- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലും; സതീശന്റെ വാക്കുകളെ സിപിഎമ്മിന് ഭയക്കുന്നില്ല; എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്ന് എംവി ഗോവിന്ദന്‍; 'മാങ്കൂട്ടത്തില്‍' ചര്‍ച്ച തുടരാന്‍ സിപിഎം; സതീശന്റെ വെല്ലുവിളിക്ക് മറു വെല്ലുവിളിയുമായി പാര്‍ട്ടി സെക്രട്ടറി
ഇടുക്കി: സിപിഎമ്മില്‍ ഉടനേയൊരു ബോംബ് വീഴുമെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടിയുമായി പാര്‍ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാദിവസവും ബോംബുകള്‍ വീഴുന്നതും ഇനി വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലും യുഡിഎഫിലുമാണ്. സതീശന്റെ വാക്കുകളോട് സിപിഐ എമ്മിന് ഭയമില്ല. സിപിഐ എമ്മിനെതിരെ എന്ത് ആരോപണം വന്നാലും അഭിമുഖീകരിക്കാന്‍ പ്രയാസമില്ലെന്നും കൃത്യമായ നിലപാട് സ്വീകരിച്ചാണ് പാര്‍ടി മുന്നോട്ടു പോകുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നാണ് കെപിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആദ്യം പറഞ്ഞത്. പക്ഷേ, താന്‍ രാജിവെച്ചാല്‍ പല ആളുകളുടെയും കഥകള്‍ പുറത്തുപറയുമെന്ന രാഹുലിന്റെ ഭീഷണിയില്‍ അവര്‍ നിലപാട് മാറ്റി. വി ഡി സതീശനും ഷാഫി പറമ്പിലും ഉള്‍പ്പെടുന്ന ത്രിമൂര്‍ത്തികളാണ് പുതിയ നിലപാടിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ ഇടുക്കിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ക്രിമിനല്‍ മനോഭാവം ഉള്ളതു കൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും രാജിവയ്ക്കാതെ എംഎല്‍എ ആയി തുടരുന്നതെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ്. ഇതൊന്നും കേരളം അംഗീകരിക്കില്ല. കേരളം ഒന്നാകെ പറഞ്ഞത് രാജിവയ്ക്കണം എന്നാണ്. ഉമ തോമസ് ഉള്‍പെടെയുള്ളവര്‍ക് എതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ പിന്നില്‍ ഷാഫി പറമ്പിലിന്റെയും മാങ്കൂട്ടത്തിലിന്റെയും അനുയായികളാണ്. മുകേഷിന്റെ കാര്യത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ ആരോപണം ആയിരുന്നു. കേസിന്റെ വിധി അനുസരിച്ച് നിലപാട് എടുക്കാമെന്നാണ് അന്ന് പറഞ്ഞത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്യത്തില്‍ ഓരോരുത്തരും വന്ന് പറയുകയാണ്. ഓരോ സ്ത്രീകളും തെളിവാണ് തരുന്നത്. അത് മൂടിവെക്കാന്‍ ആര് വിചാരിച്ചാലും നടക്കില്ല-ഗോവിന്ദന്‍ പറഞ്ഞു.
കേരളം ഞെട്ടുന്ന വാര്‍ത്ത പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചിരുന്നു. സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാര്‍ത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ബിജെപിക്കെതിരേയും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കാളയുമായി തന്റെ വീട്ടിലേക്ക് പ്രതിഷേധം നടത്തിയവരെക്കൊണ്ട് തന്നെ രാജീവ് ചന്ദ്രശേഖറുടെ വീട്ടിലേക്ക് താന്‍ പ്രതിഷേധം നടത്തിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'ഞാന്‍ ഭീഷണിപ്പെടുത്തുകയാണെന്ന് നിങ്ങള്‍ വിചാരിക്കരുത്. ഭീഷണിയല്ലേ എന്ന് ചോദിച്ചാല്‍ ആണ്. ഈ കാര്യത്തില്‍ സിപിഎമ്മുകാര്‍ അധികം കളിക്കരുത്. വരാനുണ്ട്. കേരളം ഞെട്ടിപ്പോകും. വലിയ താമസം ഒന്നും വേണ്ട'- പ്രതിപക്ഷ നേതാവ് കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഉടന്‍ തന്നെ സിപിഎമ്മില്‍ ഒരു പൊട്ടിത്തെറി ഉണ്ടാകുമെന്ന സൂചനയും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ നല്‍കിയിരുന്നു. ഇതിനാണ് എംവി ഗോവിന്ദന്‍ പ്രതികരണം നടത്തുന്നത്. ഇത് പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിക്കുള്ള മറുവെല്ലുവിളിയാകുകയാണ്.
അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത് അഡ്ജസ്റ്റ്‌മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. ഇത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് എംഎല്‍എയെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയായി തുടരുകയാണ്. കോണ്‍ഗ്രസിന് വേണ്ടാത്ത ആളെയാണോ പാലക്കാട്ടെ ജനങ്ങളുടെ മേല്‍ കെട്ടിയേല്‍പ്പിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
പാര്‍ടി കര്‍ശന നടപടിയെടുക്കാന്‍ ഒരുങ്ങിയപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് നേതാക്കള്‍ നിലപാട് മയപ്പെടുത്തുകയായിരുന്നു എന്നുവേണം മനസിലാക്കാന്‍. രാഹുല്‍ മാങ്കൂട്ടത്തലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കുകയാണ് ന്യായമായ നടപടി. ഒപ്പം എംഎല്‍എ സ്ഥാനം രാജിവെപ്പിക്കണം. പാലക്കാട്ടെ ജനങ്ങള്‍ രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നു.
രാഹുല്‍ മാങ്കൂട്ടത്തില്‍ നയിക്കുന്ന ഒരു ക്രിമിനല്‍ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. സൈബര്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ അവരാണ്. ഉമ തോമസ് എംഎല്‍എ അടക്കമുള്ള സ്വന്തം സംഘടനയിലുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷം നടത്തുന്നത് അവരാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവെക്കാത്ത മറ്റൊരു കാരണം പാലക്കാട് ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഭയക്കുന്നതാണെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.