തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള വിഷയത്തില്‍ സര്‍ക്കാറിനും സിപിഎമ്മിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. അയ്യപ്പന്റെ പൊന്ന് കട്ടവര്‍ക്ക് ജനം മാപ്പ് തരില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു. അയ്യപ്പന്റെ പൊന്ന് കട്ട കേസില്‍ SIT അറസ്റ്റ് ചെയ്ത പത്മകുമാറിന് എതിരെ CPIM നടപടി എടുത്തോ? എടുത്തില്ല. നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്ന് കട്ടത് പത്മകുമാര്‍ ഒറ്റയ്ക്കല്ലെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

പത്മകുമാറിന് എതിരെ നടപടി എടുത്താല്‍ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാല്‍ പത്മകുമാര്‍ പാര്‍ട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങള്‍ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാര്‍ക്ക് നന്നായിട്ട് അറിയമെന്നും രാഹുല്‍ കുറിച്ചു. പത്മകുമാറില്‍ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുന്‍ മന്ത്രിയുടെയോ പേര് പ്രത്യേക അന്വേഷണ സംഘത്തിന് കിട്ടിയാല്‍ മാത്രമേ സിപിഎം പത്മകുമാറിന് എതിരെ നടപടി എടുക്കൂ. പത്മകുമാറിനെ എസ്‌ഐടി അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന്‍ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐടി ശ്രീ വിജയന്റെ നിയന്ത്രണത്തില്‍ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാല്‍ ടകഠ ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന പ്രത്യേക അന്വേഷണം സംഘം പത്മകുമാറിനെയും സഹായിക്കുമാരുന്നുവെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വ്യക്തമാക്കി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

അയ്യപ്പന്റെ പൊന്നു കട്ട കേസില്‍ SIT അറസ്റ്റ് ചെയ്ത പത്തമകുമാറിന് എതിരെ CPIM നടപടി എടുത്തോ? എടുത്തില്ല... നടപടി എടുക്കാത്തതിന്റെ കാരണം അയ്യപ്പന്റെ പൊന്നു കട്ടത് പത്മകുമാര്‍ ഒറ്റയ്ക്കല്ല. പത്മകുമാറിന് എതിരെ നടപടി എടുത്താല്‍ പത്മകുമാറിന്റെ നാവ് പൊന്തും. ആ നാവ് അനക്കിയാല്‍ പത്മകുമാര്‍ പാര്‍ട്ടിയിലെ ദൈവതുല്യന്റെ പേര് പറയും. പത്മകുമാറിന്റെ ദൈവം ആരാണെന്നും ദേവഗണങ്ങള്‍ ആരൊക്കെയാണെന്നും പത്തനംതിട്ടക്കാര്‍ക്ക് നന്നായിട്ട് അറിയാം.

പത്മകുമാറില്‍ നിന്ന് ദേവസ്വം മന്ത്രിയുടെയോ മുന്‍ മന്ത്രിയുടെയോ പേര് SIT ക്ക് കിട്ടിയാല്‍ മാത്രമേ CPIM പത്മകുമാറിന് എതിരെ നടപടി എടുക്കൂ. പത്മകുമാറിനെ SIT അറസ്റ്റ് ചെയ്തതിന്റെ ക്രെഡിറ്റ് മുഖ്യമന്ത്രിക്ക് കൊടുക്കാന്‍ വിജയന്‍ സേനാ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. അല്ലയോ സേനാംഗങ്ങളെ, SIT ശ്രീ വിജയന്റെ നിയന്ത്രണത്തില്‍ അല്ല ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ നിയന്ത്രണത്തിലാണ്, അതിനാല്‍ SIT ആഗ്രഹിച്ചാലും ശ്രമിച്ചാലും പത്മകുമാറിന്റെ അറസ്റ്റ് ഒഴിവാക്കാന്‍ കഴിയില്ല. അല്ലെങ്കില്‍ കടകംപള്ളിയേം വാസവനെയും സഹായിക്കുന്ന SIT പത്മകുമാറിനെയും സഹായിക്കുമാരുന്നു.

അയ്യപ്പന്റെ പൊന്നു കട്ടവര്‍ക്ക് ജനം മാപ്പ് തരില്ല...

സ്വാമി ശരണം

അതേസമയം രാഹുല്‍ വിഷയത്തില്‍ പരസ്യപ്രതികരണം വേണ്ടെന്നാണ് കോണ്‍ഗ്ര് നേതൃത്വത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകുന്നതില്‍ അണികള്‍ക്ക് എതര്‍പ്പില്ല. സിപിഎം ആസൂത്രിതമായി രംഗത്തുവരികയാണ് ഈ വിഷയത്തിലെന്നുമാണ് കണക്കുകൂട്ടല്‍.

കഴിഞ്ഞ ദിവസമാണ് രാഹുലും യുവതിയും തമ്മിലുള്ള കൂടുതല്‍ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നത്. ആദ്യം ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്ന തരത്തിലായിരുന്നു രാഹുല്‍ യുവതിയോട് സംസാരിച്ചത്. ഗര്‍ഭം ധരിക്കാന്‍ ആവശ്യപ്പെട്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെയെന്നും പിന്നെ എന്താണ് മാറുന്നതെന്നും പെണ്‍കുട്ടി ഫോണ്‍ സംഭാഷണത്തില്‍ ചോദിക്കുന്നുണ്ട്.

നീ ഗര്‍ഭിണി ആകണം എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയോട് പറയുന്ന വാട്‌സ്ആപ്പ് ചാറ്റും പുറത്തുവന്നിരുന്നു. എന്നാല്‍ പില്‍സ് എടുക്കണമെന്ന പെണ്‍കുട്ടിയുടെ ആവശ്യം രാഹുല്‍ നിരസിക്കുന്നതും വാട്‌സ്ആപ്പ് ചാറ്റില്‍ വ്യക്തമാണ്.