തിരുവല്ല: ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ് പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവെടുപ്പുകള്‍ കണ്ടെത്തുന്നതിനായി പ്രതിയെ 7 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കണമെന്ന ആവശ്യമാണ് പ്രതിഭാഗം ഉയര്‍ത്തിയത്.

ഈ കേസില്‍ ക്രൈം നിലനില്‍ക്കില്ല എന്ന് പ്രതിഭാഗം വാദിച്ചു. അന്വേഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ട് കിട്ടാതെ എങ്ങനെ ജാമ്യാപേക്ഷ പരിഗണിക്കും എന്ന് മജിസ്ട്രേറ്റ് ചോദിച്ചു. കസ്റ്റഡി അപേക്ഷയിലും ജാമ്യാപേക്ഷയിലും പ്രതിയെ ഹാജരാക്കിയ ശേഷം നാളെ കോടതി അന്തിമ തീരുമാനം എടുത്തേക്കുമെന്നാണ് സൂചന. ബലാത്സംഗം കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള എസ് ഐ ടിയുടെ അപേക്ഷ ഉച്ചയ്ക്കുശേഷം പരിഗണിച്ച ശേഷമാണ്.

തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രോഡക്ഷന്‍ വാറണ്ട് ഇഷ്യു ചെയ്തത്. പത്തനംതിട്ട കോടതിയില്‍ നിന്ന് കേസ് സംബന്ധിച്ചുള്ള ഫയല്‍ രാവിലെ എത്താത്തതിനെ തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം പരിഗണിക്കാന്‍ മാറ്റിയത്. ഇന്നലെ ജാമ്യ അപേക്ഷ പ്രതിഭാഗം നല്‍കിയെങ്കിലും ഇന്ന് അതില്‍ വാദം നടത്തില്ല.

അതേസമയം മൂന്നാമത്തെ ബലാത്സംഗ പരാതിയുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഇന്നലെയാണ് റിമാന്‍ഡ് ചെയ്ത് ജയിലിലടച്ചത്. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. ജയിലില്‍ പ്രത്യേക പരിഗണനയൊന്നും നല്‍കിയിട്ടില്ല. രാഹുല്‍ സാധാരണ ജയില്‍ തടവുകാരനായിട്ടാണ് മാവേലിക്കരയിലെ സബ് ജയിലില്‍ കഴിയുന്നത്. മാവേലിക്കര സബ് ജയിലിലെ മൂന്നാം നമ്പര്‍ സെല്ലിലാണ് രാഹുലിനെ പാര്‍പ്പിച്ചിരിക്കുന്നത്. സെല്ലില്‍ പായയിലാണ് രാഹുലിന്റെ കിടപ്പ്. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി രാഹുലിനെ ഒറ്റയ്ക്കാണ് സെല്ലില്‍ പാര്‍പ്പിച്ചിരിക്കുന്നത്.

അതേസമയം മാവേലിക്കര ജയിലില്‍ എത്തിയ അടൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കാണാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരെയും കാണാന്‍ താല്‍പര്യം ഇല്ലെന്ന് രാഹുല്‍ ജയില്‍ അധികൃതരെ അറിയിക്കുകയായിരുന്നു. മാവേലിക്കരയിലെ സ്പെഷ്യല്‍ സബ്ജയിലിലാണ് രാഹുല്‍ റിമാന്‍ഡില്‍ കഴിയുന്നത്. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ 14 ദിവസത്തേക്കാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

രാഹുലിന്റെ അറസ്റ്റ് എസ്ഐടി സ്പീക്കറെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പ്രിവ്ലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിടുമെന്ന് കഴിഞ്ഞ ദിവസം സ്പീക്കര്‍ അറിയിച്ചിരുന്നു. എംഎല്‍എ സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് സംബന്ധിച്ച് നിയമസഭാ പ്രിവ്ലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിയാണ് ശുപാര്‍ശ ചെയ്യേണ്ടത്. അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വഴിപാടും പൂജയും നടത്തിയതിന്റെ രസീത് പുറത്തുവന്നു.

യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി റെജോ വള്ളംകുളമാണ് പള്ളിയിലും ക്ഷേത്രത്തിലും വഴിപാട് നടത്തിയത്. പുതുപ്പള്ളി പള്ളിയില്‍ മൂന്നിന്മേല്‍ കുര്‍ബാന, നന്നൂര്‍ ദേവി ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ, ഭാഗ്യസൂക്താര്‍ച്ചന എന്നിങ്ങനെയാണ് നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുചെയ്തോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണെന്നും രാഹുലിന്റെ പ്രതിസന്ധി പ്രതിസന്ധി സമയം മാറാനാണ് പൂജയെന്നും റെജോ വള്ളംകുളം പറഞ്ഞത്.