തൃശൂർ: തൃശൂർ ജില്ലയിൽ മിന്നൽച്ചുഴലി. കനത്ത മഴയോടൊപ്പമാണ് മിന്നൽ ചുഴലിയും ഉണ്ടായത്. ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലാണ് കനത്തമഴയോടൊപ്പം മിന്നൽച്ചുഴലി അനുഭവപ്പെട്ടത്. ചുഴലിക്കാറ്റിൽ നിരവധി മരങ്ങൾ കടപുഴകി. വ്യാപക കൃഷിനാശവും സംഭവിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടിവീണതിനെ തുടർന്ന് പ്രദേശങ്ങളിൽ വൈദ്യുതി വിതരണം താറുമാറായിരിക്കുകയാണ്. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

രാവിലെ ഒമ്പതരയോടെയാണ് കാറ്റ് വീശിയത്. കടുങ്ങാട് റോഡിലേക്ക് മരങ്ങൾ വീണ് ഗതാഗതം നിലച്ചു. ജാതിത്തോട്ടങ്ങളിലും വ്യാപകനാശമുണ്ടായി. വാഴകൃഷിയും നശിച്ചു. ചാലക്കുടി ടൗണിൽ മരങ്ങൾ വീണ് കാറുകൾക്ക് കേടുപറ്റി. ചെറുവാളൂർ, മാമ്പ്ര, വെസ്റ്റ് കൊരട്ടി, കോനൂർ, പാളയംപറമ്പ്, പരിയാരം, ചാലക്കുടി എന്നിവിടങ്ങളിലാണ് വ്യാപകനാശമുണ്ടായിട്ടുള്ളത്.

തൃശ്ശൂരിൽ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട നേരിയ ഭൂചലനത്തിൽ നാട്ടുകാർക്കിടയിൽ പരിഭ്രാന്തി പടർത്തി. ഭൂമിക്കടിയിൽ നിന്ന് മുഴക്കവും നേരിയ ഭൂചലനവും അനുഭവപ്പെട്ടെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂർ, കല്ലൂർ, ആമ്പല്ലൂർ ഭാഗങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. എന്നാൽ ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തരുതെന്നും ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ പറഞ്ഞു

രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനം രണ്ട് സെക്കൻഡ് മാത്രമാണ് നീണ്ടുനിന്നത്. ഭൂചലനം അനുഭവപ്പെട്ട കാര്യം റവന്യൂമന്ത്രി അടക്കം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടർ അറിയിച്ചു. റിക്ടർ സ്‌കെയിലിൽ മൂന്നിൽ താഴെ തീവ്രത വരുന്ന ചലനമാണ് പ്രദേശത്ത് അനുഭവപ്പെട്ടത്. അതുകൊണ്ടാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിക്ക് ഭൂചലനം രേഖപ്പെടുത്താൻ കഴിയാതെ വന്നത്. അതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഭൂചലനം അനുഭവപ്പെട്ട സ്ഥലങ്ങളിൽ വരും ദിനങ്ങളിൽ നിരീക്ഷണം ഏർപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇടുക്കി ശാന്തൻപാറയിൽ കനത്തമഴയിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കറുപ്പൻകോളനി സ്വദേശി വനരാജിന്റെ വീടാണ് തകർന്നത്. ശക്തമായ കാറ്റിൽ മരം കടപുഴകി വീണതിനെ തുടർന്ന് ഒടിഞ്ഞ ഇലക്ട്രിക് പോസ്റ്റ് വീണ് തൊട്ടടുത്ത വീട്ടിൽ നിർത്തിയിട്ടിരുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.

ഇന്നലെ രാത്രിയാണ് സംഭവം. കനത്ത മഴയെ തുടർന്ന് കാറ്റാടി മരമാണ് കടപുഴകി വീണത്. വനരാജിന്റെ ഷീറ്റ് മേഞ്ഞ വീടിന് മുകളിലേക്കാണ് മരം വീണത്. ഇതിനെ തുടർന്ന് വീട് ഭാഗികമായി തകർന്നു. പക്ഷേ വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചില്ല. മരം വീണതിനെ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന രണ്ട് ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണു. ഇതിൽ ഒരെണ്ണം വീണാണ് സമീപത്തെ വീട്ടിൽ നിർത്തിയിട്ടിരുന്ന കാർ തകർന്നത്.

കാസർകോട് തൃക്കണ്ണാട് കടൽക്ഷോഭത്തിൽ രണ്ട് വീടുകൾ തകർന്നു. അഞ്ച് കുടുംബങ്ങളെ ഒഴിപ്പിച്ചു. തീരത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, പൊന്നാനിയിൽ കടൽഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ ഡപ്യൂട്ടി കലക്ടറെ തടഞ്ഞു. കണ്ണൂർ താളികാവിൽ റോഡ് ഇടിഞ്ഞു താഴ്ന്നു. കോർപറേഷൻ രണ്ടരമാസം മുൻപ് നിർമ്മിച്ച റോഡാണ് ഇടിഞ്ഞത്. പമ്പയാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയർന്നതോടെ അപ്പർ കുട്ടനാട്ടിലെ വിവിധ വീടുകളിലും വെള്ളം കയറി.

മഴ മുന്നറിയിപ്പിൽ മാറ്റം

അതിനിടെ സംസ്ഥാനത്ത് മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ടായിരിക്കയാണ്. ഇടുക്കിയിൽ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിതീവ്രമഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 11 ജില്ലകളിൽ ഓറഞ്ച് ജാഗ്രതയാണ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും മഴ തുടരും. ഞായറാഴ്ചയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രവചനം. വ്യാഴാഴ്ച വടക്കൻ ജില്ലകളിലും ഇടുക്കിയിലുമാണ് കനത്തമഴയ്ക്കുള്ള സാധ്യത നിലനിൽക്കുന്നത്. ഇടുക്കിക്ക് പുറമേ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് ജാഗ്രത നൽകിയിട്ടുണ്ട്. വ്യാഴാഴ്ച തിരുവനന്തപുരത്തും കൊല്ലത്തും മഴ മുന്നറിയിപ്പ് ഇല്ല. മറ്റു ജില്ലകളിൽ ശക്തമായ മഴ കണക്കിലെടുത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.