കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ പൊതിഞ്ഞു പിടിക്കുന്നതിന് കാരണം എന്താണ്? കേരള സമൂഹത്തില്‍ ഇതിനോടകം തന്നെ ഈ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തെ കൊള്ളരുതായ്മകള്‍ പുറത്തുവരുമെന്ന ഭയം കൊണ്ടാണ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ മെല്ലേപ്പോക്ക് നയിക്കുന്നതെന്നാണ് ഒരു വാദം. എന്നാല്‍, റിപ്പോര്‍ട്ട് പുറത്തുവരുന്നത് തടയാന്‍ ഒരു വിഭാഗം സംഘടിതമായി ശ്രമിക്കുന്നു എന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ്, നടി രഞ്ജിനി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഇതോടെ ഇന്ന് പുറത്തുവിടാനിരുന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തടഞ്ഞു വെക്കുകയും ചെയ്തു. എന്തിനാണ് ധൃതി എന്നാണ് മന്ത്രി സജി ചെറിയാനും ചോദിക്കുന്നത്.

അതേസമയം രഞ്ജിനി എന്തിനാണ് ഇതിവരെ മൗനം പാലിച്ചതിന് ശേഷം ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടു കൊണ്ട് രംഗത്തുവന്നതെ ദുരൂഹമായി തുടരുകയാണ്. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിശോധിക്കുന്നതിന് എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്ന് നടി രഞ്ജിനി ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് താന്‍ എതിരല്ലെന്നാണ് അവരുടെ വാദം. എന്നാല്‍, താന്‍ കൊടുത്ത മൊഴിയിലെ കാര്യങ്ങള്‍ അറിയാനുള്ള അവകാശം തനിക്കുണ്ടെന്നാണ് അവര്‍ വദിക്കുന്നത്.

റിപ്പോര്‍ട്ട് പുറത്തുവിടുന്നത് മാറ്റിവച്ചതിനു രഞ്ജിനി മുഖ്യമന്ത്രിക്ക് നന്ദിയും പ്രകടിപ്പിച്ചു. റിപ്പോര്‍ട്ട് പുറത്തു വിടാമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ രഞ്ജിനി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് നല്‍കിയ അപ്പീല്‍ തിങ്കളാഴ്ച പരിഗണിക്കും. മലയാള സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി. ഇത്ര വലിയ സംഭവങ്ങളുണ്ടാകുമ്പോള്‍ അത് പരിശോധിക്കാന്‍ ഒരു എന്റര്‍ടെയ്ന്‍മെന്റ് ട്രിബ്യൂണല്‍ വേണമെന്ന് രഞ്ജിനി ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ നികുതിദായകരുടെ പണം കൂടിയാണ് നഷ്ടപ്പെടുന്നതെന്നും അവര്‍ പറഞ്ഞു. ഹേമ കമ്മിറ്റിക്ക് നല്‍കിയ മൊഴിയില്‍ എന്താണ് പുറത്തു വിടുന്നത് എന്ന് അറിയാന്‍ തനിക്ക് നിയമപരമായ അവകാശമുണ്ട്. ഇക്കാര്യം വനിതാ കമ്മിഷന്‍ ഉറപ്പാക്കുമെന്നാണ് കരുതിയത്. അവര്‍ക്ക് കോടതിയില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ആവശ്യപ്പെടാമായിരുന്നു. എന്നാല്‍ അത് ചെയ്യുന്നതില്‍ വനിതാ കമ്മിഷന്‍ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് താന്‍ കോടതിയെ സമീപിച്ചതെന്നും രഞ്ജിനി പറഞ്ഞു.

"ഞാന്‍ മൊഴി കൊടുത്തിട്ടുണ്ട്. അപ്പോള്‍ അതിന്റെ പകര്‍പ്പ് കിട്ടുക എന്നത് നിയമപരമായ അവകാശമാണ്. മൊഴി കൊടുത്ത എല്ലാവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൊടുക്കണം. റിപ്പോര്‍ട്ട് പുറത്തുവരുന്നത് ഞാന്‍ തടസപ്പെടുത്തുന്നില്ല. അതു പുറത്തു വരണമെന്നാണ് ഞാനും ആവശ്യപ്പെടുന്നത്. എന്നാല്‍ അതില്‍ എന്താണ് പുറത്തുവിടുന്നത് എന്നത് അറിയണം" രഞ്ജിനി പറഞ്ഞു.

"നമ്മള്‍ കൊടുത്ത മൊഴിയില്‍ എന്താണ് പുറത്തുവിടുന്നതെന്ന് ഇത്ര വര്‍ഷമായിട്ടും അറിയിച്ചിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നിട്ട് ചിലര്‍ക്കെങ്കിലും പ്രശ്‌നമുണ്ടായാല്‍ ആര് ഉത്തരവാദിത്തമേറ്റെടുക്കും? ഒരുപാട് മനുഷ്യരുടെ അനുഭവങ്ങളാണ് ആ റിപ്പോര്‍ട്ടിലുള്ളത്. അത് അത്രത്തോളം സെന്‍സിറ്റീവാണ്. അതുകൊണ്ടു തന്നെ വനിത കമ്മിഷനായിരുന്നു റിപ്പോര്‍ട്ട് ആവശ്യപ്പെടേണ്ടിയിരുന്നത്. ആ സാഹചര്യത്തില്‍ നിവൃത്തിയില്ലാതെയാണ് കോടതിയെ സമീപിച്ചത്. കമ്മിറ്റിയെ കണ്ടപ്പോള്‍ അവര്‍ ചോദ്യാവലി പൂരിപ്പിച്ചു നല്‍കിയിരുന്നു. പറയുന്ന കാര്യങ്ങള്‍ രഹസ്യമായിരിക്കുമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇപ്പോള്‍ അക്കാര്യങ്ങള്‍ പുറത്തുവിടുമെന്ന് പറയുമ്പോള്‍ അതില്‍ എന്താണുള്ളത് എന്നത് അറിയേണ്ടതുണ്ട്" രഞ്ജിനി പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്തുവിടുന്നതുകൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് നടനും കൊല്ലം എം എല്‍ എയുമായ മുകേഷ് പ്രതികരിച്ചു. ഹേമ കമ്മിറ്റിയോട് താന്‍ നാല് മണിക്കൂറോളം സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ മാത്രമല്ല, എല്ലാ മേഖലയിലെയും സ്ത്രീകള്‍ സുരക്ഷിതരായിരിക്കണമെന്നും മുകേഷ് പറഞ്ഞു. അതേസമയം മലയാളം സിനിമയിലെ പ്രമുഖര്‍ക്കെതിരെയുള്ള മൊഴികള്‍ റിപ്പോര്‍ട്ടിലുണ്ടെന്ന് സൂചന. കണ്ടെത്തലുകളും നിര്‍ദേശങ്ങളും അടങ്ങുന്ന പ്രധാന ഭാഗത്ത് പ്രശ്നമില്ലെങ്കിലും അനുബന്ധ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന വിവരങ്ങളുണ്ടെന്നാണ് സൂചന.