- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി 'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നാടകം; സോളാര്‍ മോഡല്‍ ഗൂഢാലോചനയെന്ന് രാഹുലിന്റെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം; എംഎല്‍എക്കെതിരെ എഐസിസിക്ക് പരാതി നല്‍കിയ സജനയ്ക്ക് ഭീഷണിയുമായി മഹിള കോണ്‍ഗ്രസ് നേതാവ്; പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിയണമെന്നും കണക്ക് ചോദിക്കാനായി അവന്‍ തിരിച്ചെത്തുമെന്നും രഞ്ജിത പുളിക്കന്‍
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ പരാതി 'സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നാടകം
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ഉയര്‍ന്ന ലൈംഗിക പീഡന പരാതിക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. ജോര്‍ജ് പൂന്തോട്ടം. പെണ്‍കുട്ടിയുടെ പരാതി 'നാടകം' ആണെന്നും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ 'മസാല' ചേര്‍ത്ത് ജനശ്രദ്ധ നേടാനുള്ള സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് നീക്കമാണിതെന്നും അദ്ദേഹം ആരോപിച്ചു.
'ഇതുവരെ ഇല്ലാത്ത പരാതി ഇപ്പോള്‍ വരുന്നത് താല്‍പര്യത്തിന്റെ പേരിലാണ്. 101 ശതമാനം താല്‍പര്യം മാത്രമേ ഉള്ളൂ. പരാതി പുറത്തുവന്ന സമയം അസ്വാഭാവികമാണ്.' നേരത്തെ സോളാര്‍ കേസില്‍ ആണ് ഇങ്ങനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. ഇതും അതുപോലെയാണ്. കേസില്‍ ഉടനീളം ചില ഗൂഢാലോചനകള്‍ ഉണ്ട്.
'തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നു. ജനശ്രദ്ധ നേടാന്‍ മസാല വേണം. അതിനു വേണ്ടി നടക്കുന്ന നീക്കമാണിത്. ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി മൂന്ന് മാസം ആയിട്ടും എവിടെയും എത്തിയില്ല. അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യതയില്‍ സംശയമുണ്ട്.'
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ നിയമനടപടികളിലേക്ക് കടക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നല്‍കണോ ജില്ലാ കോടതിയില്‍ നല്‍കണോ എന്നത് ഉടന്‍ തീരുമാനിക്കും.
പരാതി ഉന്നയിക്കാന്‍ വൈകിയതിലെ അസ്വാഭാവികതയാണ് അഡ്വ. ജോര്‍ജ് പൂന്തോട്ടം പ്രധാനമായും ആയുധമാക്കുന്നത്. ശബരിമല വിഷയം ഉള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് നീക്കമെന്നും അദ്ദേഹം ആരോപിക്കുന്നു.
സജന ബി സാജന് ഭീഷണി
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയില്‍ പുതിയ രാഷ്ട്രീയ വിവാദവും ഭീഷണിയും. എഐസിസിക്ക് പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സജന ബി. സാജന് എതിരെയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിന്റെ പരസ്യമായ ഭീഷണി.
മഹിളാ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി രഞ്ജിത പുളിക്കന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സജനക്കെതിരെ രൂക്ഷമായ ഭീഷണി മുഴക്കിയിരിക്കുന്നത്.
രഞ്ജിതയുടെ വാക്കുകള്‍:
'സജന, ഇരുന്നിട്ടൊന്ന് കാല് നീട്ടിയാല്‍ പോരായിരുന്നോ? ഈ പുലിമുറുപ്പുള്ള ചെക്കന്റെ പവറൊന്ന് അറിഞ്ഞിട്ട്, ആ താളത്തിലൊന്ന് ഒതുങ്ങി ഇരുന്നിട്ട് കാല് നീട്ടിയാല്‍ മതിയായിരുന്നു, കാത്തിരുന്നോളൂ, അവന്‍ ചുമ്മാതിരിക്കുന്ന ഒരു ചെക്കനല്ല.' ഇവിടെ കണ്ടതിനെല്ലാം കണക്ക് ചോദിക്കാനായ് അവന്‍ തിരിച്ചെത്തും എന്ന് കുറിച്ചാണ് രഞ്ജിത ഈ വീഡിയോ പങ്കുവെച്ചത്.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ അതിജീവിതയായ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തിരുവനന്തപുരം റൂറല്‍ എസ് പിയും സംഘവുമാണ് വിശദമായ മൊഴി രേഖപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന മൊഴികളില്‍ പുതിയ വകുപ്പുകള്‍ ചുമത്തി രാഹുലിനെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യും. പെണ്‍കുട്ടി നേരിട്ട് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. രാഹുല്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും വധിക്കുമെന്ന് ഭയപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പരാതിക്ക് അടിസ്ഥാനമായ നിര്‍ണ്ണായകമായ ഡിജിറ്റല്‍ തെളിവുകളും പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.




