കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഈമാസം 15 വരെ അറസ്റ്റു ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. ഇത് രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസമായിട്ടുണ്ട്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് രാഹുല്‍ ജാമ്യാപേക്ഷയില്‍ വാദിച്ചത്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നും ആവശ്യപ്പെട്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ലൈംഗികപീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് അനുകൂലമായാണ് കോടതി പ്രതികരിച്ചതും.

ജാമ്യ ഹര്‍ജിയില്‍ തന്റെ വാദം വിശദമായി തന്നെ രാഹുല്‍ വ്യക്തമാക്കിയിരുന്നു. ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും ഗര്‍ഭധാരണത്തിന് നിര്‍ബന്ധിച്ചെന്നും പിന്നീട് ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നുമാണ് രാഹുലിനെതിരായ പരാതി. പരാതിക്കാരിയുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും എന്നാല്‍, തങ്ങള്‍ തമ്മിലുള്ള സ്വകാര്യ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെയാണ് അകല്‍ച്ചയുണ്ടായതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പരാതിക്കാരിയുടെ സ്വകാര്യതയെ ബാധിക്കുന്നതായിരുന്നു ഇത്. വോയ്‌സ് ക്ലിപ്പുകള്‍ പുറത്തുവിട്ടത് താനാണെന്ന് പരാതിക്കാരി സംശയിച്ചു.

ആരാണ് ഇത് പുറത്തുവിട്ടതെന്ന് കണ്ടെത്തേണ്ടതുണ്ട്. ജോലിചെയ്തിരുന്ന സ്ഥാപനത്തില്‍നിന്ന് പരാതിക്കാരി കുറെ നാളത്തേയ്ക്ക് അവധി എടുത്തിരുന്നു. തിരികെ പ്രവേശിക്കാന്‍ എത്തിയപ്പോള്‍ താനുമായി അടുപ്പത്തിലാണെന്ന് എഴുതി നല്‍കണമെന്ന് മാനേജ്‌മെന്റ് ആവശ്യപ്പെട്ടെന്ന് പരാതിക്കാരി പറഞ്ഞിട്ടുണ്ട്.

പരാതിക്കാരി വിവാഹിതയായിരുന്നുവെന്നും അകന്ന് കഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാല്‍ വോയ്‌സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു ഇരുവരും തീരുമാനിച്ചത്. എന്നാല്‍, താന്‍ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ മാധ്യമങ്ങള്‍ വ്യാപക പ്രചാരണം നല്‍കി. എതിര്‍പക്ഷത്തുള്ളവര്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. തങ്ങള്‍ തമ്മില്‍ നടത്തിയ സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ട്. എന്നാല്‍, പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാനാകുന്നില്ലെന്നും രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദിച്ചു.

രാഷ്ട്രീയ പ്രേരിതമായ അന്വേഷണമാണ് നടക്കുന്നതെന്നും രാഹുല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്. ഏറെ വൈകിയ പരാതി മുഖ്യമന്ത്രിയ്ക്ക് നേരിട്ടാണ് നല്‍കിയത്. ഇതുവരെ എഫ്‌ഐആറിന്റെയോ മൊഴിയുടെയോ പകര്‍പ്പ് തനിയ്ക്ക് ലഭിച്ചിട്ടില്ല. വൈകിയുള്ള പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ട്. അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകാന്‍ അവസരം ലഭിച്ചാല്‍ ഒരോ കാര്യങ്ങളും വിശദീകരിക്കാന്‍ തയ്യാറാണ്.

ഉഭയ സമ്മതപ്രകാരമുള്ള ബന്ധത്തില്‍ പിന്നീട് വിള്ളലുണ്ടായതിന്റെ പേരില്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതാണ്. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന് ഇരയാക്കി എന്നത് വസ്തുതകളെ തെറ്റായി അവതരിപ്പിക്കാന്‍ അന്വേഷണ ഏജന്‍സി പറയുന്നതാണ്. ഇത് സ്ഥാപിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും രാഹുല്‍ വാദിച്ചു. തിരുവനന്തപുരം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്.

പോലീസ് അറസ്റ്റിനായി ശ്രമിക്കുന്നതിനാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാണ് രാഹുലിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഹര്‍ജി കോടതിയുടെ പരിഗണനയിലുള്ളപ്പോള്‍ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു. ഹൈക്കോടതിയില്‍ ഇന്ന് 32-ാമത്തെ ഐറ്റമായിട്ടായിരുന്നു രാഹുലിന്റെ ഹര്‍ജി ലിസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍, കോടതി ആരംഭിച്ചപ്പോള്‍ രാഹുലിന്റെ അഭിഭാഷകന്‍ സബ്മിഷന്‍ അവതരിപ്പിക്കുകയായിരുന്നു. കേസില്‍ ഇന്നുതന്നെ വാദത്തിന് തയ്യാറാണെന്ന് അഭിഭാഷകന്‍ അറിയിച്ചു. പ്രോസിക്യൂഷന് കൂടുതല്‍ സമയം ആവശ്യമെങ്കില്‍ എതിര്‍പ്പില്ലെന്നും അതുവരെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് നല്‍കണമെന്നുമായിരുന്നു ആവശ്യം. ഇക്കാര്യം പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് താല്‍ക്കാലികമായി തടഞ്ഞത്.

കേസിന്റെ വിശദാംശങ്ങള്‍ പരിഗണിച്ചുള്ള വാദം ഇനി ഹര്‍ജി പരിഗണിക്കുമ്പോഴാകും ഉണ്ടാവുക. 15-ാം തീയതി, കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസ് ഡയറിയും പോലീസ് റിപ്പോര്‍ട്ടും പരിഗണിച്ച ശേഷമാകും മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിധി.

ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ ക്രൈം ബ്രാഞ്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ കേസില്‍, പരാതിക്കാരിയുടെ മൊഴി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. അതിനാല്‍തന്നെ ഈ കേസില്‍ നിലവില്‍ രാഹുലിന് അറസ്റ്റ് ഭീഷണിയില്ല.

തെറ്റൊന്നും ചെയ്തിട്ടില്ലെന്നും അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറസ്റ്റുചെയ്താല്‍ ജാമ്യത്തില്‍ വിടണമെന്നുമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്ന മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ രാഹുല്‍ ആവശ്യപ്പെട്ടിരുന്നത്. പരാതിക്കാരിയുമായി അടുപ്പത്തിലായിരുന്നു. സ്വകാര്യസംഭാഷണത്തിന്റെ വോയ്സ് ക്ലിപ്പുകള്‍ സാമൂഹികമാധ്യമങ്ങളില്‍ വന്നതോടെ പുറത്തുവിട്ടത് താനാണെന്നു സംശയിച്ച് പരാതിക്കാരി അകന്നെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

വിവാഹിതയായിരുന്നെന്നും അകന്നുകഴിയുകയാണെന്നും അറിയാമായിരുന്നു. അതിനാല്‍ വോയ്സ് ക്ലിപ്പുകള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട പരാതി ഇപ്പോള്‍ ഉന്നയിക്കേണ്ടതില്ലെന്നായിരുന്നു രണ്ടുപേരും തീരുമാനിച്ചത്. എന്നാല്‍, താന്‍ രാഷ്ട്രീയപ്രവര്‍ത്തകനായതിനാല്‍ മാധ്യമങ്ങള്‍ വ്യാപകപ്രചാരണം നല്‍കി. എതിര്‍പക്ഷത്തുള്ളവര്‍ നിലവിലെ രാഷ്ട്രീയസാഹചര്യം ഉപയോഗിച്ചു. ഇതോടെയാണ് പരാതിക്കാരി തന്നെ തള്ളിപ്പറയുന്നത്. സംഭാഷണത്തിന്റെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും പോലീസ് പിന്നാലെയുള്ളതിനാല്‍ ഇത് ഹാജരാക്കാനാകുന്നില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.