- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കൊച്ചി റേഞ്ച് റോവര്‍ അപകടത്തിന് ഇടയാക്കിയത് വ്യാജ യൂണിയനില്‍ പെട്ട അനധികൃത ജീവനക്കാരോ? സിഐടിയു പ്രവര്‍ത്തകര്‍ അല്ലെന്ന് സി കെ മണിശങ്കര്‍ വാദിക്കുമ്പോള്‍ മറുവാദവുമായി ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ നേതാവ് എന്‍ പി തോമസ്; കാര്‍ ഇറക്കുന്നതിന്റെ പേരിലെ നോക്കുകൂലിക്ക് എതിരായ മുന്‍ ഹൈക്കോടതി വിധിയും യൂണിയന്‍ എതിരെ; റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?
റോഷന്റെ മരണത്തില്‍ ഉത്തരവാദി ആര്?
കൊച്ചി: ലോറിയില്‍നിന്നും ഷോറൂമിലേക്ക് ആഡംബര കാര്‍ പുറത്തിറക്കുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ പാഞ്ഞുകയറി ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ വാഹനം ഇറക്കിയത് വ്യാജ യൂണിയനില്‍ പെട്ടവരോ എന്ന സംശയം ഉയരുന്നു. കാരണം ആരാണ് വാഹനം ഇറക്കിയതെന്ന കാര്യത്തില്‍ ഉത്തരവാദിത്വം ഏല്‍ക്കാന്‍ അംഗീകൃത യൂണിയനായ സിഐടിയു തയ്യാറല്ല. ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ എന്ന പേരില്‍ സിഐടിയുവിന് സംഘടന ഇല്ലെന്നും അപകടത്തിനിടയാക്കിയയാള്‍ സിഎ.ടി.യു പ്രവര്‍ത്തകന്‍ അല്ലെന്നും
ചുമട്ടുതൊഴിലാളി യൂണിയന്‍ (സിഐ.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കര്‍ വ്യക്തമാക്കിയിരിക്കുകയാണ്. എന്നാല്‍, സിഐടിയു കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഇതിന് വിരുദ്ധമായ കാര്യമാണ് പറയുന്നത്.
വാഹനങ്ങളില്‍ നിന്ന് കാറുകള്‍ കയറ്റിയിറക്കുന്ന തൊഴില്‍ കയറ്റിറക്ക് തൊഴിലാളികള്‍ ചെയ്യുന്നില്ലെന്നും, അത്തരമൊരു കീഴ്വഴക്കം എറണാകുളത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമാണ് സി.കെ. മണിശങ്കര്‍ പറയുന്നത്. എന്നാല്‍, സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത രജിസ്‌ട്രേഡ് യൂണിയനാണ് തങ്ങളുടേതെന്ന് സിഐടിയു കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഇടപ്പളളി മേഖല സെക്രട്ടറി എന്‍ പി തോമസ് അവകാശപ്പെട്ടു.
അപകടത്തില്‍പ്പെട്ട വാഹനം ഇറക്കിയത് ക്ഷേമനിധി ബോര്‍ഡിന്റെയോ തൊഴിലാളി യൂണിയന്റെയോ അറിവിലുള്ള തൊഴിലാളികളല്ലെങ്കില്‍, യഥാര്‍ത്ഥത്തില്‍ ആരാണ് ഈ വാഹനം ഇറക്കിയത് എന്ന ചോദ്യമാണ് ഉയരുന്നത്. ഈ ജോലിക്ക് ഇവരെ ആര് ചുമതലപ്പെടുത്തി എന്നും കണ്ടെത്തണം. കൂടാതെ, ഈ ജോലിയുടെ ഭാഗമായി ചിലര്‍ നോക്കുകൂലി കൈപ്പറ്റുണ്ടോ എന്ന കാര്യം അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
കാര്‍ ഇറക്കുന്നതിലെ നോക്കുകൂലിയില്‍ ഹൈക്കോടതി പറഞ്ഞത്
കാര്‍ കാരിയറുകളില്‍ നിന്ന് കാറുകള്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട നോക്കുകൂലി വിഷയത്തില്‍, സിഐടിയു യൂണിയനെ എതിര്‍കക്ഷിയാക്കി W.P(C).No.28160 of 2017 നമ്പര്‍ കേസില്‍ സിഐടിയു യൂണിയനെതിരെ 2017ല്‍ ഹൈക്കോടതി വിധി വന്നിരുന്നു. സിഐടിയു എറണാകുളം ജില്ലാ കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് സിഐടിയു കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഇടപ്പളളി മേഖല സെക്രട്ടറി എന്‍ പി തോമസ് എന്നിവര്ടക്കം അഞ്ചുയൂണിയന്‍ നേതാക്കള്‍ക്ക് എതിരെ ഷാ ട്രാന്‍സ്‌പോര്‍ട്ടിന്റെ റിയാസ് സി പി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി വന്നത്. തന്റെ ഷോറൂമുകളിലേക്കും യാര്‍ഡുകളിലേക്കും സ്വന്തം ഡ്രൈവര്‍മാരെ ഉപയോഗിച്ച് വാഹനം ഇറക്കുന്നതിന് സിഐടിയു എറണാകുളം ജില്ലാ കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ അഞ്ചുനേതാക്കള്‍ നോക്കുകൂലി വാങ്ങുന്നുവെന്നായിരുന്നു പരാതി.
രജിസ്റ്റര്‍ ചെയ്യപ്പെടാത്ത, ഇന്‍ഷുര്‍ ചെയ്യപ്പെടാത്ത വാഹനങ്ങള്‍ ഓടിക്കുന്ന പ്രൊഫഷണല്‍ ഡ്രൈവര്‍മാരാണ് തങ്ങള്‍ എന്നാണ് സിഐടിയു നേതാക്കള്‍ അവകാശപ്പെട്ടത്. എന്നാല്‍, ഇത്തരത്തില്‍ വാഹനം ഇറക്കുന്നത് അനധികൃതമെന്നാണ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്റെയും, ജസ്റ്റിസ് അശോക് മേനോന്റെയും ബഞ്ച് അവകാശപ്പെട്ടത്. താല്‍ക്കാലിക രജിസ്‌ട്രേഷനും, ഇന്‍ഷുറന്‍സുമില്ലാതെ ഒരു വാഹനവും റോഡില്‍ ഇറക്കരുതെന്ന് കോടതി പറഞ്ഞു. പരാതിക്കാരനായ ഷാ ട്രാന്‍സ്‌പോര്‍ട്ടിന്റെ റിയാസ് സി പി സ്വന്തം ഡ്രൈവര്‍മാരെ ഉപയോഗിച്ച് വാഹനം കാരിയറില്‍ നിന്ന് ഇറക്കുന്നത് തടയാന്‍ സിഐടിയു നേതാക്കള്‍ക്ക് നിയമപരമായ അവകാശമില്ലെന്നും പൊലീസ് നടപടി സ്വീകരിക്കണമെന്നും കോടതി വിധിയില്‍ പറഞ്ഞിരുന്നു.
വാഹനം ഇറക്കിയത് സിഐടിയു യൂണിയനില്‍ പെട്ട ആളോ? നോക്കുകൂലി?
റേഞ്ച് റോവര്‍ വോഗ് ലോറിയില്‍ നിന്ന് ഇറക്കാന്‍ നിയോഗിക്കപ്പെട്ടത് വ്യാജ യൂണിയനില്‍ പെട്ടവരെന്ന ആരോപണവും ഇതിനകം ഉയര്‍ന്നുകഴിഞ്ഞു. ഭീഷണിപ്പെടുത്താനോ മറ്റോ വേണ്ടിയായിരിക്കും ഡിസ്ട്രിക്ട്‌സ് കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ എന്ന സംഘടന സി.ഐ.ടിയുവിന്റെ പേര് ഉപയോഗിക്കുന്നത് എന്നാണ് ചുമട്ടുതൊഴിലാളി യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കര്‍ ആരോപിക്കുന്നത്.
സംഭവത്തിന്റെ ഉത്തരവാദികള്‍ സിഐടിയു ചുമട്ടുതൊഴിലാളികളാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ജില്ലാ ഹെഡ്‌ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) ജില്ലാ ജനറല്‍ സെക്രട്ടറി കെ.എം. അഷ്‌റഫും വ്യക്തമാക്കിയിരുന്നു
എന്നാല്‍, വാഹനം ഇറക്കാന്‍ എത്തിയത് 10 വര്‍ഷത്തിലധികം പരിചയമുള്ള ആളെന്നാണ് സിഐടിയു കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്റെ വിശദീകരണം. റോഷന്‍ ആന്റണി സേവ്യര്‍ എന്ന ഷോറൂം ജീവനക്കാരന്‍ മരിച്ച സംഭവത്തില്‍ പാലാരിവട്ടം പൊലീസ് വിശദമായ അന്വേഷണത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഡ്രൈവറുടെ പ്രവര്‍ത്തന പരിചയത്തിലടക്കം നിരവധി ചോദ്യങ്ങള്‍ ഉയരുന്നു. യൂണിയന്‍ തൊഴിലാളികളായ അന്‍ഷാദും അനീഷുമാണ് കാര്‍ ഇറക്കാന്‍ എത്തിയത്. ഇരുവരും മുമ്പ് അതേ യാര്‍ഡില്‍ അടക്കം കാറുകള്‍ ഇറക്കിയിട്ടുള്ളവരാണെന്നും, അപകടകാരണം അന്വേഷിക്കണമെന്നും സിഐടിയു കാര്‍ ഡ്രൈവേഴ്‌സ് യൂണിയന്‍ ഇടപ്പളളി മേഖല സെക്രട്ടറി എന്‍ പി തോമസ് ടെലിവിഷന്‍ ചാനലിനോട് പറഞ്ഞു.
' 13 വര്‍ഷമായി ഈ വണ്ടി ഇറക്കുന്ന അന്‍ഷാദ് എന്ന തൊഴിലാളിയാണ് ഈ അപകടം നടന്ന ദിവസവും വണ്ടി ഇറക്കാന്‍ പോയത്. ഹെഡ് ലോഡേഴ്‌സ് ആന്‍ഡ് അണ്‍ലോഡേഴ്‌സ് വര്‍ക്കേഴ്‌സ് യൂണിയന്റെ തൊഴിലാളികള്‍ അല്ല ഇതുചെയ്യുന്നത്. കാരണം ഞങ്ങള്‍ കഴിഞ്ഞ 30 വര്‍ഷമായിച്ച് ഈ വര്‍ക്ക് നടത്തിക്കൊണ്ടുപോകുന്നതാണ്. നമുക്ക് ജില്ലാ യൂണിയന്റെ അംഗീകാരമുണ്ട്, രജിസ്‌റ്റേഡ് യൂണിയനാണ്. സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ളതാണ്'.
അപകടം നടന്ന ദിവസം അന്‍ഷാദാണ് ലോറിയില്‍ നിന്ന് കാര്‍ ഇറക്കിയത്. അനീഷും റോഷനും വശങ്ങളില്‍ നിര്‍ദ്ദേശം നല്‍കാനായി നിന്നു.അതിനിടെയാണ് കാറിന്റെ നിയന്ത്രണം വിട്ടത്. റോഷന്റെ മേല്‍ കാര്‍ കയറിയിറങ്ങി. കാര്‍ വീണ്ടും പിന്നോട്ട് നീങ്ങി യാര്‍ഡിന് ചുറ്റുമുള്ള ഇരുമ്പുവേലിയിലും, റോഡിന് വശത്തെ വൈദ്യുതി പോസ്റ്റിലും ഇടിച്ചുനിന്നു. റോഷനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലനാരിഴയ്ക്ക് രക്ഷപ്പെട്ട അനീഷിന് നെറ്റിയിലും കൈയ്ക്കും പരിക്കേറ്റു. കാറിന്റെ പിന്‍വശം പൂര്‍ണമായി തകര്‍ന്നിരുന്നു. ടയറുകളും പൊട്ടിയിരുന്നു. 4 കോടി വിലമതിക്കുന്ന റേഞ്ച് റോവര്‍ വോഗാണ് തകര്‍ന്നത്.
ലോറിയില്‍ നിന്ന് കാര്‍ ഇറക്കുമ്പോള്‍ ഷിപ്പിങ് മോഡിലേക്ക് കാര്‍ മാറിയിരുന്നോ എന്നതിലടക്കം അന്വേഷണം ആവശ്യമാണ്. മോട്ടോര്‍ വാഹന വകുപ്പും പരിശോധന നടത്തും. ചികിത്സയില്‍ തുടരുന്നവരുടെ മൊഴിയെടുത്തിട്ടുണ്ട്. നേരത്തെ അന്‍ഷാദിന് എതിരെ മന: പൂര്‍വമല്ലാത്ത നരഹത്യടക്കം ചുമത്തി കേസെടുത്തിരുന്നു.
മാനുഷിക പിഴവോ യന്ത്രത്തകരാറോ?
മാനുഷിക പിഴവാണ് അപകടമുണ്ടാക്കിയതെന്നും വാഹനത്തിന് സാങ്കേതിക തകരാറില്ലെന്നും ആര്‍ടിഒ കെ.ആര്‍. സുരേഷിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമികാന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. അപകടകാരണം മാനുഷിക പിഴവോ യന്ത്രത്തകരാറോ എന്നതില്‍ പൊലീസും അന്വേഷണം നടത്തുന്നുണ്ട്. കാര്‍ ഇറക്കിയ അന്‍ഷാദിന് ആഡംബര കാര്‍ ഓടിക്കുന്നതില്‍ പരിചയക്കുറവ് ഉണ്ടായിരുന്നു. ഇയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ ചെയ്യുമെന്നും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ വി.ഐ. അസ്സിം അറിയിച്ചു.
കാര്‍ പുറകോട്ട് ഇറക്കിയപ്പോള്‍ വാഹനത്തിന്റെ റൈഡിങ് മോഡ് മാറ്റിയിരുന്നില്ല. ആക്സിലേറ്ററില്‍ കാലമര്‍ത്തിയപ്പോള്‍ വാഹനം നിയന്ത്രണത്തില്‍ നിന്നില്ല. ഇതോടെ പിന്നോട്ട് പാഞ്ഞുകയറി അപകടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.
ഉത്തരവാദികളെ കണ്ടെത്തണമെന്ന് ആം ആദ്മി പാര്‍ട്ടി
വാഹനം ഇറക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ റോഷന്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളുണ്ടെന്നും, ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു.
അപകടത്തില്‍പ്പെട്ട വാഹനം ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കീഴിലുള്ള തൊഴിലാളികളല്ല ഇറക്കിയതെന്ന പ്രസ്താവന പുറത്തുവന്ന സാഹചര്യത്തില്‍ റോഷന്റെ കുടുംബത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ആം ആദ്മി പാര്‍ട്ടി ചൂണ്ടിക്കാട്ടി.
അപകടത്തില്‍പ്പെട്ട കാര്‍ ആരാണ് കൈകാര്യം ചെയ്തതെന്നതിലെ ദുരൂഹത നീക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു. വാഹനങ്ങളില്‍ നിന്ന് കാറുകള്‍ കയറ്റിയിറക്കുന്ന തൊഴില്‍ കയറ്റിറക്ക് തൊഴിലാളികള്‍ ചെയ്യുന്നില്ലെന്നും, അത്തരമൊരു കീഴ്വഴക്കം എറണാകുളത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമുള്ള സി.കെ. മണിശങ്കറിന്റെ പ്രസ്താവന നിലനില്‍ക്കെ സിഐടിയു ന്റെ ലെറ്റര്‍പാഡ് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു.
അങ്ങനെയാണെങ്കില്‍ വ്യാജ യൂണിയന്‍ ഉണ്ടാക്കിയവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുകയും ക്രിമിനല്‍ കേസ് എടുക്കുകയും വേണം അതിന് സിഐടിയു നേതൃത്വം തന്നെ മുന്നോട്ടുവരണം. അപകടത്തില്‍പ്പെട്ട വാഹനം ഇറക്കിയത് ക്ഷേമനിധി ബോര്‍ഡിന്റെയോ തൊഴിലാളി യൂണിയന്റെയോ അറിവിലുള്ള തൊഴിലാളികളല്ലെങ്കില്‍, യഥാര്‍ത്ഥത്തില്‍ ആരാണ് ഈ വാഹനം ഇറക്കിയതെന്നും, അവരെ ഇതിനായി ആര് ചുമതലപ്പെടുത്തി എന്നും കണ്ടെത്തണം. കൂടാതെ, ഈ ജോലിയുടെ ഭാഗമായി ലഭിക്കുന്ന ഭീമമായ കൂലി ആരൊക്കെ പങ്കിട്ടുവെന്നും, അതില്‍ ഏതെങ്കിലും രാഷ്ട്രീയ കക്ഷികള്‍ക്കോ നേതാക്കള്‍ക്കോ പങ്കുണ്ടോയെന്നും വിശദമായി അന്വേഷിക്കണം.
ഈ വിഷയത്തിലെ ദുരൂഹതകള്‍ നീക്കുന്നതിനായി പോലീസ്, ട്രേഡ് യൂണിയന്‍ രജിസ്ട്രാര്‍, ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് എന്നിവര്‍ സംയുക്തമായി അടിയന്തര അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. റോഷന്റെ കുടുംബത്തിന് നീതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.