തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍നിന്ന് പെണ്‍കുട്ടി നേരിട്ടത് ക്രൂരപീഡനവും മാനസികസമ്മര്‍ദവുമെന്ന് എഫ്‌ഐആര്‍. രാഹുലിനെതിരെ ഗുരുതര ആക്ഷേപമാണുള്ളത്. ഗര്‍ഭിണിയായശേഷവും മാങ്കൂട്ടത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്‌ഐആറില്‍ പറയുന്നു. പെണ്‍കുട്ടിയുടെ നഗ്‌നദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ഇത് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് മൂന്ന് സ്ഥലങ്ങളില്‍വെച്ച് മാങ്കൂട്ടത്തില്‍ ബലാത്സഗം ചെയ്‌തെന്നും എഫ്‌ഐആറില്‍ പറയുന്നു.

പ്രണയ ബന്ധത്തിന് എഫ് ഐ ആറിലും സാക്ഷ്യമുണ്ട്. അതുകൊണ്ട് തന്നെ ബലാത്സംഗമെന്ന ആരോപണത്തെ ചെറുക്കാന്‍ മാങ്കൂട്ടത്തിലിന് കഴിയും. എന്നാല്‍ ഗര്‍ഭഛിദ്രത്തെ എങ്ങനെ പ്രതിരോധിക്കുമെന്നതാണ് നിര്‍ണ്ണായകം. ഈ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാഹുലിന് ജയിലില്‍ പോകേണ്ടി വരും. അതിജീവിതയുടെ ഈ ആരോപണത്തെ എങ്ങനെ നേരിടുമെന്നതാണ് നിര്‍ണ്ണായകം. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറാകും കേസ് അന്വേഷിക്കുക.

ഈ വര്‍ഷം മാര്‍ച്ച് നാലിന് തൃക്കണ്ണാപുരത്തുള്ള ഫ്‌ലാറ്റില്‍വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. മാര്‍ച്ച് 17ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയും സമ്മതമില്ലാതെയും മാങ്കൂട്ടത്തില്‍ നഗ്‌നവീഡിയോ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞശേഷം ഏപ്രില്‍ 22ന് തൃക്കണ്ണാപുരത്തെ ഫ്‌ലാറ്റില്‍വെച്ചും മെയ് അവസാന ആഴ്ചയിലെ രണ്ട് ദിവസം മാങ്കൂട്ടത്തിലിന്റെ പാലക്കാടുള്ള ഫ്‌ലാറ്റില്‍വെച്ചും ബലാത്സംഗം ചെയ്തു.

മെയ് 30ന് രണ്ടാം പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവും മാങ്കൂട്ടത്തിലിന്റെ അടുത്തസുഹൃത്തുമായ ജോബി ജോസഫ് പെണ്‍കുട്ടിയെ ചുവന്നകാറില്‍കയറ്റിയതിനുശേഷം ഗര്‍ഭഛിദ്രം നടത്താനുള്ള ഗുളിക നല്‍കി. ഗര്‍ഭചിദ്രത്തിന് പെണ്‍കുട്ടി സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് മാങ്കൂട്ടത്തില്‍ നിരന്തരം ഭീഷണിപ്പെടുത്തി. ബന്ധം പുറത്തുപറഞ്ഞാലും ജീവിതം നശിപ്പിക്കുമെന്ന് മാങ്കൂട്ടത്തില്‍ ഭീഷണിപ്പെടുത്തി. പ്രണയബന്ധത്തിലുണ്ടായിരുന്നപ്പോള്‍ ചിത്രീകരിച്ച ദൃശ്യങ്ങളും ഭീഷണിപ്പെടുത്താന്‍ മാങ്കൂട്ടത്തില്‍ ഉപയോഗിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നു.

അതിജീവിതയുടെ പരാതിയില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം വലിയമല പൊലീസാണ് മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. പിന്നീട് നേമം പൊലീസിനു കേസ് കൈമാറി. ലൈംഗികപീഡനം, ഗര്‍ഭഛിദ്രത്തിനു പ്രേരണ, വധഭീഷണി തുടങ്ങിയ ആരോപണങ്ങളുന്നയിച്ച് യുവതി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസ്. 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടതിന് ശേഷം റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് ഉടന്‍ കടക്കും.

രാഹുല്‍ മാങ്കൂട്ടത്തിലും ജോബി ജോസഫും ഒളിവിലാണെന്ന് പോലീസ് പറയുന്നു. ഇരുവരുടെയും മൊബൈല്‍ ഫോണുകളും സ്വിച്ച് ഓഫ് ചെയ്തിട്ടുണ്ട്. പ്രതികള്‍ കേരളം വിട്ടതായാണ് സൂചന. വിമാനത്താവളങ്ങളില്‍ മാങ്കൂട്ടത്തിലിനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.

ജില്ലാ കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട് രാഹുല്‍. ആരോപണങ്ങള്‍ എല്ലാം നിഷേധിച്ചാണ് രാഹുല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയിരിക്കുന്നത്. പരാതിക്കാരിയായ യുവതിയുമായി ദീര്‍ഘകാലമായി സൗഹൃദമുണ്ടെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. യുവതി ആരോപിക്കുന്നതു പോലെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും ഗര്‍ഭഛിദ്രം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ വാദിക്കുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം. ഇപ്പോഴത്തെ അറസ്റ്റ് നടപടികള്‍ക്കു പിന്നില്‍ രാഷ്ട്രീയനീക്കമുണ്ടെന്നും രാഹുല്‍ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നാളെ പരിഗണിക്കാനാണ് സാധ്യത.

രാഹുലിന് എതിരായ പരാതിയില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. നെയ്യാറ്റിന്‍കര കോടതിയിലാണ് വനിതാ മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൊലീസിനൊപ്പമാണ് യുവതി കോടതിയില്‍ എത്തിയത്. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വലിയമല പൊലീസ് കേസെടുത്ത് നേമം പൊലീസിനു കൈമാറിയിരുന്നു. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വച്ച് രണ്ടു തവണയും പാലക്കാട്ടെത്തിച്ചും ബലാത്സംഗം ചെയ്തു എന്നാണ് മൊഴിയില്‍ പറയുന്നത്.

എത്രയും പെട്ടെന്ന് രാഹുലിന്റെ അറസ്റ്റിലേക്കു കടക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിസിപിയും അസി.കമ്മിഷണറും സംഘത്തിലുണ്ട്.