കോഴിക്കോട്: കേരളത്തില്‍ എങ്ങും കനത്ത മഴ. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയാണ് പെയ്യുന്നത്.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാഴാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടുമാണ്. കോഴിക്കോട് മരുതോങ്കര പഞ്ചായത്തിലെ തൃക്കന്തോട് ഉരുള്‍പ്പൊട്ടി.

ഉരുള്‍പൊട്ടലുണ്ടായത് ജനവാസമേഖലയിലല്ല. കുറ്റ്യാടി ചുരത്തില്‍ മണ്ണിടിഞ്ഞു. ചുരം പത്താം വളവിലാണ് മണ്ണിടിഞ്ഞത്. കാസര്‍കോട് ചെറുവത്തൂരില്‍ കുളങ്ങാട് മലയില്‍ മണ്ണിടിച്ചില്‍. ഈ സാഹചര്യത്തില്‍ അതിശക്തമായ ജാഗ്രതാ നിര്‍ദ്ദേശം വടക്കന്‍ കേരളത്തിന് നല്‍കിയിട്ടുണ്ട്. കാലവര്‍ഷക്കെടുതികള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. കോഴിക്കോട്, കാസര്‍ഗോഡ്, വയനാട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.

മഴ ശക്തമായ സാഹചര്യത്തില്‍ താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാവശ്യ വാഹനങ്ങള്‍ക്കു മാത്രമേ ചുരം റോഡുകളില്‍ പ്രവേശനം അനുവദിക്കൂ. ഭാരം കൂടിയ വാഹനങ്ങള്‍ കടത്തിവിടില്ല. പ്രദേശത്ത് പോലീസ് പട്രോളിങ് ശക്തിപ്പെടുത്തുകയും ചെയ്തു. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പൂര്‍ണ സജ്ജരായിരിക്കാന്‍ ഫയര്‍ ആന്റ് റെസ്‌ക്യു, കെ.എസ്.ഇ.ബി തുടങ്ങിയ വിഭാഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്ത നാലു ദിവസം വടക്കന്‍ കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ഒഴികെയുള്ള ജില്ലകളില്‍ നാളെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ ശനിയാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകള്‍ ഉള്‍പ്പെടെ എല്ലാ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം നല്‍കിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.