കില്‍, നിലവിലെ സാഹചര്യങ്ങളില്‍ മാറ്റമുണ്ടായി എന്ന് വാദിക്കാന്‍ അവസരം ലഭിക്കുമായിരുന്നു എന്നും എന്നാല്‍ സ്വന്തം നടപടികളിലൂടെ അദ്ദേഹം ആ അവസരം ഇല്ലാതാക്കി എന്നും കോടതി നിരീക്ഷിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച ജഡ്ജിക്ക് അവധി ആയതിനാല്‍ കേസ് ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ജാമ്യം നിഷേധിക്കപ്പെട്ട സാഹചര്യത്തില്‍, കുറച്ചുകൂടി ഉത്തരവാദിത്തമുള്ള സമീപനം സ്വീകരിക്കാമെന്ന് രാഹുല്‍ ഈശ്വര്‍ സ്വീകരിക്കേണ്ടി വരും.
കോടതിയില്‍ നിന്നും വിമര്‍ശനം കേട്ടതോടെ ജയിലിലെ നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചിട്ടുണ്ട് രാഹുല്‍ ഈശ്വര്‍. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ അറിയിച്ചു. കോടതി ജാമ്യം നിഷേധിച്ചതോടെയാണ് തീരുമാനത്തില്‍നിന്ന് പിന്‍മാറിയത്. ആഹാരം കഴിക്കാമെന്ന് ജയില്‍ അധികൃതരെ രാഹുല്‍ അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു. മൂന്നു ദോശയും ചമ്മന്തിയും കഴിച്ചു കൊണ്ടാണ് നിരാഹാരം രാഹുല്‍ അവസാനിപ്പിച്ചത്.
പരാതിക്കാരിയെ തിരിച്ചറിയാന്‍ സാധിക്കും വിധമുള്ള വിവരങ്ങള്‍ പങ്കുവച്ചതായി ആരോപിച്ച് രാഹുല്‍ ഈശ്വര്‍, കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാരിയര്‍ എന്നിവരടക്കം 6 പേര്‍ക്കെതിരെയാണ് കേസെടുത്തത്. യുവതിയുടെ വ്യക്തിത്വം വെളിപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍, ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദുരുപയോഗം എന്നീ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.




