തിരുവനന്തപുരം: എം എസ് കുമാറിനെ അനുനയിപ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 'സഹകരണ' ചര്‍ച്ചകള്‍ വിനയായി മാറുമെന്ന തിരിച്ചറിവില്‍ നിര്‍ണ്ണായക നീക്കവുമായി രാജീവ് ചന്ദ്രശേഖര്‍. ബിജെപി നേതാക്കളുടെ സഹകരണ കൊള്ള പുറത്തു പറയുമെന്ന എംഎസ് കുമാറിനെ വീട്ടിലെത്തി കാണുകയായിരുന്നു ബിജെപി അധ്യക്ഷന്‍. ശ്രീകണ്‌ഠേശ്വരം മുന്‍ കൗണ്‍സിലറായ എംഎസ് കുമാര്‍, പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയുമാണ്. തിരുവിതാംകൂര്‍ സഹകരണ സംഘത്തിന്റെ പ്രസിഡന്റും. ബിജെപി നേതാക്കള്‍ വായ്പാ തുക തിരിച്ചടയ്ക്കാത്തതിനാല്‍ പ്രതിസന്ധിയിലായെന്ന് കുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. എന്നാല്‍ കുമാര്‍ ബിജെപിക്കാരന്‍ അല്ലെന്നായിരുന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പ്രതികരണം. തിരുമല അനിലിന്റേയും ആനന്ദിന്റേയും ആത്മഹത്യകളും സഹകരണ വിവാദത്തില്‍ നിര്‍ണ്ണായകമായി. ഇതിനിടെ പേരുകള്‍ പുറത്തു പറയുമെന്ന് കുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് കുമാറിനെ വീട്ടിലെത്തി രാജീവ് ചന്ദ്രശേഖര്‍ കാണുന്നത്.

ബിജെപി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് സോമന്‍ എന്നിവര്‍ക്കൊപ്പമാണ് രാജീവ് ചന്ദ്രശേഖര്‍ ശ്രീകണ്‌ഠേശ്വരത്ത് എത്തിയത്. ശ്രീകണ്‌ഠേശ്വരത്തെ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണം ഉദ്ഘാടനം ചെയ്ത ശേഷം എം എസ് കുമാറിന്റെ വീട്ടിലെത്തി. കൂടെയുണ്ടായിരുന്ന കരമന ജയനേയും സോമനേയും വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തി. രണ്ടു പേരോടും പുറത്തേക്ക് ഇറങ്ങാന്‍ നിര്‍ദ്ദേശിച്ച് രാജീവ് ചന്ദ്രശേഖറും കുമാറും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. കുമാറിന്റെ എല്ലാ പരാതികള്‍ക്കും പരിഹാരമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ബിജെപിയുടെ സംസ്ഥാന ഭാരവാഹി 30 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉണ്ടെന്നും വിശദീകരിച്ചു. രാജീവ് ചന്ദേശേഖറിനോട് സഹകരണ സംഘത്തെ പറ്റിച്ച നേതാക്കളുടെ പേരും കുമാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ബിജെപിയെ വെട്ടിലാക്കുന്ന നടപടികളില്‍ നിന്നും കുമാറിനെ പിന്തിരിപ്പിക്കാനായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ ശ്രമം. അതു വിജയിച്ചുവെന്നാണ് ബിജെപി നേതൃത്വം പറയുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപിക്ക് തിരിച്ചടിയുണ്ടാകുന്നതൊന്നും കുമാര്‍ ഇനി നടത്തില്ലെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ. ഇതിനു വേണ്ടിയായിരുന്നേ്രത രാജീവ് ചന്ദ്രശേഖറിന്റെ നയതന്ത്രം. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാകണമെന്നും കുമാറിനോട് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

എം എസ് കുമാര്‍ പ്രസിഡന്റായിരുന്ന തിരുവിതാംകൂര്‍ സഹകരണ സംഘത്തില്‍നിന്ന് സംസ്ഥാന, ജില്ലാ നേതാക്കള്‍ മാത്രം വായ്പയെടുത്ത് മുക്കിയത് ഒരു കോടി രൂപയാണെന്നാണ് സൂചന. തിരുവനന്തപുരം നഗരവാസിയായ സംസ്ഥാന നേതാവ് 40 ലക്ഷം രൂപയാണ് വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ ബാധ്യതയാക്കിയത്. മറ്റൊരു നേതാവ് 35 ലക്ഷവും. ക്രൈസ്തവ സഭയുമായി 'ലിങ്ക്' ഉണ്ടാക്കാന്‍ ബിജെപി വളര്‍ത്തിയ നേതാവും ലക്ഷങ്ങള്‍ അടയ്ക്കാനുണ്ട്. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ അടക്കം ആരും പ്രശ്‌നപരിഹാരത്തിന് ഇടപെടാത്ത സാഹചര്യത്തില്‍ വായ്പയെടുത്തവരുടെ പേരുവിവരങ്ങള്‍ അടുത്തദിവസം പുറത്തുവിട്ടേക്കുമെന്നും സൂചനകളെത്തിയിരുന്നു. സംഘം കടുത്ത പ്രതിസന്ധിയിലായതോടെയാണ് എം എസ് കുമാര്‍ ഫേസ്ബുക് കുറിപ്പിലൂടെ സത്യാവസ്ഥ വെളിപ്പെടുത്തിയത്. വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ കബളിപ്പിച്ചവരില്‍ 90 ശതമാനവും ബിജെപി നേതാക്കളാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകാന്‍ പോകുന്നത് ബിജെപി നേതാവും കൗണ്‍സിലറുമായ തിരുമല അനിലിന്റെ ആത്മഹത്യയാണെന്നുമായിരുന്നും കുറിപ്പില്‍ പറഞ്ഞിരുന്നു. ബിജെപി നേതാക്കള്‍ വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ കടക്കെണിയില്‍പ്പെട്ടാണ് തിരുവനന്തപുരം ജില്ലാ ഫാം ടൂര്‍ സഹകരണ സംഘം പ്രസിഡന്റ് കൂടിയായ അനില്‍ ആത്മഹത്യ ചെയ്തത്.

സമാന സാഹചര്യത്തിലാണ് താനുമെന്ന് എം എസ് കുമാറും പറയുന്നു. തിരുമല അനില്‍ ആത്മഹത്യ ചെയ്യുംമുന്‍പ് രാജീവ് ചന്ദ്രശേഖറിനെ കാര്യങ്ങള്‍ ധരിപ്പിച്ചിരുന്നു. എന്നാല്‍, പണം തിരിച്ചടപ്പിക്കാന്‍ രാജീവ് ഇടപെട്ടില്ലെന്നായിരുന്നു കുമാറിന്റെ പരാതി. ഈ സാഹചര്യത്തിലാണ് രാജീവ് ചന്ദ്രശേഖര്‍ നേരിട്ടെത്തി ചര്‍ച്ച നടത്തുന്നത്. നേരത്തെ തനിക്കെതിരെ നിലപാടെടുത്ത ബിജെപി നേതൃത്വത്തിനെതിരെ തിരിച്ചടിച്ച് കുമാര്‍ രംഗത്തു വന്നിരുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷിന്റെ പരാമര്‍ശങ്ങളെ എം എസ് കുമാര്‍ പരിഹസിച്ചു. സുരേഷ് 'അത്യുന്നതനായ നേതാവ്' ആണെന്നും അദ്ദേഹമൊക്കെ പറഞ്ഞാല്‍ അത് അവസാന വാക്കാണെന്നും പരിഹാസത്തിന്റെ സ്വരത്തില്‍ എം എസ് കുമാര്‍ പ്രതികരിക്കുകയും ചെയ്തു. വായ്പ എടുത്ത നേതാക്കളെ കുറിച്ച് ഉടന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ആരുമല്ല താന്‍ എന്ന ബോധ്യം തനിക്ക് ഇപ്പോഴാണ് വന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുരേഷ് പറഞ്ഞപ്പോഴാണ് അത് മനസിലായത്. പറയുന്ന ആള്‍ നേതാവായത് കൊണ്ട് തനിക്ക് പരാമര്‍ശത്തില്‍ വേദനയില്ല. വായ്പ എടുത്ത നേതാക്കളെ കുറിച്ച് വെളിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും എം എസ് കുമാര്‍ വ്യക്തമാക്കിയിരുന്നു. അത് ഉടനെ വെളിപ്പെടുത്തും. ഫേസ്ബുക്കിലെ പ്രതികരണം ഒരു ഓര്‍മ്മപ്പെടുത്തലാണ്. പാര്‍ട്ടി ഒന്നുമല്ലാതിരുന്ന കാലത്താണ് താന്‍ സംഘടനാ പ്രവര്‍ത്തനം നടത്തിയത്. റേഷനും ഗ്യാസും ഒന്നും കട്ട് ചെയ്യില്ലല്ലോ, അങ്ങനെയങ്ങ് ജീവിച്ചോളാം എന്നും പറഞ്ഞിരുന്നു. സ്ഥിതി വഷളാക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ ആഗ്രഹിക്കുന്നില്ല. ഇതിന്റെ പ്രതിഫലനമാണ് ശ്രീകണ്‌ഠേശ്വരം ചര്‍ച്ച.

ബിജെപിയുടെ സംസ്ഥാന ഭാരവാഹിയേയും കുമാര്‍ ലക്ഷ്യമിടുന്നുണ്ട്. അനില്‍ പ്രസിഡന്റായിരുന്ന സഹകരണ ബാങ്കില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തിന് പിന്നാലെയായിരുന്നു ആത്മഹത്യ. തന്റെ സഹകരണ സംഘത്തില്‍നിന്നും വായ്പയെടുത്തവരില്‍ തിരിച്ചടക്കാത്തത് 90 ശതമാനവും ബിജെപിക്കാര്‍ തന്നെയാണെന്നും അതില്‍ സംസ്ഥാന ഭാരവാഹികള്‍ വരെയുണ്ടെന്നും എംഎസ് കുമാര്‍ വെളിപ്പെടുത്തിയിരുന്നു. ബിജെപിയുടെ സംസ്ഥാന ഭാരവാഹിയില്‍ നിന്നും കുമാറിന്റെ ബാങ്കിന് 30 ലക്ഷം കിട്ടാനുണ്ട്. ഒരു സാധാരണക്കാരന്റെ വീട് ഈടുവച്ചായിരുന്നു തട്ടിപ്പ്. വായ്പ എടുത്ത ആളില്‍ നിന്നാണ് താന്‍ പണമെടുത്തിട്ടില്ലെന്ന് മനസ്സിലായത്. ഇയാളെ ബിനാമിയാക്കി സംസ്ഥാന ഭാരവാഹി ലോണ്‍ തട്ടുകയായിരുന്നു. ഇതേ സംസ്ഥാന ഭാരവാഹിക്ക് സ്വന്തമായി സഹകരണ സംഘമുണ്ട്. ഇതില്‍ നിക്ഷേപിച്ച പലര്‍ക്കും പണം തിരികെ നല്‍കാനുണ്ട്. തിരുവനന്തപുരത്തെ പ്രധാന എല്ലു രോഗ വിദഗ്ധനില്‍ നിന്നും അഞ്ച് ലക്ഷം ഈ സംഘത്തിലേക്ക് നിക്ഷേപമായി വാങ്ങി. എട്ടു കൊല്ലമായി മുതലും പലിശയുമില്ല. ഇതേ ഡോക്ടര്‍ ജോലി നോക്കുന്ന ആശുപത്രിയിലെ മറ്റൊരു ഡോക്ടര്‍ക്കും പണി കിട്ടി. പണം ചോദിച്ച് വിളിക്കുമ്പോള്‍ ഈ ഡോക്ടറെ അടക്കം ഇയാള്‍ ഭീഷണിപ്പെടുത്തുന്നുവെന്നും സൂചനയുണ്ട്. ബിജെപിയുടെ തിരുവനന്തപുരത്തെ താക്കോല്‍ സ്ഥാനക്കാരനും ലോണ്‍ എടുത്തിട്ടുണ്ട്. ഇദ്ദേഹവും നിരവധി ബിനാമികളുടെ പേരില്‍ ലോണ്‍ എടുത്തുവെന്നാണ് വിവരം. മറ്റു പലരുടേയും ചെക്ക് സമര്‍പ്പിച്ച് ലോണ്‍ കൈക്കാലാക്കിയെന്നാണ് സൂചന.

ബിജെപിയിലെ ആദ്യ കാല സഹകാരികളില്‍ ഒരാളാണ് എംഎസ് കുമാര്‍. ആര്‍ എസ് പിയിലെ വിദ്യാര്‍ത്ഥ പ്രസ്ഥാനത്തിലൂടെ വളര്‍ന്ന കുമാര്‍ പിന്നീട് ആര്‍ എസ് എസുമായി സഹകരിച്ചു. എംഎ ബേബിയും സുരേഷ് കുറുപ്പും സിപി ജോണും അടക്കമുള്ള വലിയ സൗഹൃദവും കുമാറിനുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ആദ്യകാല ബിജെപി കൗണ്‍സിലറുമായി. പിപി മുകുന്ദന്റെ അടുത്ത അനുയായി ആയിരുന്ന കുമാര്‍ ബിജെപിയുടെ സംസ്ഥാന സെക്രട്ടറിയുമായി. ഇതിനിടെ കുമാറിന്റെ നേതൃത്വത്തിലാണ് ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള അനന്തപുരം സര്‍വ്വീസ് സഹകരണ സംഘം വളര്‍ന്ന് പന്തലിച്ചത്. പിന്നീട് ഇതിന്റെ നേതൃത്വം ആര്‍ എസ് എസ് ഏറ്റെടുത്തു. അതിന് ശേഷമാണ് തിരുവിതാംകൂര്‍ സഹകരണ സംഘം ഉണ്ടാക്കിയത്. അതും വലിയ വിജയമായി. കുമാറിന്റെ കൂട്ടത്തില്‍ നിന്നും സഹകരണ സംഘങ്ങളെ കുറിച്ച് പഠിച്ചവരാണ് ഇപ്പോള്‍ കുമാറിനെ തന്നെ വഞ്ചിച്ചിരിക്കുന്നത്.