- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു; കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു; ഗര്‍ഭിണിയാണെന്ന് പറഞ്ഞപ്പോള്‍ അധിക്ഷേപിച്ചു; പോയി ഡി.എന്‍.എ പരിശോധിക്കാന്‍ പറഞ്ഞു; ഗര്‍ഭം അലസിയെ ശേഷം വീണ്ടും സൗഹൃദം സ്ഥാപിച്ചു; ചൂരല്‍മല ദുരിതാശ്വാസത്തിന്റെ പേരിലും പണം വാങ്ങി; രാഹുലിനെതിരെ യുവതി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
കിടക്കയിലേക്ക് തള്ളിയിട്ട് മൂന്നു മണിക്കൂറോളം പീഡിപ്പിച്ചു
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ മൂന്നാമത്തെ പീഡന പരാതി നല്‍കിയ യുവതി പൊലീസിന് നല്‍കിയ മൊഴിയിലെ വിശദാംശങ്ങള്‍ പുറത്തുവന്നു. 2023 സെപ്റ്റംബറിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെട്ടതെന്നും രാഹുല്‍ വാട്‌സാപ്പില്‍ തുടര്‍ച്ചയായി സന്ദേശം അയച്ചുവെന്നും യുവതിയുടെ മൊഴിയിലുണ്ട്. ദാമ്പത്യ ബന്ധത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് അടുപ്പം സ്ഥാപിക്കുകയായിരുന്നു. വിവാഹ മോചിതയായി വന്നാല്‍ ഒരുമിച്ച് ജീവിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
സംസാരിക്കാനുണ്ടെന്നു പറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഗര്‍ഭിണിയായപ്പോള്‍ അവഗണിച്ചു. സഹോദരിയുടെ കല്യാണം മുടക്കുമെന്ന് ഭീഷണിപ്പെടുത്തി. വലിയ ബന്ധങ്ങളുണ്ടെന്ന് ഓര്‍മിപ്പിച്ച് ഭീഷണി തുടര്‍ന്നു. രാഹുലിനെതിരെ പരാതി നല്‍കിയവര്‍ക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയില്‍ പറയുന്നു.
പരാതിയിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ:
''വിവാഹം കഴിക്കാമെന്ന് രാഹുല്‍ നിരന്തരം വാഗ്ദാനം ചെയ്തിരുന്നു. 2024 ഏപ്രില്‍ എട്ടിന് എന്നെ തിരുവല്ലയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തിയത്. മുറി ബുക്ക് ചെയ്യുന്നത് എന്തിനാണെന്നും റസ്റ്ററന്റില്‍ ഇരുന്നു സംസാരിച്ചാല്‍ മതിയല്ലോ എന്നും ഞാന്‍ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റാണെന്നും ആളുകള്‍ തിരിച്ചറിഞ്ഞ് സെല്‍ഫി എടുക്കാന്‍ വരുമെന്നും രാഹുല്‍ പറഞ്ഞു. ഞാന്‍ മുറി ബുക്ക് ചെയ്തു. ഒറ്റയ്ക്കാണോ എന്ന് ഹോട്ടല്‍ ജീവനക്കാര്‍ ചോദിച്ചപ്പോള്‍ കൂടെ ഒരാള്‍ ഉണ്ടെന്നു പറഞ്ഞു. ഹോട്ടലുകാര്‍ നല്‍കിയ ഫോമില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നെഴുതാതെ രാഹുല്‍ ബി.ആര്‍. എന്നെഴുതി. ഞാന്‍ ഐഡി കാര്‍ഡ് കൊടുത്തു. രാഹുലിന്റെ ഐഡി കാര്‍ഡും അവര്‍ ചോദിച്ചു. ആളു വന്നിട്ടു കൊടുക്കാമെന്നു അവരോട് പറഞ്ഞശേഷം റൂമില്‍ ചെന്ന് കാത്തിരുന്നു. രാഹുല്‍ എത്തിയപ്പോള്‍ റിസപ്ഷനില്‍ ഐഡി കാര്‍ഡ് കൊടുക്കണമെന്ന് ഞാന്‍ പറഞ്ഞു. നീ മണ്ടിയാണോ എന്നും, എന്റെ പേര് കൊടുത്താല്‍ ആളുകള്‍ ശ്രദ്ധിക്കില്ലേ എന്നും പറഞ്ഞു''.
''രാഹുല്‍ വന്നാല്‍ മുറിക്കു പുറത്തു പോയി സംസാരിക്കാമെന്നാണ് കരുതിയിരുന്നത്. രാഹുലിനെ ആദ്യമായാണ് കാണുന്നത്. മുറിയിലേക്ക് വന്നയുടനെ രാഹുല്‍ അടുത്ത് വന്നിരുന്ന് എന്നെ വട്ടംപിടിച്ചു. എന്റെ മുഖത്തുപോലും നോക്കിയില്ല. കിടക്കയിലേക്ക് തള്ളിയിട്ടശേഷം ക്രൂരമായി പീഡിപ്പിച്ചു. തടയാന്‍ ശ്രമിച്ചപ്പോള്‍ മുഖത്ത് അടിച്ചു, തുപ്പി. ഞാന്‍ കരഞ്ഞു നിലവിളിച്ചിട്ടും വിട്ടില്ല. ഉപദ്രവിച്ചശേഷം അയാള്‍ വേഗം മുറിവിട്ടു പോയി. ഞാന്‍ എങ്ങനെയാണ് ബസ് കയറി വീട്ടിലെത്തിയത് എന്ന് അറിയില്ല. രാഹുല്‍ വീണ്ടും മൊബൈലില്‍ സന്ദേശം അയയ്ക്കുന്നത് തുടര്‍ന്നു. ചെരുപ്പ് വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടു. എന്റെ അനുജത്തിയുടെ കല്യാണം വരികയാണെന്നും അയാള്‍ക്ക് വലിയ ബന്ധങ്ങളുണ്ടെന്നും ഓര്‍മിപ്പിച്ചു. ഇടയ്ക്കിടെ ഭീഷണിപ്പെടുത്തി''.
''അനുജത്തിയുടെ കല്യാണത്തെപ്പറ്റി പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ എതിര്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ മാത്രമാണ് അയാളോട് ഞാന്‍ തുടര്‍ന്നും സംസാരിച്ചത്. ചെരുപ്പ് വാങ്ങാന്‍ പതിനായിരം രൂപ അയച്ചു കൊടുത്തു. പിരീഡ്‌സ് ആകാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. രാഹുലിനെ അറിയിച്ചപ്പോള്‍ ധൈര്യം തന്നു. വളരെ സ്‌നേഹത്തില്‍ സംസാരിച്ചു. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അവഗണിക്കാന്‍ തുടങ്ങി. ഗര്‍ഭത്തിന് ഉത്തരവാദി താനല്ല എന്നു പറഞ്ഞു. രാഹുല്‍ ഫോണില്‍ ബ്ലോക്ക് ആക്കിയിരുന്നതിനാല്‍ ഇ മെയിലൂടെയും ഗര്‍ഭത്തിന്റെ വിവരം അറിയിച്ചിരുന്നു. ഇതിനിടെ, രാഹുലിന്റെ സുഹൃത്ത് ഫെനി പറഞ്ഞിട്ട് ചൂരല്‍മല ദുരിതാശ്വാസ ഫണ്ടിലേക്ക് 5,000 രൂപയും അയച്ചു കൊടുത്തു. പാലക്കാട് തിരഞ്ഞെടുപ്പ് സമയത്ത്, രാഹുല്‍ ആഹാരം കഴിക്കാന്‍പോലും പണമില്ലാതെ നട്ടം തിരിയുകയാണെന്ന് ഫെനി പറഞ്ഞപ്പോള്‍ 10,000രൂപ അയച്ചു കൊടുത്തു. രാഹുല്‍ എന്റെ കുട്ടിയുടെ അച്ഛനാണല്ലോ എന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. പിന്നീട് ഗര്‍ഭം അലസിപ്പോയി ''.
''പാലക്കാട് ഫ്‌ലാറ്റ് വാങ്ങണമെന്ന് സ്‌നേഹം നടിച്ച് രാഹുല്‍ എന്നോട് പറഞ്ഞു. 1.14 കോടിരൂപ എന്റെ കയ്യില്‍ ഇല്ലാത്തതിനാല്‍ വാങ്ങാന്‍ കഴിഞ്ഞില്ല. 2025ല്‍ രാഹുലിന്റെ വിഷയം സമൂഹമാധ്യമങ്ങളില്‍ വരുമ്പോഴാണ് മറ്റു പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്ന് മനസ്സിലായത്. എന്റെ സുഹൃത്തുക്കള്‍ രാഹുലിനെ കാണാന്‍ പാലക്കാട് പോയെങ്കിലും സാധിച്ചില്ല. രാഹുലിനെ വിളിച്ചപ്പോള്‍ നിരന്തരം ഭീഷണിപ്പെടുത്തി. രാഹുലിനെതിരെ പരാതി കൊടുത്ത പെണ്‍കുട്ടിക്ക് സൈബര്‍ ആക്രമണം നേരിടേണ്ടി വന്നതിനാലാണ് പരാതി നല്‍കാന്‍ വൈകിയത്''.
അതേസമയം കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയെ ജയിലിലടച്ചു. മാവേലിക്കര സബ് ജയിലില്‍ 26/2026 നമ്പര്‍ തടവുപുള്ളിയായാണ് രാഹുലിനെ ജയിലിലടച്ചത്. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം ബലാത്സംഗ കേസിലാണ് അറസ്റ്റ് ചെയ്ത് റിമാന്‍ഡിലായതെങ്കിലും രാഹുലിന് കുലുക്കമില്ല. ജയിലേക്ക് കൊണ്ടുപോകുന്നതിന് മുന്നേ രാഹുല്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെല്ലുവിളി പോലും നടത്തി.
കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകള്‍ തന്റെ പക്കലുമുണ്ടെന്നാണ് രാഹുല്‍ ഉദ്യോഗസ്ഥരോട് പറഞ്ഞത്. വൈകാതെ തന്നെ പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും ജയിലിലാകും മുന്നേ രാഹുല്‍ വെല്ലുവിളി നടത്തി. ഇന്നലെ അര്‍ധ രാത്രി പാലക്കാട് ഹോട്ടലില്‍ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ പത്തനംതിട്ട എ ആര്‍ ക്യാമ്പിലെത്തിച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. എ ആര്‍ ക്യാമ്പില്‍ ഹാജരാക്കി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് മജിസ്‌ട്രേറ്റിന്റെ വീട്ടിലെത്തിച്ചത്. രാഹുല്‍ നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയായിരുന്നു റിമാന്‍ഡ്. നാളെ വീണ്ടും ജാമ്യഹര്‍ജി നല്‍കാനാണ് നീക്കം.
പാലക്കാട് എം എല്‍ എയുടെ അറസ്റ്റ് വാര്‍ത്ത കേട്ടാണ് രാഷ്ട്രീയകേരളം ഇന്ന് ഞെട്ടിയുണര്‍ന്നത്. രണ്ട് ബലാത്സംഗ കേസുകളില്‍ അറസ്റ്റ് നീട്ടിക്കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്ന രാഹുല്‍. ഒടുവില്‍ അകാത്താകുന്നത് മൂന്നാം ബലാല്‍സംഗ പരാതിയില്‍. വിദേശത്തുള്ള പരാതിക്കാരി ഇ മെയിലില്‍ ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ അതീവരഹസ്യമായായിയിരുന്നു എസ് ഐ ടി നീക്കങ്ങള്‍. 2024 ഏപ്രിലില്‍ തിരുവല്ലയിലെ ഹോട്ടലില്‍ വെച്ച് ക്രുരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കോളിലൂടെ മൊഴി രേഖപ്പെടുത്തി എസ് ഐ ടിവിവരങ്ങള്‍ രഹസ്യമാക്കി വെച്ചു. എഫ് ഐ ആര്‍ വിവരങ്ങള്‍ ചോരാതിരിക്കാന്‍ പത്തനംതിട്ട എസ് പി മജിസ്‌ട്രേറ്റിനെ രഹസ്യമായാണ് കാര്യങ്ങള്‍ അറിയിച്ചത്. വിദേശത്തു നിന്നും പരാതിക്കാരിയെത്തി രഹസ്യമൊഴിക്ക് ശേഷം അറസ്റ്റ് എന്നായിരുന്നു ആദ്യ തീരുമാനം.
എന്നാല്‍ നടപടി വൈകുന്നതില്‍ ആശങ്ക അറിയിച്ചും നേരിട്ട അനുഭവങ്ങള്‍ വൈകാരികയമായി വിവരിക്കുകയും ചെയ്തുള്ള പരാതിക്കാരിയുടെ സന്ദേശം കേട്ട മുഖ്യമന്ത്രി പിണറായി അടിയന്തര ഇടപെടലാണ് രാഹുലിനെ ജയിലിലെത്തിച്ചത്. യുവതിയുടെ വൈകാരികമായ ശബ്ദ സന്ദേശം കേട്ട മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ട് മണിയോടെ അറസ്റ്റിന് ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പിന്നെ അതീവ രഹസ്യമായ നീക്കങ്ങളിലൂടെയായിരുന്നു രാഹുലിനെ അര്‍ധരാത്രി തന്നെ അറസ്റ്റ് ചെയ്തത്. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേര്‍ത്ത്‌നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെ പി എം ഹോട്ടലില്‍നിന്ന് രാഹുലിനെ അര്‍ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്. അറസ്റ്റ് വിവരം ചോരാതിരിക്കാന്‍ അതീവ രഹസ്യമായാണ് പൊലീസ് നീക്കങ്ങള്‍ നടത്തിയത്. എസ് പി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ഉള്‍പ്പെടുത്തി നടത്തിയ മിന്നല്‍ ഓപ്പറേഷനായിരുന്നു ഇത്.




