പാലക്കാട്: മുന്‍പ് നീലപ്പെട്ടി തിരഞ്ഞ് ചെന്ന് കൈപൊള്ളിയ പോലീസല്ല ഇത്തവണ പാലക്കാട്ടെ ഹോട്ടലില്‍ എത്തിയത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന യുവ നേതാവിനെ പൂട്ടാന്‍ കൃത്യമായ ഹോംവര്‍ക്ക് ചെയ്ത്, അതീവ രഹസ്യമായി കരുക്കള്‍ നീക്കി. പാലക്കാട് ഉപതിരഞ്ഞെടുപ്പ് കാലത്ത് പാതിരാത്രിയില്‍ ഇതേ ഹോട്ടലില്‍ കയറി കോണ്‍ഗ്രസ് നേതാക്കളുടെ മുറികള്‍ അരിച്ചുപെറുക്കിയിട്ടും ഒന്നും കിട്ടാതെ നാണംകെട്ട് മടങ്ങിയ പോലീസിന്, ഇത് ഒരു മധുരപ്രതികാരം കൂടിയായി. ഈ 'നീലപ്പെട്ടി' മാങ്കൂട്ടത്തിലിന്റെ വിജയത്തിലും നിര്‍ണ്ണായകമായി.

രാഹുലിന്റെ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചത് പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തിലുള്ള പഴുതടച്ച നീക്കങ്ങളാണ്. മൂന്ന് ദിവസം മുന്‍പാണ് കാനഡയിലുള്ള തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്ക് ഇമെയില്‍ വഴി പരാതി നല്‍കുന്നത്. സംഗതി ഗൗരവമാണെന്ന് കണ്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. രാഹുലിനെ കൈവിട്ടുപോകാതിരിക്കാന്‍ ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പിയെ മാത്രം വിശ്വാസത്തിലെടുത്ത് പൂങ്കുഴലി ഐപിഎസ് ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമായിരുന്നു ഇത്.

യുവതി നാളെ നാട്ടിലെത്താനിരിക്കെ, അതിന് മുന്‍പ് തന്നെ രാഹുലിനെ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. കഴിഞ്ഞ രണ്ട് ദിവസമായി പോലീസ് സംഘം രാഹുലിനെ നിഴല്‍പോലെ പിന്തുടരുകയായിരുന്നു. അദ്ദേഹം താമസിച്ച ഹോട്ടലില്‍ തന്നെ പോലീസ് ഉദ്യോഗസ്ഥര്‍ രഹസ്യമായി മുറിയെടുത്ത് താമസിച്ച് നീക്കങ്ങള്‍ നിരീക്ഷിച്ചു. ഓരോ യാത്രയും നിരീക്ഷിച്ചു. തിരുവല്ലയില്‍ വെച്ച് പീഡിപ്പിച്ചു എന്നതിന് പുറമെ അതീവ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. പാലക്കാടും വന്നിരുന്നു. ഇവിടെ മാങ്കൂട്ടത്തിലിന് ഫ്‌ളാറ്റ് എടുത്തു കൊടുക്കാനും ശ്രമിച്ചു. രാഹുല്‍ തന്നെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചുവെന്ന് യുവതി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ മൊഴി നല്‍കി. പാലക്കാട് ഫ്‌ലാറ്റ് വാങ്ങി നല്‍കാന്‍ രാഹുല്‍ നിര്‍ബന്ധിച്ചുവെന്നും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നും പരാതിയിലുണ്ട്.

രാത്രി 12.15-ഓടെയാണ് പോലീസ് സംഘം ഹോട്ടലിലെത്തിയത്. ഹോട്ടല്‍ ജീവനക്കാരുടെ ഫോണുകള്‍ പിടിച്ചെടുത്ത് പുറംലോകവുമായുള്ള ബന്ധം വിച്ഛേദിച്ചു. രാഹുലിന്റെ മുറിയില്‍ മറ്റ് ആളുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം 12.30-ഓടെ വാതില്‍ തകര്‍ക്കാതെ തന്നെ തന്ത്രപരമായി അകത്തുകയറി കസ്റ്റഡിയിലെടുത്തു. ആദ്യ കേസില്‍ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതും രണ്ടാം കേസില്‍ വിചാരണ കോടതി ജാമ്യം നല്‍കിയതും പോലീസിനെ കുറച്ചൊന്നുമല്ല വലച്ചത്.

എന്നാല്‍ മൂന്നാം കേസില്‍ ബലാത്സംഗത്തിന് പുറമെ ഗര്‍ഭഛിദ്രം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ വകുപ്പുകള്‍ കൂടി ചേര്‍ത്തതോടെ നിയമപരമായി കരുക്ക് മുറുകും.