തിരുവനന്തപുരം: യുവനടിയും മോഡവുമായ റിനി ആര്‍ ജോര്‍ജ് ഉന്നയിച്ച ആരോപണത്തിലൂടെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ലൈംഗിക വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്. റിനി പരാതി നല്‍കിയില്ലെങ്കിലും രാഹുലിനെതിരെ രംഗത്തുവരികയായിരുന്നു അവര്‍. രാഹുലിനെതിരായ ഓഡിയോ തെളിവുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവനേതാവില്‍നിന്ന് തനിക്കും മോശം സമീപനമുണ്ടായെന്ന് റിനി വെളിപ്പെടുത്തിയത്. ഇതോടെയാണ് ഈ വിവാദം കേളത്തില്‍ ആളിക്കത്തുന്നതും. ഇപ്പോള്‍ ആ വിഷയത്തില്‍ ആദ്യമായി പ്രതികരിച്ചു രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്തുവന്നു. 24 ന്യൂസ് ചാനലില്‍ ഹാഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിനി ആന്‍ ജോര്‍ജ്ജിനെതിരെ രാഹുല്‍ മാങ്കൂട്ടിത്തില്‍ രംഗത്തുവന്നത്.

ഒരു സുപ്രഭാതത്തില്‍ റിനി വന്ന് ഇങ്ങനെയൊക്കെ പറയുമ്പോള്‍ ഞെട്ടിയെന്നാണ് രാഹുല്‍ പറഞ്ഞത്. റിനി എന്ന യുവതി ഉന്നയിച്ച പരാതികള്‍ അടിസ്ഥാനരഹിതമാണെന്നും സത്യാവസ്ഥ തെളിയിക്കാന്‍ തങ്ങള്‍ തമ്മിലുള്ള എല്ലാ ചാറ്റുകളും പുറത്തുവിടാന്‍ തയ്യാറാണെന്നും രാഹുല്‍ പറഞ്ഞു. പരിചയപ്പെട്ട് 24 മണിക്കൂറിനുള്ളില്‍ മോശമായി പെരുമാറി എന്ന റിനിയുടെ ആരോപണം തെറ്റാണെന്ന് രാഹുല്‍ പറഞ്ഞു. അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ തെളിവുകള്‍ പുറത്തുവിടണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.

റിനിയും താനുമായുള്ള എല്ലാ ചാറ്റുകള്‍ കൈമാറാം. എല്ലാ സന്ദേശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കും കോടതിക്കും പരിശോധിക്കാന്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആരോപണത്തിന് ആസ്പദമായ കാലയളവിന് അടുത്തു വരെയും റിനി തന്നോട് വളരെ സൗഹൃദപരമായാണ് പെരുമാറിയിട്ടുള്ളതെന്ന് രാഹുല്‍ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. തന്റെ അമ്മയുടെ ജന്മദിനത്തിന് ആശംസകള്‍ നേരാന്‍ റിനി ഫോണില്‍ വിളിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

പരാതി ഉന്നയിക്കുന്നതിന് മുന്‍പ് റിനി പാലക്കാട്ടെ ഓഫീസില്‍ വന്ന് കാണുകയും, തൃശ്ശൂരിലും നിലമ്പൂരിലും വെച്ച് സൗഹൃദപൂര്‍വ്വം സെല്‍ഫികള്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. താന്‍ തെളിവുകള്‍ പുറത്തുവിടുമെന്ന് പറയുന്നത് ബ്ലാക്ക് മെയിലിംഗ് അല്ലെന്നും, മറുപടി പറയാതിരിക്കുമ്പോള്‍ മൗനം സമ്മതമാണെന്ന് പറയുന്നവര്‍ മറുപടി പറയുമ്പോള്‍ അതിനെ മറ്റൊരു രീതിയില്‍ വ്യാഖ്യാനിക്കുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജിനെതിരെ ആരോപണവുമായി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെന്നി നൈനാനും രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസം റിനി ആന്‍ ജോര്‍ജ്ജ് ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ട് പറഞ്ഞിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി കൊടുത്ത മൂന്നാമത്തെ ആളെ ഒരു രീതിയിലും, ഫോണിലൂടെയോ, സമൂഹമധ്യങ്ങളിലൂടെയോ അവര്‍ ബന്ധപ്പെട്ടിട്ടില്ല എന്ന്. ഇക്കാര്യം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫെന്നി രംഗത്തുവന്നത്.

എന്നാല്‍ റിനി ആന്‍ ജോര്‍ജ്ജ് 2025 ആഗസ്റ്റ് 21 ആം തീയതി 'call me tomorrow' എന്ന് മൂന്നാമത്തെ പരാതിക്കാരിയോട് പറഞ്ഞതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം എന്നോട് മൂന്നാമത്തെ പരാതിക്കാരി പറഞ്ഞതിന്റെ തെളിവ് ഇതിനോടൊപ്പം ചേര്‍ക്കുന്നു എന്നാണ് ഫെന്നി ഫേസ്ബുക്കീലൂടെ രംഗത്തുവന്നത്. ഇനി അറിയേണ്ടത് റിനി എന്തിനാണ് അവരെ ബന്ധപ്പെട്ടിട്ടില്ല എന്ന കള്ളം പറയുന്നത്? എനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് റിനി വെല്ലുവിളിച്ചതിനെ ഞാന്‍ സ്വാഗതം ചെയുന്നു. രാജ്യത്തെ കോടതികളില്‍ വിശ്വാസമുള്ള ഞാന്‍ അവിടെ എല്ലാ തെളിവുകളും ഹാജരാക്കിക്കൊള്ളാം.- ഫെനി നൈനാന്‍ വ്യക്തമാക്കിയിരുന്നു.

റിനി ആന്‍ ജോര്‍ജ്ജിന്റെ മുഖത്ത് കള്ളത്തരമുണ്ടെന്നും അവരുടെ അഭിനയം ഉടന്‍ അവസാനിക്കുമെന്നും ഫെന്നി നേരത്തെ വെല്ലുവിളിച്ചിരുന്നു. ഉഭയകക്ഷി സമ്മതപ്രകാരം നടന്ന കാര്യങ്ങളെ ബലാത്സംഗമാക്കി മാറ്റാന്‍ ചിലര്‍ ചേര്‍ന്ന് മെനഞ്ഞ കെണിയാണിതെന്ന് ഫെനി ആരോപിക്കുന്നു. എന്നാല്‍ വ്യക്തിഹത്യ തുടരുകയാണെങ്കില്‍ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നാണ് റിനിയുടെ നിലപാട്. തന്റെ പേരും ഫോട്ടോയും ദുരുപയോഗം ചെയ്ത് അപവാദം പ്രചരിപ്പിക്കുകയാണ്. പരാതിക്കാരിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും, ആരെങ്കിലും അവരുടെ സ്വകാര്യ സംഭാഷണങ്ങളില്‍ തന്റെ പേര് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് താന്‍ ഉത്തരവാദിയല്ലെന്നും റിനി ഉറപ്പിച്ചു വ്യക്തമാക്കിയിരുന്നു.