rതിരുവനന്തപുരം: അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഇന്ന് പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. മാറാത്തവാഡയ്ക്കു മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നു. ഇന്ന് മദ്ധ്യ- പടിഞ്ഞാറന്‍ - വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇക്കാരണത്താല്‍ അടുത്ത അഞ്ചുദിവസം കേരളത്തില്‍ വ്യാപക മഴയ്ക്ക് സാദ്ധ്യതയുണ്ട്.

സംസ്ഥാനത്താകമാനം, പ്രത്യേകിച്ച് വടക്കന്‍ കേരളത്തില്‍ അതിതീവ്രമഴയാണ് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയോരമേഖലകളിലും വ്യാപകമായി മഴ പെയ്യുകയാണ്. പലയിടത്തും ശക്തമായ കാറ്റില്‍ മരങ്ങള്‍ പൊട്ടിവീണു. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുന്നുണ്ട്. ഇത് വിവിധജില്ലകളില്‍ വൈദ്യുതിതടസ്സത്തിനും ഗതാഗതതടസ്സത്തിനും കാരണമായി. റെയില്‍വെ ട്രാക്കുകളില്‍ മരച്ചില്ലകള്‍ വീണത് മിക്ക ട്രെയിനുകളും വൈകിയോടുന്നതിനു കാരണമായി.

വരുംദിവസങ്ങളിലും വ്യാപകമഴയുണ്ടാകുമെന്നാണ് സൂചന. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ചയും റെഡ് അലര്‍ട്ട് തുടരുകയാണ്. കാസര്‍കോട് ജില്ലയിലും കനത്ത മഴയായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. റെഡ് അലര്‍ട്ടിന് സമാനമായ മുന്‍കരുതലുകള്‍ ജില്ലയില്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം. ബംഗാള്‍ ഉള്‍ക്കടലില്‍ ഇന്ന് ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്നാണ് പ്രവചനം.

എറണാകുളം ജില്ലയില്‍ മഴ അല്‍പം ശമിച്ച സാഹചര്യമാണുള്ളത്. മൂന്നുദിവസമായി തുടരുന്ന മഴയില്‍ 51 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണക്ക്. മുനമ്പം, ചെല്ലാനം, കണ്ണമാലി തുടങ്ങിയ കടലോരമേഖലയില്‍ കടല്‍ക്കയറ്റം രൂക്ഷമായിരിക്കുകയാണ്. 360 ഓളം ദുരിതാശ്വാസക്യാമ്പുകള്‍ ജില്ലയില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു.

മഴ മാറി നല്‍ക്കുന്നുണ്ടെങ്കിലും ശക്തമായ കാറ്റ് വലിയ ഭീഷണിയുയര്‍ത്തുകയാണ്. തിങ്കളാഴ്ച അമ്പാട്ടുകാവിനു സമീപം റെയില്‍വെ ട്രാക്കിലേക്ക് വലിയമരം വീണതിനെ തുടര്‍ന്ന് ട്രയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. മണിക്കൂറുകള്‍ പണിപ്പെട്ടാണ് മരം ട്രാക്കില്‍ നിന്ന് നീക്കാനായത്. കടവന്ത്ര ഗിരിനഗറിലെ ഓഡിറ്റോറിയത്തില്‍ സീലിങ് ഇളകിവീണു. വിവിധ സ്ഥലങ്ങളില്‍ റോഡുകളിലേക്ക് മരം വീണും ഗതാഗതതടസ്സമുണ്ടായി. പെരിയാറില്‍ ജലനിരപ്പ് കൂടിയതോടെ ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറി.

തിരുവനന്തപുരം വെങ്ങാനൂരില്‍ പഞ്ചായത്ത് കിണര്‍ ഇടിഞ്ഞുതാണു. സമീപത്തെ വാട്ടര്‍ടാങ്കും അപകടകരമായ നിലയിലാണ്. തീരദേശമേഖലയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

കോഴിക്കോട് മീഞ്ചന്തയില്‍ വീടിനുമുകളില്‍ മരം വീണു. ശക്തമായ കാറ്റിലാണ് മരം കടപുഴകി വീടിനുമുകളിലേക്ക് വീണത്. സംസ്ഥാനത്ത് പലട്രെയിനുകളും വൈകിയോടുകയാണ്. രണ്ടുമണിക്കൂറിലധികം വൈകിയാണ് പല ട്രെയിനുകളും ഓടിക്കൊണ്ടിരിക്കുന്നത്. കോഴിക്കോട് ഫറോക്ക് സ്റ്റേഷനില്‍ മൂന്ന് മരങ്ങള്‍ കടപുഴകിവീണിരുന്നു.

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ബാധിതമേഖലയില്‍ നിന്ന് ഒട്ടേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്‍കിയിട്ടുണ്ട്. അരീക്കാട് റെയില്‍വേ ട്രാക്കിലേക്ക് വീണ്ടും മരം വീണു. തിങ്കളാഴ്ച ട്രാക്കില്‍ മരം വീണതിന് 100 മീറ്റര്‍ മാറിയാണ് മരം വീണിട്ടുള്ളത്.

കണ്ണൂരില്‍ ദേശീയപാതയ്ക്കായി കുന്നിടിച്ച കുപ്പത്ത് വീണ്ടും മണ്ണിടിച്ചുണ്ടായി. ജില്ലയില്‍ പരക്കെ മഴപെയ്യുകയാണ്. വയനാട് ജില്ലയില്‍ കനത്ത രീതിയിലല്ലെങ്കിലും മഴ തോരാതെ പെയ്യുകയാണ്. ജില്ലയില്‍ പലയിടത്തും വൈദ്യുതബന്ധം താറുമാറായി. ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു, നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു.

ഇടുക്കിയില്‍ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തമാകുകയാണ്. മലങ്കര ഡാമിലെ മൂന്ന് ഷട്ടറുകള്‍ ഒന്നരമീറ്റര്‍ ഉയര്‍ത്തി. പെരിയാറിന്റെ തീരത്തും തൊടുപുഴയാറിന്റെ തീരത്തും മൂവാറ്റുപുഴയാറിന്റെ തീരത്ത് താമസിക്കുന്നവരും ജാഗ്രത പാലിക്കാണമെന്ന് നിര്‍ദേശമുണ്ട്. മലങ്കരഡാമിന്റെ ഒരു ഷട്ടറിന് തകരാറുള്ളതായും അത് പരിഹരിക്കാനുള്ള ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. ജില്ലയിലും ഇടിമിന്നലോടുകൂടിയ മഴയാണ് പെയ്യുന്നത്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

ട്രാക്കില്‍ മരം വീണു

അരീക്കാട് റെയില്‍വേ ട്രാക്കില്‍ വീണ്ടും മരം വീണതോടെ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ഇന്നലെ മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത്. ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായി നിര്‍ത്തിവച്ചു. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് ഉള്ള ട്രാക്കില്‍ ആണ് തടസമുണ്ടായത്. കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രാക്കിലൂടെ ട്രെയിനുകള്‍ കടത്തിവിടുന്നുണ്ട്. മാത്തോട്ടം ഭാഗത്താണ് വീണ്ടും മരം വീണത്.മംഗലാപുരം തിരുവനന്തപുരം വന്ദേ ഭാരത് 2 മണിക്കൂര്‍ വൈകി ഓടുകയാണ്. മംഗലാപുരം- കന്യാകുമാരി പരുശുറാം അര മണിക്കൂര്‍ വൈകി ഓടുന്നു. കോഴിക്കോട് ഷൊര്‍ണ്ണൂര്‍ റൂട്ടില്‍ മലബാറില്‍ ട്രെയിന്‍ വൈകിയോടുന്നു. കോയമ്പത്തൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ വൈകുന്നു.

വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍

കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ഇന്ന് റെഡ് അലര്‍ട്ടുള്ളത്. തൃശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടുമാണ് നല്‍കിയിരിക്കുന്നത്. കേരള തീരത്ത് മേയ് 28 രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.