അടൂര്‍: തനിക്കെതിരെ ട്രാന്‍സ് വുമണ്‍ അവന്തിക ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിരോധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തിന് ശേഷം വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര പാതിവഴിയില്‍ ഉപേക്ഷിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. നേതാക്കളെ കാണാന്‍ തിരുവനന്തപുരത്തേക്കാണ് യാത്രയെന്ന് സൂചനയുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂറിനുള്ളില്‍ വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയ രാഹുലിനോട് രാജി ഉണ്ടാകുമോ എന്ന ചോദ്യത്തിന് പറയാനുള്ളതെല്ലാം പറഞ്ഞു എന്നായിരുന്നു മറുപടി. കൂടുതല്‍ പ്രതികരണം അടുത്ത ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് കൂടെയുള്ള സുഹൃത്തുക്കള്‍ പറഞ്ഞു.

വീട്ടില്‍ നിന്നും ഇറങ്ങിയ രാഹുല്‍ എംസി റോഡില്‍ കൂടി കുറച്ചു ദൂരം സഞ്ചരിച്ചിരുന്നു. രാജി ഒഴിവാക്കാന്‍ രാഹുലിന്റെ ഭാഗത്തു നിന്ന് അവസാനവട്ട ശ്രമങ്ങള്‍ നടക്കുകയാണ്. ഗൂഢാലോചനയുണ്ടെന്ന് തെളിയിക്കാനും ഇക്കാര്യം നേതൃത്വത്തോട് വിശദീകരിക്കാനുമാണ് നീക്കം. അവന്തിക കൈമാറിയ ഓഡിയോ സന്ദേശം പുറത്തുവിട്ടായിരുന്നു രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ രാജി ഉടന്‍ ഇല്ലെന്ന സൂചന നല്‍കുന്നതായിരുന്നു വാര്‍ത്താ സമ്മേളനം.

അതേസമയം, കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അടിയന്തര യോഗം ചേരും. ഓണ്‍ലൈനിലായിരിക്കും യോഗം. രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം യോഗത്തില്‍ ചര്‍ച്ച ചെയ്യും. യോഗം ഇന്നുണ്ടായേക്കില്ല. വൈകാതെ പാര്‍ട്ടി തീരുമാനം അറിയിക്കുമെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞു. രാജിക്ക് പാര്‍ട്ടി പറയണമെന്ന് അടൂര്‍ പ്രകാശും പ്രതികരിച്ചു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതിപക്ഷനേതാവ് പ്രതികരിക്കരിച്ചില്ല.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഞാന്‍ പാര്‍ട്ടിക്ക് കാരണം തലകുനിക്കേണ്ടി വരരുത്. പാര്‍ട്ടി പ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നുവെന്നും പാര്‍ട്ടിക്കായി പ്രതിരോധിച്ചിട്ടുള്ള ആളാണ് താനെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മാധ്യപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയാറായില്ല.

എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നതില്‍ ഭൂരിപക്ഷം നേതാക്കള്‍ ഒന്നിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഭീതിയാണ് കീറാമുട്ടിയായി നില്‍ക്കുന്നത്. നിയമോപദേശം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഹൈക്കമാന്‍ഡ് മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ വേണ്ടെന്ന നിലപാടുകാരാണ്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട നിയമസഭാ കക്ഷിയെ നയിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെ രാഹുലിനെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തലയും നേതൃത്വത്തോട് ആവശ്യപ്പെട്ടു.ഷാഫി പറമ്പില്‍ ഒഴികെ സംസ്ഥാനത്തെ മറ്റ് നേതാക്കളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.

ഉപതിരഞ്ഞെടുപ്പ് ഭീതി ഒഴിവാക്കിയിട്ടുമതി അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിട്ടുണ്ട്. നടപ്പ് നിയമസഭക്ക് ഒരു വര്‍ഷത്തിനു താഴെ മാത്രമേ കാലാവധിയുള്ളൂ എന്നതിനാല്‍ ചട്ടപ്രകാരം ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയാല്‍ പാലക്കാടിനു പുറമേ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടണം.

ഇക്കാര്യം കണക്കിലെടുത്ത് എംഎല്‍എ സ്ഥാനം രാജിവെയ്പ്പിച്ചില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഏതായാലും നിലവിലെ നടപടി പോരാ കര്‍ശന നടപടി വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു. രാജിയായാലും മാറ്റി നിര്‍ത്തലായാലും തീരുമാനം വൈകില്ലന്നുറപ്പാണ്.