തിരുവനന്തപുരം: പുരുഷ കമ്മീഷന്‍ വേണമെന്ന ആവശ്യം ഉയര്‍ത്തി രാഹുല്‍ ഈശ്വര്‍. കോഴിക്കോട് ദീപക് ആത്മഹത്യ ചെയ്ത കാര്യം ചൂണ്ടിക്കാട്ടിയാണ് രാഹുല്‍ ഈശ്വര്‍ വീണ്ടും രംഗത്തുവന്നത്. ദീപക് ഒരാള്‍ മാത്രമല്ല, രാഹുല്‍ മാങ്കൂട്ടത്തിലും ഇത് പോലെ എത്ര വ്യാജ പരാതികളിലാണ് പെട്ടത്. അവനെ എന്ത് മാത്രം വേട്ടയാടി എന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. നാളെ നമ്മുടെ മകന്, സഹോദരന് വ്യാജ പരാതികളില്‍ കുടുങ്ങി ജീവിതം അവസാനിപ്പിക്കാനുള്ള ഗതി ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് പുരുഷ കമ്മീഷന്‍വേണ്ടത് എന്നാണ് രാഹുല്‍ ഈശ്വര്‍ വാദിക്കുന്നത്.

രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ദീപക് ഒരു രക്തസാക്ഷിയാണ്, ആരും സഹായിക്കാനില്ലാത്ത, നിയമപരമായി സംരക്ഷണം ഇല്ലാത്ത നമ്മളെ പോലുള്ള ഒരു സാധാരണ പുരുഷന്‍, മനുഷ്യന്‍ #JusticeForDeepak

വ്യാജ പരാതിയില്‍ മനം നൊന്തു, വ്യാജ വീഡിയോയില്‍ പെട്ട് ആത്മഹത്യ ചെയ്ത വ്യക്തി. ദീപക് ഒരാള്‍ മാത്രമല്ല, രാഹുല്‍ മാങ്കൂട്ടത്തിലും ഇത് പോലെ എത്ര വ്യാജ പരാതികളിലാണ് പെട്ടത്. അവനെ എന്ത് മാത്രം വേട്ടയാടി. ഒരു വ്യാജ പരാതി വീഡിയോ ദീപകിന്റെ ആത്മഹത്യയിലേക്കു നയിച്ചു, ഒരായിരം അധിക്ഷേപം ചില വ്യാജ പരാതികളില്‍ രാഹുല്‍ മാങ്കൂട്ടത്തിലും അമ്മയും സഹിച്ചു. രാഹുല്‍ കടന്നു പോയ വേദന, ഒറ്റപ്പെടല്‍ എനിക്കറിയാം (ഞാന്‍ ചെയ്ത വീഡിയോ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെ വിളിച്ചു ഡിലീറ്റ് ചെയ്യിപ്പിച്ചതാണ് - 'എന്റെ വേദന എന്റെ സ്വകാര്യതയില്‍ ഞാന്‍ ഒറ്റയ്ക്ക് അനുഭവിച്ചോളാം' എന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ എന്റെ കണ്ണാണ് നിറഞ്ഞത്.

ഉമ്മന്‍ ചാണ്ടി സര്‍, ദിലീപ്, നിവിന്‍ പോളി, എല്‍ദോസ് കുന്നപ്പള്ളി, മുകേഷ്, രാഹുല്‍ മാങ്കൂട്ടത്തില്‍, സിദ്ദിഖ്, ഒമര്‍ ലുലു ഇവരെല്ലാം നമ്മുടെ സഹോദരങ്ങളാണ്.. ഏതോ അമ്മയുടെ, അച്ഛന്റെ മകനാണ്; നാളെ നമ്മുടെ മകന്, സഹോദരന് വ്യാജ പരാതികളില്‍ കുടുങ്ങി ജീവിതം അവസാനിപ്പിക്കാനുള്ള ഗതി ഉണ്ടാകാതിരിക്കാന്‍ ആണ് #menscommission #RahulEaswar #RAHULMAMKOOTATHIL

NOTE : -- ആ സ്ത്രീയുടെ, 'ഇരയുടെ', 'അതിജീവിതയുടെ' face & identity മറച്ചാണ് കൊടുക്കുന്നത്. ഇല്ലെങ്കില്‍ അടുത്ത കള്ള കേസ് വരും. അത്ര മാത്രം Easy ആയി ദുരുപയോഗം ചെയ്യാന്‍ പറ്റുന്നതാണ് 'തീവ്ര feminist കരി നിയമങ്ങള്‍'.

എനിക്ക് ഇനി 16 ദിവസം കൂടി ജയിലില്‍ കിടക്കാന്‍ വയ്യ. (കാരണം ഈ ഭരണകൂടം അത്രയും ദിവസം എന്നെ നിശ്ശബ്ദനാക്കിയാല്‍ അത്രയും സൗകര്യം എന്ന് വിചാരിക്കും) .. (എന്റെ കുടുംബവും ആ കള്ള കേസില്‍ അത്ര മാത്രം അനുഭവിച്ചു).. അതോടൊപ്പം നമ്മളെ പോലുള്ള കുറച്ച പേരെ പുരുഷന്മാര്‍ക്ക് വേണ്ടി സംസാരിക്കാന്‍ ഉള്ളു. ശക്തമായി പോരാടണം. ഒരു മാധ്യമവും ഈ വിഷയം ചര്‍ച്ച ചെയ്യില്ല, തെരുവ് നായ്ക്കളുടെ വിഷയത്തില്‍ പോലും പ്രതികരിക്കുന്ന ഒരു സാംസ്‌കാരിക നായകരും ഈ ആതമഹത്യാ കണ്ട ഭാവം നടിക്കില്ല.


കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്കാണ് (41) സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോക്ക് പിന്നീലെ ആത്മഹത്യ ചെയ്തത്. ഇന്നുരാവിലെയാണ് യുവാവിനെ വീട്ടിലെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ദീപക്കിന്റെ മരണത്തില്‍ ഗുരുതര ആരോപണങ്ങളാണ് കുടുംബവും സുഹൃത്തുക്കളും ഉന്നയിക്കുന്നത്.

സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ഗോവിന്ദപുരത്തെ സെയില്‍സ്മാനേജറായ യുവാവ് ജോലിസംബന്ധമായ കാര്യങ്ങള്‍ക്കായി കഴിഞ്ഞ വെള്ളിയാഴ്ച കണ്ണൂരില്‍ പോയിരുന്നു.തിരക്കുള്ള ബസില്‍ ദീപക് ലൈംഗികാതിക്രമം കാണിച്ചെന്നാരോപിച്ച് ഒരു യുവതി സെല്‍ഫി വീഡിയോ പകര്‍ത്തിയിരുന്നു. ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

ഈ വിഷയത്തില്‍ ദീപക് കടുത്ത നിരാശയിലായിരുന്നുവെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ ദീപക് അത്തരത്തില്‍ മോശമായി പെരുമാറില്ലെന്നാണ് നാട്ടുകാരുടെ പ്രതികരണം. അതേസമയം, ദീപക്കിന്റെ വീഡിയോ പകര്‍ത്തിയ യുവതി പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യുവാവ് തനിക്കുനേരെ ലൈംഗികാതിക്രമം കാണിച്ചെന്നാണ് യുവതി പറയുന്നത്.

'ശരീരത്തില്‍ സ്പര്‍ശിച്ചത് തെറ്റായ ഉദ്ദേശത്തോടെയാണെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് വീഡിയോ ചിത്രീകരിച്ചത്. പയ്യന്നൂര്‍ വച്ചായിരുന്നു സംഭവം. വടകര പൊലീസില്‍ വിവരമറിയിച്ചിരുന്നു. വീഡിയോ പകര്‍ത്തുന്നത് യുവാവ് കണ്ടതാണ്. അതോടെ ബസില്‍ നിന്നിറങ്ങി വേഗത്തില്‍ നടന്നു. തുടര്‍ന്നാണ് വീഡിയോ പോസ്റ്റ് ചെയ്തത്'- യുവതി പറഞ്ഞു.