- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമഭദ്രന് വധക്കേസില്‍ ഏഴു പേര്‍ക്ക് ഇരട്ട ജീവപര്യന്തം; നാല് പേര്‍ക്ക് ജീവപര്യന്തവും ശിക്ഷ; കോടതി ശിക്ഷിച്ച 14 പേരില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗവും
കൊല്ലം: കോണ്‍ഗ്രസ് നേതാവ് അഞ്ചല്‍ രാമഭദ്രന് വധക്കേസില്‍ സിപിഎം ജില്ലാ കമ്മിറ്റി അംഗം അടക്കം 14 പ്രതികളുടെ ശിക്ഷ വിധിച്ചു. തിരുവനന്തപുരം പ്രത്യേക സിബിഐ കോടതിയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വിധിച്ചത്. കേസിലെ ഏഴ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും നാല് പ്രതികള്‍ക്ക് ജീവപര്യന്തവും ശിക്ഷയാണ് കോടതി വിധിച്ചത്. മറ്റ് രണ്ട് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. 65 ലക്ഷം രൂപ പ്രതികള്‍ ഇരയുടെ ഭാര്യയ്ക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നും കോടതി വിധിച്ചു.
ഗിരീഷ് കുമാര്‍ (45), പത്മന്(50), അഫ്സല്(33) ,നജ്മല്‍ ഹുസൈന് (35), ഷിബു (41), വിമല്‍ (33), സുധീഷ് (38), ഷാന്‍ (31), രതീഷ് (32), ബിജു (33), രഞ്ജിത്ത് (34), സലീം (കൊച്ചുമണി -30), റിയാസ് (മുനീര്‍ -39), റിയാസ്, മാര്‍ക്സണ്‍ യേശുദാസന്, പി.എസ്. സുമന് (54), ബാബു പണിക്കര്‍ (57), എസ്. ജയമോഹനന് (59), റോയി കുട്ടി (43) എന്നിവരാണ് പ്രതികള്‍.
ഇതില്‍ പത്മന് ഒരു വര്‍ഷം മുമ്പ് ആത്മഹത്യ ചെയ്തു. ബാക്കിയുള്ളവരില്‍ റിയാസ്, മാക്സണ്‍ യേശുദാസന്, എസ്. ജയമോഹനന്, റോയിക്കുട്ടി എന്നിവരെ കോടതി നേരത്തെ വെറുതേ വിട്ടിരുന്നു. ഐഎന്‍ടിയുസി നേതാവായിരുന്ന അഞ്ചല്‍ രാമഭദ്രനെ കൊലപ്പെടുത്തി 14 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്. ഐഎന്‍ടിയുസി ഏരൂര്‍ മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന രാമഭദ്രനെ 2010 ഏപ്രില്‍ 10നാണ് വീട്ടിനുള്ളില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ വെട്ടിക്കൊലപ്പെടുത്തിയത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലപാതകത്തിന് കാരണം.
മക്കള്‍ക്കൊപ്പം ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയത്. ആദ്യം ലോക്കല്‍ പൊലീസും, പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചു. രാമഭദ്രന്റെ ഭാര്യ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
19 പ്രതികള്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇതില്‍ ഒരു പ്രതി മരിച്ചു. സിബിഐ തിരുവനന്തപുരം യൂണിറ്റാണ് കേസ് അന്വേഷിച്ചത്. കൊലപാതകത്തില്‍ നേരിട്ട് പങ്കളിയാവര്‍ക്ക് പുറമേ ഗൂഢാലോചനയ്ക്കും, പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനുമാണ് സിപിഎം നേതാക്കളെ പ്രതിയാക്കിയത്.