അടൂര്‍: ലീഡ് നില മാറി മറിഞ്ഞതൊന്നും അവരെ ബാധിച്ചില്ല. നമ്മുടെ ചെക്കന്‍ ഇപ്പോള്‍ ജയിച്ചു കയറി വരുമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. പടിപടിയായി ലീഡ് നില ഉയര്‍ന്നപ്പോള്‍ അവര്‍ മധുരം വിതരണം ചെയ്തു. പാലക്കാട്ട് കന്നിയങ്കം ജയിച്ചു കയറിയതിന്റെ ത്രില്ലിലായിരുന്നു അടൂരില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും പ്രദേശവാസികളും.

രാവിലെ 10 മണിക്ക് ലീഡ് നില കൂടിയതോടെ രാഹുലിന്റെ മുണ്ടപ്പള്ളിയിലെ ആറ്റുവിളാകത്ത് വീട്ടിലേക്ക് പാര്‍ട്ടി പ്രവര്‍ത്തകരുടെ വരവായി. വീട്ടില്‍ ഉണ്ടായിരുന്ന രാഹുലിന്റെ സഹോദരി ഭര്‍ത്താവ് ശ്യാമും മറ്റ് ബന്ധുക്കളും പ്രവര്‍ത്തകര്‍ക്ക് ലഡു വിതരണം ചെയ്തു. ഉച്ചയ്ക്ക് 12 ന് ലീഡ് നില 15000 കഴിഞ്ഞതോടെ പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്നും അടൂരിലേക്ക് തിരിച്ചു. ടൗണില്‍ നീല ട്രോളി ബാഗില്‍ ലഡു വിതരണം ചെയ്താണ് ആഹ്‌ളാദപ്രകടനം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നൂറുകണക്കിന് ലഡുവാണ് നീല ട്രോളി ബാഗില്‍ വിതരണം ചെയ്തത്. അടൂര്‍ മുണ്ടപ്പള്ളി ആറ്റുവിളകത്ത് വീട്ടില്‍ പരേതനായ (എക്‌സ് ആര്‍മി) രാജേന്ദ്ര കുറുപ്പിന്റെയും റിട്ട: എല്‍.ഐ.സി മാനേജര്‍ ബീന ആര്‍. കുറുപ്പിന്റെയും ഇളയ മകനാണ് രാഹുല്‍.

1989 ല്‍ ജനിച്ച രാഹുല്‍ മണക്കാല തപോവന്‍ സ്‌കൂളില്‍ പത്താം ക്ലാസ് പഠനം, തുടര്‍ന്ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ ഡിഗ്രി പഠനം, ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ എം.എ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം, എം എ ഇംഗ്ലീഷ് (ഐ ജി എന്‍ ഓ യു) എംജി യൂണിവേഴ്‌സിറ്റിയില്‍ പി. എച്ച്. ഡി., 2007 ല്‍ യൂത്ത് കോണ്‍ഗ്രസ് പെരിങ്ങനാട് മണ്ഡലം പ്രസിഡന്റായി തുടക്കം കുറിച്ച രാഹുല്‍ കെ. എസ്. യു. അടൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ്, എം.ജി. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍, 2009 ല്‍ കെ. എസ്.യു. പത്തനംതിട്ട ജില്ല ജനറല്‍ സെക്രട്ടറി, 2018 ല്‍ കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി, എന്‍. എസ്. യു. (ഐ) ദേശീയ സെക്രട്ടറി, ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയിരിക്കവെയാണ് പാലക്കാട് നിയമസഭാമണ്ഡലത്തില്‍ കന്നി അങ്കം കുറിക്കാന്‍ പോയത്. രാഹുല്‍ ഭരണസമിതി അംഗമായിട്ടുള്ള നെല്ലുകള്‍ ചക്കൂര്‍ച്ചിറ ക്ഷേത്രത്തില്‍ ഭാരവാഹികള്‍ മധുരം വിതരണം ചെയ്തു.