- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു; സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ; സൗന്ദര്യമുള്ളതിന്റെ ജാഡയാണോ എന്ന് രാഹുല്‍; 'കുഞ്ഞനിയന്റെ കുഞ്ഞു തമാശ, രാഷ്ട്രീയത്തില്‍ സഹോദരനാണ്' എന്ന് യുവതിയുടെ മറുപടി; സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകള്‍ പുറത്ത്; 'ചാറ്റര്‍ജി' ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തേക്ക്
'ചാറ്റര്‍ജി' ആരോപണം ശരിവെക്കുന്ന തെളിവുകള്‍ പുറത്തേക്ക്
തിരുവനന്തപുരം: പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും അശ്ലീലസന്ദേശങ്ങള്‍ അയച്ചെന്നുമുള്ള നടി റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിരോധത്തിലാക്കി കൂടുതല്‍ ചാറ്റുകള്‍ പുറത്ത്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഉള്ള തന്റെ സഹപ്രവര്‍ത്തകയ്ക്ക് അയച്ച ചാറ്റുകളാണ് പുറത്തായത്. രാഹുലിനെതിരെ ആരോപണം വന്നതിന് പിന്നാലെയാണ് കൂടുതല്‍ ചാറ്റുകളും തെളിവുകളുമായി കൂടുതല്‍പേര്‍ രംഗത്തെത്തിയത്. പാര്‍ട്ടിയില്‍ കുഞ്ഞനിയനെ പോലെയാണ്, രാഷ്ട്രീയത്തില്‍ സഹോദരനാണ് എന്നൊക്കെ യുവതി പറയുമ്പോഴും അതിരുവിട്ട പ്രതികരണങ്ങളാണ് രാഹുല്‍ ചാറ്റില്‍ നടത്തുന്നത്.
രാഹുല്‍ മോശമായ രീതിയില്‍ പെരുമാറി എന്ന് ആരോപിച്ച് ശബ്ദസന്ദേശങ്ങളും ചാറ്റകളും അടക്കം പുറത്തുവിട്ടുകൊണ്ടാണ് പലരും മുന്നോട്ടുവന്നിരിക്കുന്നത്. സാമൂഹ്യമാധ്യമങ്ങള്‍ വഴിയാണ് പലരും ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചിട്ടുള്ളത്. 2020-ല്‍ കെഎസ്യുവിന്റെ ചുമതല ഉണ്ടായിരുന്ന സമയത്ത് രാഹുല്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റുകള്‍ എന്ന തരത്തിലുള്ള സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കം പുറത്തുവരുന്നുണ്ട്. ഇതിനുപുറമേ രാഹുലിന്റേത് എന്ന തരത്തിലുള്ള ഒരു ശബ്ദസന്ദേശവും പുറത്തുവന്നിട്ടുണ്ട്.
'എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു. സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാ. സൗന്ദര്യമുള്ളതിന്റെ ജാഡയാണോ' എന്നിങ്ങനെ നീളുന്നു രാഹുലിന്റെ മറുപടി. 2020ല്‍ പാര്‍ട്ടിയില്‍ ഉള്ള സഹപ്രവര്‍ത്തകയ്ക്കാണ് രാഹുല്‍ മെസ്സേജ് അയച്ചത്. 'കുഞ്ഞനിയന്റെ കുഞ്ഞു തമാശ' എന്ന യുവതിയുടെ മെസേജിന് 'അയ്യേ ഞാന്‍ അനിയനൊന്നുമല്ല' എന്ന് രാഹുല്‍ മറുപടി നല്‍കുന്നു. 'താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ,' എന്ന് രാഹുല്‍ പറയുമ്പോള്‍ 'അത് നേരിട്ട് കാണാത്തതുകൊണ്ടാ' എന്ന് യുവതി മറുപടി നല്‍കുമ്പോള്‍ 'നാച്വറല്‍ ഫോട്ടോസൊക്കെ കണ്ടിട്ടുണ്ട്, താന്‍ പൊളിയാണ്' എന്നായിരുന്നു മറുപടി.
'ജാഡക്കാരി, സൗന്ദര്യമുള്ളതിന്റെ ജാഡ' എന്ന് രാഹുല്‍ പറയുമ്പോള്‍ ആ സ്ത്രീ 'അയ്യേ' എന്ന് മറുപടി നല്‍കുന്നു. 'എന്ത് അയ്യേ, ഞാന്‍ വൃത്തികേടൊന്നും പറഞ്ഞില്ലല്ലോ, സുന്ദരിമാര്‍ എല്ലാം ഇങ്ങനെയാണ്'- എന്നായിരുന്നു ഇയാളുടെ മറുപടി. 'താന്‍ ഭയങ്കര ജാഡയാണല്ലേ, ഞാന്‍ എത്ര ദിവസമായിട്ട് നമ്പര്‍ ചോദിക്കുവാ'- എന്നൊക്കെ രാഹുല്‍ പറഞ്ഞതായിട്ടാണ് ചാറ്റില്‍ ഉള്ളത്.
ഒരു മാധ്യമപ്രവര്‍ത്തകയുമായി നടത്തിയ സംഭാഷണം എന്ന തരത്തില്‍ പുറത്തുവന്നിട്ടുള്ള ഈ ശബ്ദസന്ദേശത്തില്‍ അതീവ ഗുരുതരമായ ഉള്ളടക്കമാണുള്ളത്. ചില സന്ദേശങ്ങളില്‍ രാഹുല്‍ ആവര്‍ത്തിച്ച് ഫോണ്‍നമ്പര്‍ ചോദിക്കുന്നതും, അനിയനായി കാണേണ്ടതില്ല എന്ന പറയുന്നതും അടക്കം ഉണ്ട്. ഇവയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കേണ്ടതായുണ്ട്.
അതേസമയം, കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയാണ് ഇത്തരം വിവരങ്ങള്‍ പുറത്തുവരുന്നത് എന്നും ആക്ഷേപമുണ്ട്. സിപിഎം, ബിജെപി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ ഇത്തരം വിവരങ്ങളൊന്നും ഷെയര്‍ ചെയ്തിട്ടില്ല എന്നതും ശ്രദ്ധേയമാണ്. പരാതികളെല്ലാം ഉയരുന്നത് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയാണ് എന്നതും പാര്‍ട്ടി നേതൃത്വത്തെ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് വിശദീകരണം ചോദിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം രംഗത്തെത്തി. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് നടപടി.
യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചേക്കുമെന്നാണ് വിവരം. രാജിവെക്കാന്‍ രാഹുലിനോട് ഹൈക്കമാന്റ് നിര്‍ദ്ദേശം നല്‍കി. ആരോപണങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാന്‍ കെ.പി.സി.സി ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കമാന്‍ഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്.
പുനഃസംഘടനയ്ക്ക് ഒപ്പം തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനെ പ്രഖ്യാപിക്കാനുള്ള നീക്കം കൂടിയാണ് നിലവില്‍ നടത്തുന്നത്. എന്നാല്‍, എംഎല്‍എ സ്ഥാനത്ത് തുടരും. അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചര്‍ച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് വാട്സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടിരുന്നു.