- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൈബര്‍ സഖാക്കള്‍ ആളിക്കത്തിച്ചപ്പോള്‍ 'ഹൂ കെയേഴ്സ്' എന്ന് കൂളായി പറഞ്ഞൊഴിഞ്ഞതിന് പിന്നാലെ ആളെ തിരിച്ചറിഞ്ഞ 'ഹൂ കെയേഴ്സ്' വെളിപ്പെടുത്തലുമായി യുവനടി; 'കോഴി, ചിങ്കാര പൂങ്കോഴി..കൊക്കര കോ'പൂവാലന്‍ കഥാപാത്രമാക്കി സോഷ്യല്‍ മീഡിയ മീമുകള്‍; പിന്നാലെ ചാറ്റുകളും ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന ശബ്ദരേഖയും; രാഹുലിന് എതിരെ 'വീ കെയേഴ്സ്' നിലപാടുമായി സര്‍ക്കാരും
രാഹുലിന് കുരുക്ക്
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട ലൈംഗിക ചൂഷണ കേസില്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ച് അതിജീവിത നേരിട്ട് രംഗത്ത് എത്തിരിയിരിക്കുകയാണ്. എംഎല്‍എക്കെതിരെ അതിജീവിത മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി നല്‍കി. ഗുരുതരമായ ആരോപണങ്ങള്‍ ഉള്‍പ്പെട്ട പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന് കൈമാറിയതായാണ് വിവരം.
പരാതി നല്‍കിയതിന് പിന്നാലെ യുവതി കുഴഞ്ഞുവീണതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറേ നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഭീഷണിയും അധിക്ഷേപവും തുടരുന്ന സാഹചര്യത്തില്‍ യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ ഓഡിയോ സന്ദേശങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് യുവതിയുടെ നിര്‍ണായക നീക്കം.
യുവനടിയുടെ വെളിപ്പെടുത്തലില്‍ അദ്ധ്യക്ഷ സ്ഥാനം പോയി
സാമൂഹികമാധ്യമങ്ങളില്‍ നിറഞ്ഞ ഗര്‍ഭച്ഛിദ്ര ആരോപണങ്ങള്‍ സംശയത്തിന്റെ നിഴലനില്‍ നിര്‍ത്തിയപ്പോഴായിരുന്നു യുവനടിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍. അതും തെളിവുകള്‍ സഹിതം. യുവ രാഷ്ട്രീയ നേതാവിന് എതിരെ ഗുരുതര ആരോപണവുമായി നടിയും മാധ്യമ പ്രവര്‍ത്തകയുമായ റിനി ആന്‍ ജോര്‍ജ് രംഗത്തെത്തി മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ അധ്യക്ഷപദം രാഹുല്‍ വിട്ടൊഴിഞ്ഞത്.
ആളെ തിരിച്ചറിഞ്ഞ 'ഹൂ കെയേഴ്‌സ്....'
സമൂഹ മാധ്യമങ്ങളില്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഹൂ കെയേഴ്സ് എന്നായിരുന്നു രാഹുലിന്റെ മറുപടി. ആര്‍ക്കെതിരെയും പറയാന്‍ പറ്റുന്ന കാര്യങ്ങളാണ് ഉയരുന്നത്. പല സ്ത്രീകളുടെയും പേരുകള്‍ പറയുന്നു. നിയമവിരുദ്ധമായി എന്തെങ്കിലും കാര്യങ്ങളെക്കുറിച്ച് പറയുന്നവര്‍ക്ക് അറിവുണ്ടോയെന്നും രാഹുല്‍ ചോദിച്ചിരുന്നു. നിയമപരമായി നീങ്ങാനും രാഹുല്‍ വെല്ലുവിളിച്ചിരുന്നു.
എന്നാല്‍ ആരോപണങ്ങള്‍ മാറി വെളിപ്പെടുത്തലിലേക്ക് എത്തിയതോടെ രാഹുലിനെ സംരക്ഷിച്ചിരുന്നവര്‍ കൈവിട്ടു. അശ്ലീല സന്ദേശം അയച്ച് നിരന്തരം ശല്യം ചെയ്തുവെന്നും സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമാണ് നടിയുടെ ആരോപണം. 'അയാളുടെ' പാര്‍ട്ടിയിലെ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്നും അതുകൊണ്ടാണ് പേര് വെളിപ്പെടുത്താത്തതെന്നും നടി പറഞ്ഞിരുന്നു. ആ പ്രസ്ഥാനത്തിലെ മുതിര്‍ന്ന നേതാക്കളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്കും 'ഇയാള്‍' ശല്യമാണെന്നാണ് റിനിയുടെ വെളിപ്പെടുത്തല്‍.
നേതാവിന്റെ പേരു വ്യക്തമാക്കിയില്ലെങ്കിലും 'ഏതെങ്കിലും പാര്‍ട്ടിയേയോ പ്രസ്ഥാനത്തെയോ തേജോവധം ചെയ്യാനില്ല. സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പറയുമ്പോള്‍ പല മാന്യ ദേഹങ്ങളും 'ഹൂ കെയേഴ്‌സ്' എന്നാണ് പറയുന്നതെന്ന് റിനി പരാമര്‍ശിച്ചിരുന്നു. ആരോപണങ്ങള്‍ പല ഫോറങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ആരോപണങ്ങള്‍ ഉന്നയിച്ചിട്ട് പോലും ആ വ്യക്തിക്ക് സ്ഥാനമാനങ്ങള്‍ ലഭിച്ചുവെന്നും അവര്‍ വെളിപ്പെടുത്തി.
ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെക്കാന്‍ നിര്‍ദേശം നല്‍കിയത്.
ഒറ്റ അഭിമുഖം.... വീണത് വന്‍മരം
മൂന്നര വര്‍ഷം മുന്‍പാണ് തനിക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടായതെന്ന് റിനി ആന്‍ ജോര്‍ജ് പറഞ്ഞിരുന്നു. യുവനേതാവിന്റെ പേരെന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കാന്‍ അവര്‍ തയ്യാറായില്ല. പലതവണ പല തരത്തില്‍ മാധ്യമപ്രതിനിധികള്‍ ചോദിച്ചെങ്കിലും മറുപടി പറഞ്ഞില്ല. 'ഹൂ കെയേഴ്സ്' എന്ന ആറ്റിറ്റിയൂഡുള്ള യുവനേതാവില്‍ നിന്നാണ് ഈ അനുഭവമുണ്ടായതെന്ന് പലതവണ റിനി ആവര്‍ത്തിച്ചുപറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ അദ്ദേഹത്തിന്റെ പ്രതികരണം 'ഹൂ കെയേഴ്സ്' എന്നായിരുന്നു. ഇക്കാര്യം മുന്‍നിര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തിലാണോ എന്ന ചോദ്യമുയര്‍ന്നെങ്കിലും റിനി മറുപടി പറയാന്‍ തയ്യാറായിരുന്നില്ല.
സോഷ്യല്‍ മീഡിയ വഴിയാണ് പരിചയപ്പെട്ടത്. സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ ഇങ്ങനെയായിരുന്നു ആറ്റിറ്റിയൂഡ്. മോശം രീതിയില്‍ മെസേജ് അയച്ചപ്പോള്‍ ഞെട്ടിപ്പോയി. അത് പ്രതീക്ഷിച്ചിരുന്നില്ല. 'ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ റൂമെടുക്കാം, വരണമെന്ന് പറഞ്ഞപ്പോള്‍' താന്‍ അയാളെ ഫയര്‍ ചെയ്തു. എന്നിട്ട് ഉപദേശിച്ചു. അപ്പോള്‍ 'പ്രമാദമായ സ്ത്രീപീഡനക്കേസുകളില്‍ പെട്ട രാഷ്ട്രീയനേതാക്കള്‍ക്ക് എന്ത് സംഭവിച്ചു' എന്ന് ചോദിച്ചു. സമൂഹമാധ്യമങ്ങളിലൊക്കെ ഈ വ്യക്തിയെപ്പറ്റി പരാമര്‍ശം വന്നിരുന്നു. ഹൂ കെയേഴ്സ്. അതാണ്.
മൂന്നര വര്‍ഷം മുന്‍പായിരുന്നു ആദ്യ സന്ദേശം. അവസാനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മെസേജ് ചെയ്തത്. അയാളില്‍ നിന്ന് പീഡനം നേരിട്ടവര്‍ മുന്നോട്ടുവരണം. തനിക്ക് പീഡനം നേരിട്ടിട്ടില്ല. ഈ വ്യക്തിക്ക് ഒരു സംരക്ഷണ സംവിധാനമുണ്ട്. ഇതിനെതിരെ പരാതിനല്‍കുമെന്ന് പറഞ്ഞപ്പോള്‍ 'പോയി പറയ്' എന്നാണ് ഇയാള്‍ പറഞ്ഞതെന്നും റിനി പറഞ്ഞിരുന്നു.
റിനിയുടെ വെളിപ്പെടുത്തലില്‍ രാഹുലിനെതിരെ പ്രതികരണങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് എഴുത്തുകാരി ഹണി ഭാസ്‌കര്‍ രാഹുലിനെതിരെ രംഗത്തെത്തിയത്. ജൂണില്‍ ശ്രീലങ്കന്‍ യാത്രക്കിടെ രാഹുല്‍ ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചുവെന്നും മറുപടി അയച്ചപ്പോള്‍ രാഹുലിന്റെ മെസേജുകള്‍ തുടര്‍ച്ചയായി വന്നുവെന്നും ഹണി ആരോപിച്ചു. ചാറ്റ് നിര്‍ത്താന്‍ അയാള്‍ക്ക് ഉദ്ദേശം ഇല്ല എന്ന് മനസിലാക്കിയതോടെ റിപ്ലൈ നല്‍കിയില്ല. എന്നാല്‍ താന്‍ അങ്ങോട്ട് ചെന്ന് ചാറ്റ് ചെയ്തതാണെന്ന് രാഹുല്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടെ പറഞ്ഞുനടന്നതായും ഹണി. രാഹുല്‍ തികഞ്ഞ രാഷ്ട്രീയ മാലിന്യമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ഇത് തന്നോട് പറഞ്ഞതെന്നും ഹണി. രാഹുല്‍ മാങ്കൂട്ടം-അനുഭവം എന്ന തലക്കെട്ടോടെയാണ് ഹണി ഫേസ്ബുക്കില്‍ വിവരങ്ങള്‍ പങ്കുവെച്ചത്.
അതോടൊപ്പം രാഹുലിന്റെ ഞെട്ടിക്കുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നു. ഗര്‍ഭച്ഛിദ്രം നടത്താന്‍ യുവതിയെ പ്രേരിപ്പിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.
കുഞ്ഞിനെ കാണുന്നവര്‍ തന്തയില്ലാത്തവന്‍ എന്ന് വിളിക്കില്ലേ എന്ന് രാഹുല്‍ ചോദിക്കുമ്പോള്‍ അത് താന്‍ നോക്കിക്കോളാം എന്ന് യുവതി ശബ്ദരേഖയില്‍ പറയുന്നത് കേള്‍ക്കാം. കുഞ്ഞിന് ആരെ ചൂണ്ടിക്കാണിച്ച് കൊടുക്കുമെന്ന് ചോദിക്കുമ്പോള്‍ യുവതി പറയുന്നുണ്ട് 'തന്നെ കാണിച്ചുകൊടുക്കും' എന്ന്. എന്നാല്‍ 'അതല്ലേ പറയുന്നത്, എനിക്കത് ബുദ്ധിമുട്ടാകും'' എന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ മറുപടി പറയുന്നതും കേള്‍ക്കാമായിരുന്നു.
മാധ്യമ പ്രവര്‍ത്തകയോട് മോശമായി പെരുമാറിയെന്നും മറ്റ് സ്ത്രീകള്‍ക്കും ദുരനുഭവം നേരിട്ടെന്നുമെല്ലാം വാര്‍ത്തകള്‍ പുറത്തുവന്നു. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വവും പ്രതിരോധവുമായി എത്തിയിരുന്നു. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാണിച്ച് പലരും സൈബറിടങ്ങളില്‍ വാദിച്ചു. യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇക്കാര്യം അറിയാം, പലര്‍ക്കും ദുരനുഭവങ്ങളുണ്ടെന്ന് പ്രതികരണങ്ങള്‍ വന്നു. മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരോട് പരാതി പറഞ്ഞിട്ടും, പരിഹാരം ആയില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. അതിനെയെല്ലാം പ്രതിരോധിച്ചുകൊണ്ട് കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ രംഗത്തെത്തി.
പുകഞ്ഞു പുകഞ്ഞ് പുറത്ത്
ആരോപണങ്ങള്‍ക്ക് പിന്നാലെ തെളിവുകളും പുറത്തുവന്നതോടെ പ്രതിരോധിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയാതെയായി. അതോടെ ന്യായീകരണം നിര്‍ത്തി പാര്‍ട്ടിയും നിലപാടെടുത്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളും, പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞത്. റിനിയുടെ പരാതി ഇടപെട്ട് പരിഹരിച്ചിരുന്നുവെന്നു . പിന്നീട് ഇപ്പേഴാണ് ഗൗരവമുള്ള പരാതി ഉയര്‍ന്നതെന്നും സതീശന്‍ വ്യക്തമാക്കി. പരാതിയുടെ ഗൗരവം പരിഗണിക്കും രാഹുലിന് പറയാനുള്ളതും കേള്‍ക്കും. ശേഷം ഉചിതമായ നടപടി സ്വീകരിക്കും. എംഎല്‍എ സ്ഥാനം രാജിവയ്ക്കണോ എന്ന് പരിശോധിക്കുമെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വെളിപ്പെടുത്തലിനു പിന്നാലെ നടിക്ക് നേരിടേണ്ടി വന്ന സൈബര്‍ ആക്രമണങ്ങള്‍ ചെറുതല്ല. സോഷ്യല്‍ മീഡിയയിലെ ചിത്രങ്ങള്‍ വച്ചാണ് റിനിക്കെതിരെ അധിക്ഷേപ കമന്റുകളും, പോസ്റ്റുകളും പ്രചരിപ്പിച്ചത്.
ട്രോളുകളുടെ പെരുമഴ
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ പരാതികള്‍ കത്തിപ്പടരുമ്പോള്‍, സോഷ്യല്‍ മീഡിയ ട്രോളുകളുടെ പെരുമഴയായിരുന്നു.. 'ഹൂ കെയേഴ്സ്' (Who Cares) എന്ന രാഹുലിന്റെ വിവാദ ഡയലോഗ് ട്രോളന്മാര്‍ ഏറ്റെടുത്തതോടെ, രാഹുല്‍ കുറെനാള്‍ എയറിലായി.
ട്രോളുകളുടെ പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ട്രെന്‍ഡിങ് ആയത്, കോഴിയുടെ രൂപത്തിലുള്ള 'ഹൂ കെയേഴ്സ്' മീമാണ്. രാഹുലിന്റെ മുന്‍ നിലപാടുകളും പ്രസംഗങ്ങളുമെല്ലാം സിനിമയിലെ പൂവാലന്‍ കഥാപാത്രങ്ങളുമായി കൂട്ടിച്ചേര്‍ത്തുള്ള തമാശകളാണ് പ്രചരിച്ചത്.
സിനിമകളിലെ പ്രശസ്തമായ പൂവാലന്‍ കഥാപാത്രങ്ങള്‍ക്ക് രാഹുലിന്റെ മുഖം നല്‍കിക്കൊണ്ടുള്ള മീമുകളാണ് പ്രചരിച്ചത്. പേര് സാമ്യത്തിലെ ആശയക്കുഴപ്പം: പെണ്‍കുട്ടികളുടെ പേരുകളോട് സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ചുള്ള ട്രോളുകള്‍ ധാരാളമായി പ്രചരിക്കുന്നുണ്ട്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് പ്രതിപക്ഷ നേതാവിന്റെ ഓഫീസിലെ പ്രധാനിയായ ജ്യോതി കുമാര്‍ ചാമക്കാലയെ ജ്യോതി എന്ന പെണ്‍കുട്ടിയായി രാഹുല്‍ തെറ്റിദ്ധരിച്ചുവെന്ന ട്രോളായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തുടര്‍ന്ന നിരന്തര അധിക്ഷേപങ്ങളും പരിഹാസങ്ങളും ഒക്കെ കൂടിയാണ് അതിജീവിതയെ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന. മുമ്പ് രാഹുലിനെതിരെ പരാതിയില്ലെന്ന വാദം ഉന്നയിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പിടിച്ചുനിന്നത്. എന്നാല്‍, യുവതി പരാതി പറയുകയും ക്രൈംബ്രാഞ്ച് കേസെടുക്കുകയും ചെയ്തതോടെ രാഹുലിന് കുരുക്ക് മുറുകയിരിക്കുകയാണ്. ഈ കുരുക്കഴിക്കാന്‍ വലിയ നിയമപോരാട്ടം തന്നെ വേണ്ടി വരും.




