പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കാനഡയില്‍ നിന്ന് ഉയര്‍ന്ന പരാതി വെറുമൊരു ആരോപണമല്ല, മറിച്ച് എംഎല്‍എയെ അഴിയെണ്ണിക്കാന്‍ പോന്ന ആയുധങ്ങളാണെന്ന് വ്യക്തം. പീഡനത്തിനും ഗര്‍ഭഛിദ്രത്തിനും കൃത്യമായ തെളിവുകള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം യുവതി ശാസ്ത്രീയ തെളിവായി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ഡിഎന്‍എ പരിശോധനയില്‍ നിന്ന് രാഹുലിന് ഇനി ഒഴിഞ്ഞുമാറാനാകില്ല. ഇതോടെ ആ ഗര്‍ഭത്തിന്റെ ഉത്തരവാദി ആരെന്ന് വ്യക്തമാകുന്ന തരത്തിലേക്ക് കേസ് മാറും.

പീഡനത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ രാഹുല്‍ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് ഇരയാക്കിയെന്നായിരുന്നു മൊഴി. എന്നാല്‍ ഗര്‍ഭം അലസിപ്പോയ ഭ്രൂണം യുവതി തെളിവായി സൂക്ഷിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നേരത്തെ രാഹുല്‍ ഡിഎന്‍എ പരിശോധനയ്ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കൈവശമുള്ള ഈ തെളിവ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സത്യം പുറത്തുവരും. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. കോടതിയേയും പോലീസ് ഇത് അറിയിക്കും. കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായാണ് യുവതി പോലീസിനെ സമീപിക്കുന്നത്.

ബലാത്സംഗത്തിന് പുറമെ രാഹുല്‍ നടത്തിയ സാമ്പത്തിക ഇടപാടുകളും പോലീസിന്റെ നിരീക്ഷണത്തിലാണ്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങാന്‍ പണം ആവശ്യപ്പെട്ടതും യുവതിയില്‍ നിന്ന് പലപ്പോഴായി ലക്ഷങ്ങള്‍ കൈക്കലാക്കിയതും വെറും ആരോപണമല്ലെന്ന് ബാങ്ക് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു. രാഹുലിന്റെ അക്കൗണ്ടിലേക്കും അദ്ദേഹത്തിന്റെ വിശ്വസ്തരുടെ അക്കൗണ്ടിലേക്കും യുവതി പണം കൈമാറിയതിന്റെ കൃത്യമായ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ പരാതിക്കാരി പോലീസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന. കൂടാതെ വിലകൂടിയ വാച്ചുകള്‍ വാങ്ങി നല്‍കിയതിന്റെ ബില്ലുകളും പോലീസ് ശേഖരിച്ചെന്നും സൂചനയുണ്ട്.

ഒരാഴ്ച മുമ്പാണ് കാനഡയില്‍ നിന്ന് യുവതിയുടെ പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ഗൗരവമാണെന്ന് കണ്ടതോടെ പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം തുടങ്ങിയിരുന്നു. യുവതി കാനഡയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നല്‍കിയ മൊഴിയും ബാങ്ക് രേഖകളും ഒത്തുനോക്കിയ ശേഷം മാത്രമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരി ഉടന്‍ കാനഡയില്‍ നിന്ന് നാട്ടിലെത്തി നേരിട്ട് മൊഴി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

നേരത്തെ സമാനമായ പരാതികള്‍ ഉയര്‍ന്നപ്പോള്‍ രാഹുല്‍ രാഷ്ട്രീയമായി പ്രതിരോധിച്ചിരുന്നു. എന്നാല്‍ ഇത്തവണ ഇമെയില്‍ വഴി പരാതി കൊടുക്കാന്‍ യുവതി തയ്യാറായതോടെ പോലീസിന് നിയമപരമായി മുന്നോട്ട് പോകാന്‍ വഴി തുറന്നു. ആദ്യ രണ്ട് കേസുകളില്‍ കോടതി സംരക്ഷണം കിട്ടിയെങ്കിലും, ഈ മൂന്നാം കേസില്‍ ഭ്രൂണവും ബാങ്ക് രേഖകളും തെളിവായി എത്തുന്നതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകുമെന്ന് ഉറപ്പാണ്. മുമ്പും ഈ യുവതിയുടെ കാര്യം പോലീസ് അറിഞ്ഞിരുന്നു. എന്നാല്‍ അന്നൊന്നും രേഖാമൂലം പരാതി നല്‍കിയില്ല. ഇപ്പോള്‍ തയ്യാറാവുകയും ചെയ്തു.