ബംഗളൂരു: രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയാണ് ഒളിവിലുള്ളതെന്ന് അറിയാവുന്ന നേതാക്കള്‍ കേരളത്തിലുണ്ടെന്ന് സൂചന. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ കഴിയുന്നത് ആഡംബര സൗകര്യത്തോടെയാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിനും പങ്കുണ്ടെന്നാണ് വിലയിരുത്തല്‍.

ബെംഗളൂരു നഗരത്തിലെ അത്യാഡംബര വില്ലയിലാണ് രാഹുല്‍ രണ്ടു ദിവസം ഒളിവില്‍ കഴിഞ്ഞതെന്നാണ് വിവരം. രാഷ്ട്രീയ ബന്ധമുള്ള അഭിഭാഷകയാണ് ഇതിനുള്ള സഹായം ഒരുക്കി നല്‍കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇവിടേക്ക് ബുധനാഴ്ച വൈകിട്ട് പൊലീസ് എത്തിയെങ്കിലും രണ്ടു മണിക്കൂര്‍ മുന്‍പ് രാഹുല്‍ മുങ്ങി. രാഹുലിന് സഹായമൊരുക്കുന്നത് കര്‍ണാടകയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളാണെന്ന് നേരത്തേ അഭ്യൂഹം പരന്നിരുന്നു. എന്നാല്‍ കേരളത്തില്‍ വമ്പന്‍ ബിസിനസ്സ് ബന്ധമുള്ള കോണ്‍ഗ്രസിലെ ഉന്നതന്റെ സഹായം രാഹുലിന് കിട്ടുന്നുണ്ട്.

രാഹുലിനു കാര്‍ എത്തിച്ചു നല്‍കുന്നതും യാത്രയ്ക്കുള്ള വഴികള്‍ കണ്ടെത്തുന്നതും ബെംഗളൂരുവിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായികളായ ചിലരാണെന്നാണ് പൊലീസിനു ലഭിക്കുന്ന വിവരം. എന്നാല്‍ ഇതിന് പിന്നില്‍ തിരുവനന്തപുരത്തെ വ്യവസായിയ്ക്കും പങ്കുണ്ട്. ഇതിന് കാരണം കോണ്‍ഗ്രസ് നേതാവിന്റെ പിന്തുണയാണ്. ആഡംബര റിസോര്‍ട്ടിലെ താമസത്തിനു പിന്നിലും ഇവരുണ്ട്. സുരക്ഷ ഒരുക്കിയ പലരെയും പൊലീസ് നേരില്‍ കണ്ട് ചോദ്യം ചെയ്തു. പക്ഷേ പ്രധാന വ്യവസായി ഒരുക്കുന്ന സംരക്ഷണം മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ തടസ്സമാണ്. പാലക്കാട് നിന്നും തമിഴ്‌നാട്ടിലെത്തിയ രാഹുലിനെ ഈ വ്യവസായിയുടെ പിന്തുണയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരത്തെ വീക്കിലിന് രേഖകള്‍ എത്തിച്ചു നല്‍കിയതും വക്കാലത്ത് ഒപ്പിടാന്‍ സൗകര്യമൊരുക്കിയതുമെല്ലാം ഈ വ്യവസായ പ്രമുഖനാണ്.

പലതവണ മൊബൈലും കാറും മാറി മാറി ഉപയോഗിച്ചാണ് രാഹുല്‍ ഒളിവില്‍ കഴിയുന്നത്. സിസിടിവി ക്യാമറകളുള്ള റോഡുകള്‍ പരമാവധി ഒഴിവാക്കി സുഹൃത്തായ യുവ നടിയുടെ ചുവന്ന പോളോ കാറില്‍ പൊള്ളാച്ചിയിലെത്തി അവിടെ നിന്നും മറ്റൊരു കാറില്‍ കോയമ്പത്തൂരിലേക്ക് പോവുകയായിരുന്നു. പിന്നീട് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരിലെത്തി അവിടത്തെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞുവെന്ന് പോലീസ് പറയുന്നു. ഇവിടേക്ക് അന്വേഷണ സംഘം എത്തുന്നുവെന്ന വിവരം അറിഞ്ഞാണ് രാഹുല്‍ ബെംഗളൂരുവിലേക്ക് പോയത്. തമിഴ്‌നാട്ടിലും സ്വാധീനമുള്ള വ്യവസായിയാണ് രാഹുലിനെ സംരക്ഷിക്കുന്നത്. ഈ സാഹചര്യത്തില്‍ കളിയിക്കാവിളയിലൂടെ രാഹുല്‍ തിരുവനന്തപുരത്ത് എത്താന്‍ സാധ്യത കൂടുതലാണ്. തിരുവനന്തപുരം കോടതിയില്‍ അടക്കം രാഹുല്‍ കീഴടങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഒന്‍പതാം ദിവസമാണ് രാഹുല്‍ പൊലീസിന്റെ കണ്ണു വെട്ടിച്ച് ഒളിയിടങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇന്നലെ വൈകിട്ട് കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങും എന്ന അഭ്യൂഹം പരന്നെങ്കിലും അതുണ്ടായില്ല. ബെംഗളൂരു നഗരത്തില്‍ അടക്കം രാഹുല്‍ ഒളിവില്‍ കഴിഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തിയ പോലീസ് രാഹുല്‍ ഇപ്പോഴും കര്‍ണാടകയില്‍ തന്നെയാണെന്നാണ് കരുതുന്നത്. അതിനിടെ രാഹുല്‍ ഇന്ന് കേരളത്തിലെ കോടതികളില്‍ എവിടെയെങ്കിലും കീഴടങ്ങിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗവും ഈ മുന്നറിയിപ്പ് വിവിധ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നല്‍കിയിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുല്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഹര്‍ജി തളളിയതോടെയാണിത്. ഇന്നുതന്നെ ബെഞ്ചില്‍ ഹര്‍ജി കൊണ്ടുവന്ന് പൊലീസിന്റെ അറസ്റ്റ് നീക്കം തടയാനാണ് രാഹുല്‍ ശ്രമിക്കുന്നത്. രാഹുലിന് എതിരായ രണ്ടാമത്തെ ബലാത്സംഗ കേസില്‍ പ്രത്യേക അന്വേഷണ സംഘം വിപുലീകരിക്കും. വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. ഇതിനിടെ, പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് നിഗമനം.

കസ്റ്റഡിയിലുള്ള രാഹുലിന്റെ പിഎ ഫസലിനെയും ഡ്രൈവര്‍ ആല്‍വിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ആല്‍വിനും ഫസലിനുമൊപ്പമാണ് രാഹുല്‍ പാലക്കാട് നിന്ന് രക്ഷപ്പെട്ടത്. തമിഴ്‌നാട് വരെ ഇവര്‍ രാഹുലിനൊപ്പം ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. വ്യാഴാഴ്ച പാലക്കാട് വിട്ട ഇരുവരും ശനിയാഴ്ച തിരിച്ചെത്തി. ഇന്നലെ ഉച്ചയ്ക്കാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. രാഹുലിന്റെ നീക്കങ്ങളെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടെന്നാണ് പൊലീസ് കരുതുന്നത്.