കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കുമോ? രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വിശദീകരിച്ചതിനൊപ്പം ചില സൂചനകളും നല്‍കി. രാഹുല്‍ ആദ്യ ഘട്ടമായാണ് സംഘടനാ ചുമതല ഒഴിഞ്ഞത്. തെറ്റു ചെയ്തവരെ സംരക്ഷിക്കില്ലെന്നും സതീശന്‍ പറഞ്ഞു. വേറിട്ട പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറുമെന്നും കൂട്ടിച്ചേര്‍ത്തു. ഇത് മാങ്കൂട്ടത്തില്‍ രാജിവയ്ക്കുന്നതിന്റെ സൂചനയായി വിലയിരുത്തുന്നു. രാഹുലിന് ഈ സന്ദേശം കോണ്‍ഗ്രസ് നല്‍കിയിട്ടുണ്ട്. മുന്‍ നിലപാടുകളല്ല, ഇനി എന്ത് തീരുമാനമാണ് എടുക്കുന്നതെന്ന് കണ്ടോളൂവെന്നാണ് സതീശന്‍ പറഞ്ഞത്. കേരളത്തില്‍ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണെന്നും സതീശന്‍ പറഞ്ഞു. ബിജെപിക്കും സിപിഎമ്മിനും കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ അവകാശമില്ലെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. രാഹുലിന്റെ രാജി വേണ്ടെന്ന് വാദിക്കുന്നവരും കോണ്‍ഗ്രസിലുണ്ട്. കെപിസിസി നേതൃത്വം ഇക്കാര്യത്തില്‍ ഇരുട്ടില്‍ തപ്പുകായണെന്നും സൂചനയുണ്ട്.

മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ വി.കെ. ശ്രീകണ്ഠന്‍ എംപിയെ തള്ളികയും ചെയ്തു പ്രതിപക്ഷനേതാവ്. വികെ ശ്രീകണ്ഠന്റെ പരാമര്‍ശം പൊളിറ്റിക്കലി ഇന്‍കറക്ടാണ്. ഒരു കാരണവശാലും കോണ്‍ഗ്രസ് ഇത്തരം പരാമര്‍ശങ്ങളെ പ്രോത്സാഹിപ്പിക്കില്ല. പരാമര്‍ശത്തിന് പിന്നാലെ വിളിച്ച് പ്രതിഷേധം അറിയിച്ചിരുന്നു. അദ്ദേഹം തിരുത്തുകയും ചെയ്തു. സതീശന്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ കോഴി ഫാം നടത്തുകയാണെന്നും ബിജെപിയുടെ ഒരു മുന്‍ മുഖ്യമന്ത്രി പോക്സോ കേസില്‍ പ്രതിയായിട്ടും ഉന്നതാധികാര സമിതിയിലുണ്ടെന്നും എന്നിട്ടാണ് അവര്‍ സമരം നടത്തുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. ഒരു വിരല്‍ കോണ്‍ഗ്രസിന് നേരെ ചൂണ്ടുമ്പോള്‍ ബാക്കി വിരലുകള്‍ സ്വന്തം നെഞ്ചിലേക്കാണ് ചൂണ്ടുന്നതെന്ന് മനസിലാക്കണം. ആരോപണവിധേയരായ എത്രയോ ആളുകളുണ്ട്. അവരില്‍ എത്ര പേര്‍ രാജിവെച്ചു? സിപിഎം എന്തു ചെയ്തു, ബിജെപി എന്തു ചെയ്തു എന്ന് പരിശോധിച്ചല്ല കോണ്‍ഗ്രസ് തീരുമാനമെടുക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത തീരുമാനമാണ് കോണ്‍ഗ്രസെടുക്കുന്നത്-ഇതാണ് സതീശന്‍ പങ്കുവയ്ക്കുന്ന വികാരം. ചെന്നിത്തലയും രാജിയ്ക്ക് അനുകൂലമാണ്. ഹൈക്കമാണ്ട് ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ല. ഈ സാഹചര്യത്തില്‍ രാഹുലിന് മുന്നില്‍ സമ്മര്‍ദ്ദം ഏറുകയാണ്.

'രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങളില്‍ ഗൗരവപരമായി അന്വേഷിക്കുകയും വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അദ്ദേഹത്തിനെതിരെ ഒരു പരാതി പോലും ഉണ്ടായിട്ടില്ല. എന്നിട്ടും ആരോപണങ്ങള്‍ വന്ന് 24 മണിക്കൂറിനുളളില്‍ യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വച്ചു. ഈ കാര്യങ്ങളില്‍ വിമര്‍ശനങ്ങള്‍ നടത്തുന്നവര്‍ ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും. കേരളത്തില്‍ ആരോപണവിധേയരായ ആളുകളെ ഏറ്റവും കൂടുതല്‍ സംരക്ഷിക്കുന്നത് മുഖ്യമന്ത്രിയാണ്. അതുകൊണ്ട് ആളുകള്‍ ക്ലിഫ് ഹൗസിലേക്കാണ് മാര്‍ച്ച് നടത്തേണ്ടത്.ബിജെപിയുടെ മുന്‍മുഖ്യമന്ത്രി ഒരു പോക്സോ കേസില്‍ പ്രതിയായിട്ടും ഇപ്പോഴും ഉന്നത സ്ഥാനത്ത് ഇരിക്കുന്നുണ്ട്. അതുകൊണ്ട് ബിജെപി നേതാക്കന്‍മാര്‍ ഞങ്ങള്‍ക്ക് ക്ലാസ് എടുക്കാന്‍ വരേണ്ട. കോണ്‍ഗ്രസിന് ഒരു തീരുമാനമുണ്ട്. അത് ഞങ്ങള്‍ എടുത്തോളാം. ആരോപണം ഉന്നയിച്ച സ്ത്രീകള്‍ക്കെതിരെ ഒരു യുഡിഎഫ് പ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ വേട്ടയാടരുത്. അത് ഞങ്ങളുടെ സംസ്‌കാരമല്ല. അദ്ദേഹം നിരപരാധിയാണെങ്കില്‍ നിരപരാധിത്വം തെളിയിക്കാനുളള അവസരം നല്‍കും. സിപിഎമ്മിന് ബിജെപിക്കും ഇതിനെക്കുറിച്ച് പറയാനുളള അവകാശമില്ല. വികെ ശ്രീകണ്ഠന്റെ പരാമര്‍ശം തെറ്റാണെന്ന് ഞാന്‍ അദ്ദേഹത്തെ അറിയിച്ചിരുന്നു. അദ്ദേഹം അത് തിരുത്തിയിട്ടുണ്ട്'- വിഡി സതീശന്‍ പറഞ്ഞു.

പാര്‍ട്ടിയിലെ ഏതെങ്കിലും നേതാക്കള്‍ക്കെതിരെ ആരോപണം ഉയര്‍ന്നാല്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആരോപണമുന്നയിച്ച പെണ്‍കുട്ടി റിനി മകളെപ്പോലെയുള്ള കുട്ടിയാണ്. ഒരു മകള്‍ പരാതി പറഞ്ഞാല്‍ പിതാവ് എന്താണോ ചെയ്യുക അതു താന്‍ ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കുമെന്നും വിഡി സതീശന്‍ പറഞ്ഞു.