- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം; പരാതി അയച്ചത് സുഹൃത്തിന്റെ സഹായത്തോടെ; യുവതി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും; പാലക്കാട് എംഎല്‍എയുടെ ഒളിവു ജീവിതം എട്ടാം ദിവസത്തില്‍
കെപിസിസി ഓഫീസില്‍ ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസില്ല; അയല്‍ സംസ്ഥാനത്തുള്ള പരാതിക്കാരിയുടെ മൊഴിയെടുക്കാന്‍ പ്രത്യേക അന്വേഷണ സംഘം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസില്‍, കെപിസിസിക്ക് പരാതി നല്‍കിയ യുവതിയുടെ വിശദാംശങ്ങള്‍ ശേഖരിച്ചു പോലീസ്. കെപിസിസിക്ക് ലഭിച്ച പരാതിയില്‍ യുവതിയുടെ അഡ്രസ് ഉണ്ടായിരുന്നില്ല. എങ്കിലും നേരത്തെ ക്രൈംബ്രാഞ്ച് മൊഴിയെടുത്ത യുവതിയാണ് എന്ന് കത്തില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ഇത് അനുസരിച്ചുള്ള പരിശോധനയില്‍ പരാതിക്കാരി ആരാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
അയല്‍ സംസ്ഥാനത്തുള്ള യുവതിയുടെ മൊഴിയെടുക്കാനുള്ള തീരുമാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. സുഹൃത്തിന്റെ സഹായത്തോടെയാണ് യുവതി കെപിസിസിക്ക് പരാതി അയച്ചത്. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ രാഹുലിന് കുരുക്ക് മുറുകും. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. രണ്ടാമത്തെ ബലാല്‍സംഗത്തിന്റെ എഫ്‌ഐആര്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കും. രാഹുല്‍ സ്ത്രീകളെ സ്ഥിരമായി ശല്യം ചെയ്യുന്ന വ്യക്തിയാണെന്ന് പ്രോസിക്യൂഷന്‍ വാദിക്കും. കൂടാതെ ഉത്തരവ് ഇന്ന് തന്നെയുണ്ടാകണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.
ബലാത്സംഗം എന്ന ജാമ്യമില്ല കുറ്റം ചുമത്തിയാണ് 23 കാരിയുടെ വെളിപ്പെടുത്തലില്‍ രാഹുലിനെതിരെ രണ്ടാം കേസും എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ആണ് അന്വേഷണം. ബ്ലാക്ക്ബെറി ഫോണില്‍ നിന്നായിരുന്നു പരാതി അയച്ചത്. കൊച്ചിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരാതിക്കാരിയുമായി അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ കണ്ടെത്തി മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. പെണ്‍കുട്ടിയുടെ മേല്‍വിലാസവും വിവരങ്ങളും ക്രൈംബ്രാഞ്ചിന്റെ കയ്യിലുണ്ട്. രണ്ടുമാസം മുമ്പ് ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പെണ്‍കുട്ടിയെ ബന്ധപ്പെടുകയും പരാതി കേള്‍ക്കുകയും ചെയ്തിരുന്നു.
അന്ന് നിയമപരമായി പരാതിയായിട്ട് പോകാന്‍ താല്പര്യമില്ല എന്ന് അറിയിച്ചതോടെയാണ് കേസെടുക്കാതിരുന്നത്. പിന്നീട് കെപിസിസി നേതൃത്വത്തിന് പെണ്‍കുട്ടി പരാതി നല്‍കുകയും, കോണ്‍ഗ്രസ് ഡിജിപിക്ക് കൈമാറുകയും ചെയ്തതോടെയാണ് കേസിന് കളമൊരുങ്ങിയത്. പെണ്‍കുട്ടി മൊഴി നല്‍കിയാല്‍ കൂടുതല്‍ ഗുരുതരമായ വകുപ്പുകള്‍ രാഹുലിനെതിരെ ചുമത്തും. ഇതോടെ ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ പോലും രാഹുലിന് അറസ്റ്റിന്റെ ഭീഷണി ഒഴിവാകില്ല.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം ദിവസവും ഒളിവില്‍ തുടരുകയാണ്. കര്‍ണാടകയിലെ വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തന്നെയാണ് പൊലീസിന്റെ പരിശോധന തുടരുന്നത്. ഇന്നലെ വൈകുന്നേരത്തോടുകൂടി രാഹുല്‍ പിടിയിലായതായി അഭ്യൂഹങ്ങള്‍ പരന്നെങ്കിലും രാഹുലിനെ കണ്ടെത്താന്‍ പോലും സാധിച്ചിട്ടില്ല എന്നാണ് പൊലീസ് ഔദ്യോഗികമായി പറയുന്നത്. ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പലതരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് നല്‍കുന്നത്.
രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് - കര്‍ണാടക അതിര്‍ത്തിയിലെത്തിയിരുന്നു. രാഹുല്‍ ഒളിച്ചു താമസിച്ച സ്ഥലങ്ങളില്‍ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടുവെന്നാണ് വാര്‍ത്തകള്‍. ഇക്കാര്യത്തില്‍ വ്യക്തതകള്‍ ഇല്ല താനും. പൊലീസില്‍ നിന്ന് വിവരം ചോരുന്നതായാണ് സംശയം ഉയര്‍ത്തുന്നുണ്ട്. എസ്.ഐ.ടിയുടെ നീക്കങ്ങള്‍ പൂര്‍ണമായും രഹസ്യ സ്വഭാവത്തില്‍ ആകണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
അതേ സമയം ബലാത്സംഗ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ വൈകുന്നതില്‍ ഹൈക്കമാന്റിന് അതൃപ്തി. പരാതി ലഭിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനോട് ഉചിതമായ നടപടി സ്വീകരിക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതിവിധി കാത്തിരിക്കുകയാണ് കെപിസിസി നേതൃത്വം.
ഇതിനെതിരെ സംസ്ഥാന നേതാക്കള്‍ക്കിടയിലും ഭിന്നത രൂപപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, രമേശ് ചെന്നിത്തല, വി എം സുധീരന്‍, കെ മുരളീധരന്‍ അടക്കമുള്ളവര്‍ നിലപാട് കെപിസിസി നേതൃത്വത്തെയും എഐസിസിയെയും അറിയിച്ചു. പുറത്താക്കല്‍ അല്ലാതെ മുഖം രക്ഷിക്കാന്‍ മറ്റു നടപടികള്‍ ഇല്ലെന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്.




