- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കേരളത്തിലെ ജനാധിപത്യ ബോധവും മതേതര വീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്; സദാനന്ദന്‍ മാസ്റ്ററുടെ രാജ്യസഭാ എംപി നോമിനേഷന്: രമേശ് ചെന്നിത്തലയെ പുകഴ്ത്തി ഇടതു എഴുത്തുകാരന് അശോകന്‍ ചെരുവില്‍
തിരുവനന്തപുരം: ആര്‍എസ്എസ് നേതാവ് സദാനന്ദന്‍ മാസ്റ്ററെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത രാഷ്ട്രപതിയുടെ നടപടി അങ്ങേയറ്റം അധാര്‍മികമാണെന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ പുകഴ്ത്തി ഇടതുപക്ഷ എഴുത്തുകാരനായ അശോകന്‍ ചെരുവില്‍.
സാധാരണഗതിയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ചവരെയാണ് രാജ്യസഭയിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്നത് എന്നും സുരേഷ് ഗോപിയുടെ നിയമനം പോലും സിനിമാ നടന്‍ എന്ന നിലയില്‍ അത്തരത്തിലുള്ള ഒന്നാണെന്നും പറഞ്ഞ രമേശ് ചെന്നിത്തല സദാനന്ദന്‍ മാസ്റ്ററുടെ നിയമനം തികച്ചും അധാര്‍മികമാണെന്നും രാഷ്ട്രീയപാര്‍ട്ടികളില്‍ പെട്ടവരെ ഇത്തരത്തില്‍ നോമിനേറ്റ് ചെയ്യുന്ന നടപടി മുമ്പ് ഉണ്ടായിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
'ഈ നിയമനത്തിനെതിരെ സുചിന്തിതമായ തന്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്. ' - അശോകന്‍ ചെരുവില്‍ തന്റെ ഫേസ് ബുക്കില്‍ പറഞ്ഞു.
ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം താഴെ കൊടുത്തിരിക്കുന്നു
ആര്‍.എസ്.എസ്. കടന്നുവന്നതോടെയാണ് കായികമായ സംഘട്ടനങ്ങളും ക്രൂരമായ കൊലപാതകങ്ങളും കേരളരാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. അതുവരെ ആശയസംവാദങ്ങളിലൂന്നി മാത്രം പ്രവര്‍ത്തിച്ചിരുന്ന മതേതര ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടികളെ പോലും തങ്ങളുടെ കൈക്കരുത്ത് ശൈലിയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞു എന്നത് ആര്‍.എസ്.എസിന്റെ വിജയമായി കരുതാം. ഹിംസയെ സമൂഹത്തിന്റെ സംസ്‌കാരമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഗോഡ്സെയിസ്റ്റുകളെ കായികമായി തടയുന്നത് നിഷ്ഫലമാണെന്ന് അന്ന് തിരിച്ചറിഞ്ഞിട്ടുണ്ടാവില്ല. അതിന്റെ ഫലമായി കണ്ണൂര്‍ജില്ലയിലെ ചില പ്രദേശങ്ങള്‍ ഒരുകാലത്ത് അത്യന്തം സംഘര്‍ഷഭരിതമായി.
അക്കാലത്തെ സംഘട്ടനങ്ങളില്‍ ആസൂത്രകന്‍ എന്ന നിലയില്‍ പങ്കെടുത്ത് കൊണ്ടും കൊടുത്തും പേരുകേള്‍പ്പിച്ച ഒരാളെയാണ് കലാ, കായിക, സാഹിത്യ, വൈജ്ഞനിക മേഖലകളിലെ പ്രതിഭകള്‍ക്കുള്ള രാജ്യസഭാ മെമ്പര്‍ സ്ഥാനത്തേക്ക് ഇപ്പോള്‍ നിയോഗിച്ചിരിക്കുന്നത്. വിദ്യാഭ്യാസ /വൈജ്ഞാനിക മേഖലയില്‍ എന്തെങ്കിലും സവിശേഷ സംഭാവന അദ്ദേഹം ചെയ്തതായി അറിവില്ല. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഏതെങ്കിലും ഒരു പൊതുജനസഭയിലേക്ക് ജനങ്ങള്‍ ഇദ്ദേഹത്തെ തെരഞ്ഞെടുത്തതായും അറിവില്ല. ആദ്യകാലത്ത് മഹാകവി ജി.ശങ്കരക്കുറുപ്പ് ഉള്‍പ്പെടേയുള്ളവര്‍ക്ക് നല്‍കിയിരുന്ന ബഹുമതിയാണ് ഇതെന്ന് ഓര്‍ക്കണം.
ഇങ്ങനെയൊരാളെ നിയോഗിച്ചതുകണ്ട് നമ്മുടെ ഒരു കൂട്ടം ചാനലുകളും പത്രങ്ങളും പ്രകടിപ്പിക്കുന്ന ആഹ്ലാദത്തെ അശ്ലീലം എന്നല്ലാതെ മറ്റൊരു മട്ടില്‍ വിശേഷിപ്പിക്കാനാവില്ല. കൊലക്കത്തിയുമായി രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വലിയ പ്രോത്സാഹനം നല്‍കുന്നതാണ് ഇത്തരം മാധ്യമനിലപാടുകള്‍.
ഈ നിയമനത്തിനെതിരെ സുചിന്തിതമായ തന്റെ നിലപാടിലൂടെ പ്രതിഷേധിച്ചു കണ്ടത് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ്. അദ്ദേഹത്തെ അഭിനന്ദിക്കുന്നു. കേരളത്തിലെ ജനാധിപത്യബോധവും മതേതരവീക്ഷണവുമുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ ബാക്കിയുള്ള ഒരാളാണ് അദ്ദേഹമെന്ന് എനിക്ക് നേരത്തേയും തോന്നിയിട്ടുണ്ട്.
അശോകന്‍ ചരുവില്‍
14 07 2025