കൊച്ചി: പ്രളയദുരന്തത്തെ തുടര്‍ന്ന് യുഎഇ നല്‍കിയ സഹായവാഗ്ദാനം സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നാട് നേരിട്ട 31,000 കോടി രൂപയുടെ നഷ്ടം പരിഹരിക്കുന്നതില്‍ നല്ല രീതിയില്‍ സഹായകമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് 2019ലാണ്. രാജ്യം ഭരിക്കുന്നവരുടെ മുട്ടാപ്പോക്കുനയം മൂലമാണ് ആ സഹായം ഇല്ലാതായതെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു. പ്രളയാനന്തര പുനര്‍നിര്‍മാണ പദ്ധതികളുടെ ഉദ്ഘാടനം ചേന്ദമംഗലത്ത് നിര്‍വഹിക്കവേ മുഖ്യമന്ത്രി നടത്തിയ ഈ ഒളിയമ്പിന് പിന്നിലെ സത്യം എന്ത്. ഇത് തേടി ഇറങ്ങിയ വിവരാവകാശ പ്രവര്‍ത്തകന്‍ രാജീവ് കേരളശ്ശേരിയ്ക്ക് കിട്ടിയ മറുപടി വിചിത്രമാണ്. മുഖ്യമന്ത്രി പറഞ്ഞ ഈ യുഎഇ സഹായത്തെ കുറിച്ച് കേരള സര്‍ക്കാരിലെ വിവിധി വകുപ്പുകള്‍ക്ക് ഒരറിവുമില്ല.

2018, 2019 വര്‍ഷം പ്രളയകാലത്ത് ഏതെങ്കിലും രാജ്യം ദുരിതാശ്വാസത്തിന് സഹായ വാഗ്ദാനം സ്വീകരിച്ചിരുന്നോ എന്നതായിരുന്നു രാജീവ് കളമശ്ശേരിയുടെ ആദ്യ ചോദ്യം. യുഎഇയുടെ 700 കോടിയുടെ സാഹായത്തിലും ചോദ്യം ഉയര്‍ത്തി. അനൗദ്യോഗികമായി യുഎഇ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയോ എന്നും വിവരാവകാശ നിയമ പ്രകാരം ധന വകുപ്പിനോട് അടക്കം ചോദിച്ചു. 2024 ജൂലൈയിലായിരുന്നു ചോദ്യം ഉയര്‍ത്തിയത്. ഇതിനെല്ലാം തങ്ങള്‍ക്കൊന്നും അറിയില്ലെന്നായിരുന്നു ധന വകുപ്പ് അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികളുടെ വിവരാവകാശ മറുപടിയില്‍ വ്യക്തമാകുന്നത്. ഇതേ നിലപാട് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് അടക്കമുള്ളത്.

നമ്മുടെ നാടിനേറ്റ ദുരന്തത്തെ പറ്റി വേദനയോടെ സംസാരിക്കുന്ന മറ്റു രാജ്യക്കാരുണ്ട്. പ്രളയദുരന്തത്തെ തുടര്‍ന്ന് ആദ്യസഹായ ഹസ്തം നീട്ടിയത് യുഎഇ ഭരണാധികാരിയായിരുന്നു. എന്നാല്‍ മനസിലാക്കാന്‍ കഴിയാത്ത കാരണങ്ങളാല്‍ അത് നിരസിക്കപ്പെട്ടു.ലോക കേരളസഭയുടെ റീജ്യണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി യുഎഇയിലെത്തിയപ്പോള്‍ ദുബായ്, ഫുജൈറ, അബുദാബി തുടങ്ങിയ നഗരങ്ങളിലെല്ലാം യു.എ.ഇയുടെ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു. ഇവരെല്ലാം ചോദിച്ചത് കേരളം നേരിട്ട ദുരന്തത്തെ കുറിച്ചാണ്. കേരളത്തിന്റെ സ്ഥാനം അവരുടെ മനസുകളില്‍ എത്ര വലുതാണ് എന്നാണ് നാം കാണേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കേരളത്തിലെ ഒരു രേഖകളിലുമില്ല. അങ്ങനെ വരുമ്പോഴാണ് മുഖ്യമന്ത്രി പറഞ്ഞത് വസ്തുതയാണോ എന്ന സംശയം ചര്‍ച്ചയാകുന്നത്.

കേരളത്തിന് ലഭിക്കേണ്ട എഴുനൂറ് കോടി രൂപ മുടക്കിയ ക്രൂരതയുള്ള കേന്ദ്ര സര്‍ക്കാര്‍….. എന്ന തലക്കെട്ടിലാണ് ഫെയ്‌സ് ബുക്കിലൂടെ വിവരാവകാശ രേഖകള്‍ രാജീവ് കേരളശ്ശേരി മുമ്പോട്ട് വയ്ക്കുന്നത്. ഇതിനൊപ്പമുള്ള വീഡിയോയില്‍ സര്‍ക്കാരിന്റേത് പൊള്ളയായ അവകാശവാദമായിരുന്നോ എന്ന ചര്‍ച്ചയ്ക്കും രാജീവ് തുടക്കമിടുന്നുണ്ട്. ദുരന്ത നിവാരണ വകുപ്പ്, ആസൂത്രണ വകുപ്പ്, റവ്യന്യൂ വകുപ്പ്, ധനകാര്യ വകുപ്പ്, പൊതുഭരണ വകുപ്പ്, മുഖ്യമന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍ നിന്നുള്ള മറുപടി രാജീവ് കേരളശ്ശേരി പുറത്തു വിടുന്നുണ്ട്. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മറുപടി രസകരവുമാണ്.

മറ്റ് രാജ്യങ്ങള്‍ സംസ്ഥാനത്തിന് ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക സഹായങ്ങള്‍ നല്‍കാന്‍ താല്‍പ്പര്യപ്പെടുകയാണെങ്കില്‍ അക്കാര്യം കേന്ദ്ര സര്‍ക്കാരിനെയാണ് അറിയിക്കേണ്ടത്. അത്തരം വിവരങ്ങള്‍ ലഭിക്കുന്നതിന് പൊതു അധികാരി മുമ്പാകെ പ്രത്യേക വിവരാവകാശ അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ഉപദേശം. അതായത് യുഎഇ അറിയിച്ചിട്ടുണ്ടെങ്കില്‍ അത് കേന്ദ്രത്തിനെയാണെന്നാണ് പറഞ്ഞു വയ്ക്കുന്നത്. പിന്നെ എങ്ങനെയാണ് കേരളത്തെ എല്ലാം അറിയിച്ചുവെന്ന വെളിപ്പെടുത്തല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഖ്യമന്ത്രി പൊതു സമൂഹത്തില്‍ പറഞ്ഞതെന്നതാണ് ഉയരുന്ന ചോദ്യം.